ആപ്പിള്‍ കമ്പനിയില്‍ 138 കോടിയുടെ തട്ടിപ്പ്; ഇന്ത്യന്‍ ജീവനക്കാരനെ പിരിച്ച് വിട്ടു, മൂന്ന് വര്‍ഷം തടവ്
ആപ്പിള്‍ കമ്പനിയില്‍ 138 കോടിയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനായ ജീവനക്കാരന് മൂന്ന് വര്‍ഷം തടവ്. ധീരേന്ദ്ര പ്രസാദ് എന്ന ജീവനക്കാരനാണ് കമ്പനിയില്‍ നിന്ന് ഇത്രയധികം തുക തട്ടിയെടുത്തത്. പകരമായി 155 കോടി തിരിച്ച് നല്‍കാനാണ് കമ്പനി ഇയാളോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2008 മുതല്‍ 2018 വരെ ആപ്പിളിന്റെ ആഗോള സേവന വിതരണ ശൃഖലയില്‍ പ്രവര്‍ത്തിച്ചയാളാണ് പ്രസാദ്. കഴിഞ്ഞ വര്‍ഷം നവംബറില്‍ തട്ടിപ്പ് നടത്തിയെന്ന് പ്രസാദ് സമ്മതിച്ചിരുന്നു.
ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ പാര്‍ട്‌സ് മോഷ്ടിച്ചും ബില്ലുകളില്‍ കൃത്രിമം കാണിച്ചുമാണ് പ്രസാദ് തട്ടിപ്പ് നടത്തിക്കൊണ്ടിരുന്നത്. ഡെലിവറി ചെയ്യാത്ത സാധനങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് തന്നെ പണം ഈടാക്കുകയും ചെയ്തിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റ് രണ്ട് കമ്പനികളുടെ ഉടമകളുമായി ഗൂഢാലോചന നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കമ്പനിയില്‍ ചെയ്താല്‍ അത് കണ്ടെത്താനുള്ള മാര്‍ഗ്ഗത്തെപ്പറ്റിയും പ്രസാദിന് അറിയാമായിരുന്നു. ആ വിവരങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഏകദേശം 17 മില്യണ്‍ ഡോളറാണ് ഇത് വഴി തട്ടിയെടുത്തത്. ഈ പണത്തിനാകട്ടെ നികുതിയും അടച്ചിരുന്നില്ല.
വിതരണവുമായി ബന്ധപ്പെട്ട് സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള അധികാരം പ്രസാദിനുണ്ടായിരുന്നു. ഇത് മുതലെടുത്താണ് തട്ടിപ്പ് മുഴുവനും നടത്തിയത്. ശമ്പളത്തിന് പുറമേ ബോണസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും പ്രസാദിനുണ്ടായിരുന്നു. കമ്പനിയുടെ പല നിര്‍ണായക തീരുമാനങ്ങളിലും പങ്കാളിയായിട്ടുള്ള വ്യക്തി കൂടിയാണ് ഇയാള്‍. പിടിക്കപ്പെടാതിരിക്കാന്‍ പല ശ്രമങ്ങളും അയാള്‍ നടത്തിയിരുന്നു. ഇപ്പോള്‍ മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് പ്രസാദിന് നല്‍കിയിരിക്കുന്നത്. അതിന് പുറമേ കമ്പനിയെ കബളിപ്പിച്ചുണ്ടാക്കിയ പണം മുഴുവനും തിരിച്ചു നല്‍കുകയും വേണം. നികുതിയടക്കാത്ത പണം കൂടി ഇയാളില്‍ നിന്ന് ഈടാക്കും. ജയില്‍ മോചിതനായതിന് ശേഷം മൂന്ന് വര്‍ഷം കൂടി ഇയാളെ നിരീക്ഷിക്കാനും ഉത്തരവുണ്ട്.