'ഇരുണ്ട മുറിയിൽ ചാട്ടവാറടികളുടെ മുഴങ്ങുന്ന ശബ്ദം മാത്രം'; ഇറാനിൽ ഹിജാബ് ധരിക്കാത്തതിൽ അനുഭവിച്ച ക്രൂരത വിവരിച്ച് റോയ
''സിമന്റ് ഭിത്തികളുള്ള ഇരുണ്ട മുറി, ഇരുമ്പ് ചങ്ങലകള്‍, ചെറിയ കിടക്ക...മധ്യകാലത്തെ പീഡനമുറികള്‍ക്ക് സമാനമായ അന്തരീക്ഷം. ചാട്ടവാറടികളുടെ മുഴങ്ങുന്ന ശബ്ദങ്ങള്‍ മാത്രം,'' മനുഷ്യത്വരഹിതമായ ഈ ചുറ്റുപാടില്‍ 74 ചാട്ടവാറടികളേറ്റുവാങ്ങിയ ഇറാനിയന്‍ വനിതയായ റോയ ഹേഷ്മതി ഓർത്തെടുത്തു. ഹിജാബ് ധരിക്കണമെന്ന ഇറാനിലെ കർശന നിയമം ലംഘിച്ചായിരുന്നു ശിക്ഷ റോയ ഏറ്റുവാങ്ങിയത്.
ഇറാന്‍ ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം നിർബന്ധിത ഹിജാബിനെ എതിർക്കുന്ന റോയ ഹിജാബ് ധരിക്കാതെ കോടതി മുറിയിലേക്ക് പ്രവേശിക്കുകയായിരുന്നു. ചാട്ടാവാറടി ലഭിക്കുമെന്ന് ഉറപ്പുണ്ടായിട്ടും ധൈര്യപൂർവം റോയ കോടതിയിലേക്ക് കടന്നുചെന്നു. ഹിജാബ് ധരിച്ചില്ലെങ്കില്‍ പുതിയ കേസെടുക്കുമെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു റോയയും നടപടി.
ഇറാനിലെ നിർബന്ധിത വസ്ത്രധാരണത്തെ എതിർക്കുന്നവർ എത്രത്തോളം മനുഷത്വരഹിതമായ ശിക്ഷയേറ്റുവാങ്ങേണ്ടി വരുമെന്നതിന്റെ തെളിവുകൂടിയാണ് ഈ സംഭവം
റോയ്ക്കെതിരായ നടപടിക്ക് പിന്നാലെ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്ന് ഇറാനെതിരെ ശക്തമായ വിമർശനം ഉയരുന്നുണ്ട്. സാധാരണക്കാരുടെ അവകാശങ്ങള്‍ സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഇത്തരം ശിക്ഷാനടപടികള്‍ ശക്തമായി അപലപിക്കുന്നതായാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണം.
ഇറാനിലെ നിർബന്ധിത വസ്ത്രധാരണത്തെ എതിർക്കുന്നവർ എത്രത്തോളം മനുഷത്വരഹിതമായ ശിക്ഷയേറ്റുവാങ്ങേണ്ടി വരുമെന്നതിന്റെ തെളിവുകൂടിയായിരുന്നു പുതിയ സംഭവം. ഇത്തരം ശിക്ഷാനടപടികള്‍ സ്വീകരിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇറാന്‍.
ഹിജാബ് ധരിക്കാത്ത ചിത്രം സമൂഹ മാധ്യമത്തില്‍ പോസ്റ്റുചെയ്ത മറ്റൊരു സ്ത്രീക്കെതിരെയും കടത്ത നടപടി ഇറാന്‍ അടുത്തിടെ സ്വീകരിച്ചിരുന്നു. സെയ്‌നാബ് ഖോനിയാബ്‌പൂരെന്ന സ്ത്രീക്ക് രണ്ട് വർഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അവാസ് പ്രവശ്യയിലെ ബെഹ്ബഹാന്‍ സ്വദേശിയാണ് സെയ്നാബ്.