യുഎസ് ആകാശത്ത് ചൈനയുടെ 'ചാര' ബലൂണ്‍: ബ്ലിങ്കൺ ചൈനീസ് സന്ദര്‍ശനം മാറ്റി, ലാറ്റിനമേരിക്കയിലും ബലൂണ്‍

യുഎസ് ആകാശത്ത് ചൈനയുടെ 'ചാര' ബലൂണ്‍: ബ്ലിങ്കൺ ചൈനീസ് സന്ദര്‍ശനം മാറ്റി, ലാറ്റിനമേരിക്കയിലും ബലൂണ്‍

കണ്ടെത്തിയത് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണെന്നും ശക്തമായ കാറ്റില്‍ ലക്ഷ്യം തെറ്റിയതാകാമെന്നും ചൈന
Published on

യുഎസ് ആകാശത്ത് ചൈനയുടെ ബലൂണ്‍ കണ്ടെത്തിയതിനെ തുടർന്നുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ ചൈനാ യാത്ര മാറ്റി. കണ്ടെത്തിയത് ചാര ബലൂണാണെന്നാണ് അമേരിക്കന്‍ പ്രതിരോധമന്ത്രാലയം വിലയിരുത്തുന്നത്. എന്നാല്‍ ചൈന ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. കണ്ടെത്തിയത് കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമാണെന്നും ശക്തമായ കാറ്റില്‍ ലക്ഷ്യം തെറ്റിയതാകാമെന്നുമാണ് ചൈനയുടെ വിശദീകരണം. അതിനിടെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും ചൈനീസ് ബലൂണ്‍ കണ്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നു.

നേരത്തേ തന്നെ കലുഷിതമായിരുന്ന യുഎസ്-ചൈന ബന്ധം ഇതോടെ കൂടുതല്‍ സങ്കീർണമാകും

ആന്റണി ബ്ലിങ്കൺ വാഷിങ്ടണില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെടാൻ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ചൈനീസ് ബലൂൺ കണ്ടെത്തിയത്. പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരമാണ് യാത്ര മാറ്റി വെയ്ക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകള്‍. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ബൈഡൻ കഴിഞ്ഞ വർഷം നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് ബ്ലിങ്കന്റെ ചൈനീസ് സന്ദർശനം തീരുമാനിച്ചിരുന്നത്. ബലൂൺ വെടിവച്ചിടുന്നത് ഉൾപ്പെടെയുള്ള സാധ്യതകൾ യുഎസ് പരിഗണിച്ചെങ്കിലും, ജനങ്ങളുടെ ജീവന് ഭീഷണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് ഉപേക്ഷിച്ചു. നേരത്തെ മുതല്‍ തന്നെ കലുഷിതമായിരുന്ന യുഎസ്-ചൈന ബന്ധം ഇതോടെ കൂടുതല്‍ സങ്കീർണമാകുമെന്നാണ് വിലയിരുത്തലുകള്‍.

ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചത്

ചൈനയുടെ ചാര ബലൂണാണെന്ന കാര്യത്തില്‍ സംശയമില്ലെന്നും ആണവ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളും വ്യോമസേനാ ആസ്ഥാനങ്ങളും ഉള്‍പ്പെടുന്ന സുപ്രധാന മേഖലയ്ക്ക് മുകളിലൂടെയായിരുന്നു ബലൂണ്‍ സഞ്ചരിച്ചതെന്നും അമേരിക്കയുടെ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബലൂണ്‍ വഴിയുള്ള വിവരശേഖരണമായിരിക്കണം ചൈനയുടെ ലക്ഷ്യമെന്നും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നു. രാജ്യത്തെ മൂന്ന് ആണവമിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്ട്രോം വ്യോമസേനാ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മൊണ്ടാനയിലാണ് ബലൂണ്‍ ആദ്യമായി ദൃശ്യമായതെന്നത് സംശയത്തെ ഊട്ടിയുറപ്പിക്കുന്നുവെന്നാണ് പ്രതിരോധ ഉദ്യോഗസ്ഥരുടെ നിരീക്ഷണം.

ഒരു രാജ്യത്തിന്റെയും വ്യോമ മേഖലയിലോ ഭൂവിഭാഗത്തിലോ കടന്നുകയറി നിയമം ലംഘിക്കാൻ താൽപര്യമില്ല

മാവോ നിങ്, ചൈനീസ് പ്രതിരോധ വക്താവ്

സംഭവത്തെക്കുറിച്ച് സർക്കാർ അന്വേഷണം ആരംഭിച്ചതായി ചൈന അറിയിച്ചിട്ടുണ്ട്. രാജ്യാന്തര നിയമങ്ങൾ കൃത്യമായി പാലിക്കുന്ന ഉത്തരവാദിത്തമുള്ള രാജ്യമാണ് ചൈനയെന്നും ഒരു രാജ്യത്തിന്റെയും വ്യോമ മേഖലയിലോ ഭൂവിഭാഗത്തിലോ കടന്നുകയറി നിയമം ലംഘിക്കാൻ താൽപര്യമില്ലെന്നും ചൈനീസ് പ്രതിരോധ വക്താവ് മാവോ നിങ് അറിയിച്ചു. വ്യാഴാഴ്ചയാണ് ബൈഡന്‍ ഭരണകൂടം ബലൂണിനെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം നടത്തുന്നത്. ഏകദേശം 40,000 അടി ഉയരത്തിലാണ് (12,000 മീറ്റര്‍) മൊണ്ടാനയ്ക്ക് മീതെ ബലൂൺ കണ്ടെത്തിയത്.

ചൈനീസ് ബലൂണ്‍
ചൈനീസ് ബലൂണ്‍

ബലൂണ്‍ ദൃശ്യമായതിന് പിന്നാലെ സൈനിക നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും ഉന്നത സൈനിക ഉദ്യോഗസ്ഥരും ബലൂണ്‍ വെടിവെച്ച് വീഴ്ത്തുന്ന കാര്യം പരിഗണിച്ചിരുന്നതായും ഇതിനായി ഫൈറ്റര്‍ ജെറ്റുകള്‍ തയ്യാറാക്കിയതായും പ്രതിരോധ മേഖലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യാഴാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ബലൂണിന്റെ അവശിഷ്ടങ്ങള്‍ താഴേക്ക് പതിക്കുന്നത് ജനങ്ങളുടെ ജീവന് ഭീഷണിയാകുമെന്നതിനാല്‍ ഈ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. നിലവില്‍ ബലൂണില്‍ നിന്ന് അടിയന്തര ഭീഷണിയില്ലാത്തതിനാല്‍ അതിനെ നിരീക്ഷിക്കുക മാത്രമാണ് യുഎസ് ചെയ്യുന്നത്.

അതിനിടെ ലാറ്റിന്‍ അമേരിക്കന്‍ ഭാഗത്തും ചൈനീസ് ബലൂണ്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമാണ് വിവരം പുറത്തുവിട്ടത്. ഏത് ഭാഗത്താണ് ബലൂണ്‍ കണ്ടെത്തിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in