ഇടത്തേക്ക് ചാഞ്ഞ് ശ്രീലങ്ക; അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

ഇടത്തേക്ക് ചാഞ്ഞ് ശ്രീലങ്ക; അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്

42.31 ശതമാനം വോട്ടാണ് ദിസനായകെ നേടിയത്
Updated on
1 min read

ശ്രീലങ്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച് നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുര കുമാര ദിസനായകെ. ഇന്ന് രണ്ടു ഘട്ടമായി നടന്ന വോട്ടെണ്ണലിനൊടുവില്‍ ഒരു സ്ഥാനാര്‍ഥിക്കും 50 ശതമാനം വോട്ട് ലഭിക്കാതെ പോയ പശ്ചാത്തലത്തില്‍ ഏറ്റവും കൂടുതല്‍ ശതമാനം വോട്ട് നേടിയ ദിസനായകെയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

42.31 ശതമാനം വോട്ടാണ് ദിസനായകെ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ നിലവിലെ പ്രതിപക്ഷ നേതാവും സാമാജി ജന ബലവെഗാ പാര്‍ട്ടി നേതാവുമായ സജിത്ത് പ്രേമദാസയ്ക്ക് 41.21 ശതമാനം വോട്ട് മാത്രമാണ് നേടനായത്. നിലവിലെ പ്രസിഡന്റും യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി നേതാവുമായ റനില്‍ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ഇടത്തേക്ക് ചാഞ്ഞ് ശ്രീലങ്ക; അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്
ശ്രീലങ്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യം; ആദ്യ റൗണ്ടിൽ ആർക്കും വിജയമില്ല, വോട്ടെണ്ണൽ രണ്ടാം ഘട്ടത്തിലേക്ക്

ആദ്യഘട്ട വോട്ടെണ്ണലില്‍ ആര്‍ക്കും 50 ശതമാനം വോട്ട് നേടാന്‍ സാധിക്കാതെ പോയതോടെയാണ് 1981-ലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ ആക്ട് പ്രകാരം രണ്ടാം ഘട്ട വോട്ടെണ്ണല്‍ നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ രണ്ടാം ഘട്ടത്തിലും ആര്‍ക്കും ആ കടമ്പ മറികടക്കാനായില്ല. ഇതോടെ പ്രസിഡന്‍ഷ്യല്‍ ആക്ട് പ്രകാരം ഏറ്റവും കൂടുതല്‍ വോട്ട് നേടിയ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.

ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടാം ഘട്ടത്തിലേക്ക് നീങ്ങിയത്. ആദ്യഘട്ട വോട്ടെണ്ണലിലും ദിസനായകെയാണ് ലീഡ് ചെയ്തത്. 5,634,915 വോട്ട് നേടി 42.30 വോട്ട് ശതമാനത്തോടെയാണ് ദിസനായകെ ആദ്യ റൗണ്ടില്‍ ഒന്നാമതെത്തിയത്. സജിത്ത് പ്രേമദാസ 32.76 ശതമാനം വോട്ടുനേടിയിരുന്നു.

നാഷണൽ പീപ്പിൾസ് പവർ സഖ്യത്തിലെ പ്രധാന പാർട്ടി ജനത വിമുക്തി പെരുമന നേതാവാണ് അനുര കുമാര ദിസനായകെ. ചൈനയുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ദിസനായകയുമായി ഇന്ത്യ അടുത്തിടെ സൗഹൃദം സ്ഥാപിച്ചതും ഈ മുന്നേറ്റം മനസ്സിൽ വച്ചുകൊണ്ടാകണം. അത്രയ്ക്ക് സാധ്യതയാണ് ദിസനായകെയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രവചിക്കപ്പെട്ടിരുന്നത്.

ഇടത്തേക്ക് ചാഞ്ഞ് ശ്രീലങ്ക; അനുര കുമാര ദിസനായകെ പുതിയ പ്രസിഡന്റ്
ശ്രീലങ്കയ്ക്ക് ഒരു 'മാർക്സിസ്റ്റ് ' പ്രസിഡന്റുണ്ടാവുമോ? നിർണായക തിരഞ്ഞെടുപ്പ് നാളെ

അഴിമതി തുടച്ചുനീക്കി, പഴയ രാഷ്ട്രീയ സംസ്‌കാരങ്ങളെ ഇല്ലാതാക്കുമെന്ന പ്രഖ്യാപനവുമായാണ് ദിസനായകെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. ഒരിക്കൽ പോലും ശ്രീലങ്കൻ ഭരണത്തിന്റെ ഭാഗമാകാത്ത പാർട്ടിയാണ് ജനതാ വിമുക്തി പെരുമന (ജെവിപി). മാർക്‌സിസമാണ് തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്ന് പറയുന്ന ജെവിപി രണ്ടുതവണയാണ് ലങ്കയിൽ ഭരണകൂടത്തിനെതിരെ കലാപങ്ങൾക്ക് നേതൃത്വം നൽകിയത്.

മഹീന്ദ രജപക്‌സെയുടെ കുടുംബവാഴ്ചയ്ക്ക് അറുതിവരുത്തിയ അരഗളായ മുന്നേറ്റത്തിന്റെ നേതൃത്വം ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയും അവകാശപ്പെടുന്നില്ലെങ്കിലും, പൊതു പണിമുടക്കുകൾ സംഘടിപ്പിച്ചും ദിവസേന പ്രതിഷേധങ്ങൾ നടത്തി ജെവിപി സജീവ പങ്ക് വഹിച്ചിരുന്നു. അതിലൂടെ ലങ്കയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വമാണ് ദിസനായകയുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയത്.

logo
The Fourth
www.thefourthnews.in