ശ്രീലങ്കയില്‍ ഇടതുഭരണം, ദക്ഷിണേഷ്യന്‍ ഭൗമരാഷ്ടീയം; ദിസനായകെയും ഇന്ത്യയും
രാഷ്ട്രീയ അനിശ്ചിതാവസ്ഥയും സാമ്പത്തിക പ്രതിസന്ധിയും തകര്‍ത്ത ശ്രീലങ്കയുടെ പത്താമത് പ്രസിഡന്റായി അനുര കുമാര ദിസനായകെ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ചരിത്രത്തില്‍ ആദ്യമായി ഒരു ഇടത് ഭരണകൂടം ശ്രീലങ്കയെ നയിക്കാനെത്തുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തന്നെ രാഷ്ട്രീയത്തില്‍ സുപ്രധാനമായ ചലനങ്ങള്‍ സൃഷ്ടിച്ചേക്കും. ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റുക എന്നത് തന്നെയായിരിക്കും ദിസനായകെ നേരിടുന്ന പ്രധാന പ്രതിസന്ധി. ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്നാണ് ശ്രീലങ്ക - ചൈന ബന്ധം. മുന്‍ ശ്രീലങ്കന്‍ ഭരണാധികാരികള്‍ തുടര്‍ന്നു വന്ന ശക്തമായ ഇന്ത്യ ബന്ധം ദിസനായകെ തുടരുമോ എന്നതാണ് ഇതില്‍ പ്രധാനം.
ഇന്ത്യന്‍ പ്രതികരണം
ശ്രീലങ്കയിലെ രാഷ്ട്രീയമാറ്റത്തിന്റെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നു എന്നതാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെ ഉണ്ടായ പ്രതികരണങ്ങള്‍ തെളിയിക്കുന്നത്. നിയുക്ത പ്രസിഡന്റിന് ആദ്യം ആശംസയറിയിച്ചത് ഇന്ത്യന്‍ ഹൈക്കമീഷണര്‍ സന്തോഷ് ഝാ ആയിരുന്നു. ഇന്ത്യയുടെ സാംസ്‌കാരിക പാതി എന്ന പരാമര്‍ശത്തോടെയായിരുന്നു ഝായുടെ ആശംസ.
തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതികരണം എത്തി. ശ്രീലങ്കയുമായുള്ള സഹകരണം തുടരാന്‍ ആഗ്രഹിക്കുന്നു എന്ന് തുറന്നു പറയുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സന്ദേശത്തിലൂടെ. അയല്‍രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ നയങ്ങളില്‍ ശ്രീലങ്കയ്ക്ക് ആദ്യ സ്ഥാനമുണ്ട്. മേഖലയിലെ ജനങ്ങളുടെ പ്രയോജനത്തിനായി സഹകരണം പ്രധാനമാണെന്നും അദ്ദേഹം ട്വീറ്റില്‍ ചൂണ്ടിക്കാട്ടുന്നു.
ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ദിസനാകയെയുടെ നിലപാടുകള്‍ ചൈനീസ് അനുകൂലമാണ്. മാര്‍ക്സ്സിറ്റ് പ്രത്യയ ശാസ്ത്രവാദി എന്ന നിലയിലും ഈ നിലപാട് സ്വാഭാവികമാണ്. ഇതിന് പുറമെ രജപക്‌സേ കാലം മുതല്‍ ശ്രീലങ്ക ചൈനീസ് ചായ്വ് കൂടുതല്‍ പ്രകടിപ്പിച്ച് വരുകയും ചെയ്തിരുന്നു. കൊളംബോ പോര്‍ട്ട് സിറ്റി, ഹന്‍ബാന്‍തോട പോര്‍ട്ട്, ഉള്‍പ്പെടെയുള്ള വിവാദ പദ്ധതികളും, സാമ്പത്തിക സഹായങ്ങളും ഇതിന്റെ ബാക്കിപത്രങ്ങളാണ്.
ദിസനായകെയും ഇന്ത്യയും
ചൈന അനുകൂല നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയമാണ് ദിസനായകയുടെ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പവര്‍ (എന്‍പിപി). എന്നാല്‍ ഭൗമ രാഷ്ട്രീയ മത്സരങ്ങളുടെ ഭാഗമാകാന്‍ പുതിയ സര്‍ക്കാര്‍ തയ്യാറല്ലെന്ന സൂചനയാണ് കഴിഞ്ഞ ദിവസങ്ങളിലെ പ്രതികരണങ്ങള്‍ നല്‍കുന്നത്.
ശ്രീലങ്കന്‍ മണ്ണ് ഒരു രാജ്യത്തിനും ഭീഷണിയാകുന്ന നിലയില്‍ ഉപയോഗിക്കില്ലെന്നാണ് എന്‍ പി പി വക്താവ് ബിമല്‍ രത്‌നായകെ നടത്തിയ പ്രതികരണം. ദക്ഷിണേഷ്യയുടെ ഭൗമ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് ശ്രീലങ്കയ്ക്ക് വ്യക്തമായ ധാരണയുണ്ട്, ശ്രീലങ്ക ഇതിന്റെ ഭാഗവാക്കാക്കില്ലെന്നും അദ്ദേഹം പറയുന്നു.
എന്‍പിപി ദേശീയ സമിതി അംഗം അനില്‍ ജയത്‌നയും സമാനമായ പ്രതികരണമാണ് നടത്തുന്നത്. ഇന്ത്യ ലോകരാഷ്ട്രങ്ങളില്‍ തന്നെ ശക്തരായ തങ്ങളുടെ അയല്‍രാജ്യമാണ്. തങ്ങളുടെ സര്‍ക്കാര്‍ എല്ലാ ലോക ശക്തികളുമായും മികച്ച ബന്ധം ആഗ്രഹിക്കുന്നു. ശ്രീലങ്കയുടെ സാമ്പത്തിക രംഗം അത് ആഗ്രഹിക്കുന്നു, എന്നും വ്യക്തമാക്കുന്നു.
ഭൗമ രാഷ്ട്രീയത്തിലെ ശ്രീലങ്ക
ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ശ്രീലങ്കയുടെ സ്ഥാനം തന്നെയാണ് മേഖലയില്‍ ഈ ദ്വീപ് രാഷ്ട്രത്തിന്റെ പ്രാധാന്യം നിശ്ചയിക്കുന്നത്. ഇന്തോ - പസഫിക് ദക്ഷേണേഷ്യന്‍ മേഖയില്‍ ചൈന സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന സാഹചര്യവും ഇതിനോട് ചേര്‍ന്ന് വായിക്കേണ്ടതാണ്.
ഇന്ത്യയും ചൈനയും
ശ്രീലങ്കയില്‍ സ്വാധീനം ഉറപ്പിക്കാന്‍ ഇന്ത്യയും ചൈനയും കാലങ്ങളായി ശ്രമിച്ചുവരുന്നുണ്ട്. ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും ഇരു രാജ്യങ്ങളും സജീവമായി രംഗത്തുണ്ടായിരുന്നു. 2006- 2022 കാലഘട്ടത്തില്‍ ആയിരം കോടി ഡോളറിലധികമാണ് ഗ്രാന്റായും വായ്പയായും അനുവദിച്ചത്. അടിസ്ഥാനസൗകര്യ വികസനത്തിനായിരുന്നു പണം നല്‍കിയത്. ഇതേകാലയളവില്‍ നൂറ് കോടിയിലധികം ഡോളര്‍ യുഎസ് സഹായവും ശ്രീലങ്കയ്ക്ക് ലഭിച്ചിരുന്നു.
അഭൂതപൂര്‍വമായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ലങ്കയെ സഹായിച്ചതില്‍ ഇന്ത്യയുടെ പങ്കും പ്രധാനമായിരുന്നു. നാന്നൂറ് കോടി ഡോളര്‍ മൂല്യമുള്ള സഹായമാണ് ഈ വര്‍ഷം ആദ്യം വരെ ഇന്ത്യ ശ്രീലങ്കയ്ക്ക് നീക്കിവച്ചത്. ഇന്ത്യന്‍ ഇടപെടലുകളാണ് ബംഗ്ലാദേശിന് സമാനമായ പ്രസിന്ധിയിലേക്ക് എത്താതെ ശ്രീലങ്കയില്‍ സംരക്ഷിച്ചത് എന്നും വിലയിരുത്തലുകളുണ്ട്.
ശ്രീലങ്കയിലെ ചൈനീസ് സ്വാധീനം കരുതലോടെയാണ് ഇന്ത്യ വീക്ഷിക്കുന്നത്. ഹമ്പന്‍ടോട്ട തുറമുഖ പദ്ധയുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. ചൈനയ്ക്ക് പാട്ടത്തിന് നല്‍കിയ തുറമുഖം സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്ന ആശങ്കയാണ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഇതില്‍ അടിസ്ഥാനമില്ലെന്നാണ് ശ്രീലങ്കന്‍ നിലപാട്.
ഇന്ത്യ-ശ്രീലങ്കന്‍ ബന്ധം
ശ്രീലങ്കയുമായുള്ള ബന്ധം സജീവമായി നിലനിര്‍ത്തുക എന്നതാണ് ചൈനീസ് സ്വാധീനത്തിന് മറുപടിയായി ഇന്ത്യ ചെയ്യുന്നത്. കൊളംബോ വെസ്റ്റ് ഇന്റര്‍നാഷണല്‍ ടെര്‍മിനലിന്റെ വിപുലീകരണത്തിന് യുഎസ് ഫണ്ടിംഗിന്റെ പിന്തുണയുള്ള അദാനി ഗ്രൂപ്പ് നേതൃത്വം നല്‍കുന്നതുള്‍പ്പെടെ ഇതില്‍ ഉള്‍പ്പെടുന്നു. ദക്ഷിണേഷ്യയിലെ ഒരു പ്രധാന ഷിപ്പിംഗ് ഹബ്ബ് എന്ന നിലയില്‍ ശ്രീലങ്കയുടെ ശേഷി വര്‍ധിപ്പിക്കുക, ചൈനയുടെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മറുപടിയായി പ്രവര്‍ത്തിക്കുക എന്നിവയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്നും നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.