അൻവർ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി

അൻവർ ഇബ്രാഹിം മലേഷ്യന്‍ പ്രധാനമന്ത്രി

തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിൽ രാജാവാണ് പുതിയ പ്രധാനമന്ത്രിയെ നിര്‍ദേശിച്ചത്
Updated on
1 min read

അൻവർ ഇബ്രാഹിം മലേഷ്യയുടെ പത്താമത് പ്രധാനമന്ത്രി. മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ അബ്ദുള്ള സുല്‍ത്താന്‍ അഹമ്മദ് ഷായാണ് പ്രതിപക്ഷ നേതാവ് കൂടിയായ അന്‍വര്‍ ഇബ്രാഹിമിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പൊതുതിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകള്‍ നേടാനായിരുന്നില്ല. പ്രതിസന്ധിയുടെ സാഹചര്യം രൂപപ്പെട്ടതോടെ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുമായി രാജാവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയ 'പകതാൻ ഹാരപ്പൻ' സഖ്യത്തിന്റെ നേതാവായ അന്‍വര്‍ ഇബ്രാഹിമിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സുല്‍ത്താന്‍ നിര്‍ദേശിച്ചത്.

222 സീറ്റുകളുള്ള മലേഷ്യന്‍ അധോസഭയിൽ, സർക്കാർ രൂപീകരിക്കാനുള്ള 112 സീറ്റ് നേടാൻ രാഷ്ട്രീയ പാർട്ടികൾക്കോ സഖ്യകക്ഷികൾക്കോ കഴിഞ്ഞിരുന്നില്ല

മലേഷ്യന്‍ തിരഞ്ഞെടുപ്പിൽ 222 സീറ്റുകളുള്ള അധോസഭയിൽ, അൻവർ ഇബ്രാഹിമിന്റെ 'പകതാൻ ഹാരപ്പൻ' സഖ്യം 82 സീറ്റുകളാണ് നേടിയത്. മുൻ പ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസിന്റെ 'പെരിക്കാതൻ നാഷണൽ' സഖ്യത്തിന് 73 സീറ്റുകളും ലഭിച്ചിരുന്നു. സർക്കാർ രൂപീകരിക്കാനുള്ള 112 സീറ്റ് എന്ന കേവല ഭൂരിപക്ഷത്തിലേക്ക് എത്താന്‍ രാഷ്ട്രീയ പാർട്ടികൾക്കോ സഖ്യകക്ഷികൾക്കോ കഴിഞ്ഞില്ല. നിലവിലെ പ്രധാനമന്ത്രി ഇസ്മായിൽ സാബ്രി യാക്കോബിന്റെ ബാരിസൻ നാഷനൽ സഖ്യം, ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഏറ്റുവാങ്ങിയത്.

അൻവർ ഇബ്രാഹിമും മുൻ പ്രധാനമന്ത്രി മുഹ്‌യിദ്ദീൻ യാസിനും മറ്റ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപനം വന്നിരുന്നു

അഴിമതി പ്രധാന പ്രചാരണ വിഷയമാക്കി നാല് വർഷം മുൻപ് നടന്ന തിരഞ്ഞെടുപ്പിന് ശേഷം മൂന്ന് പ്രധാനമന്ത്രിമാരാണ് മലേഷ്യ ഭരിച്ചത്. 1957 ലെ സ്വാതന്ത്ര്യം നേടിയതിന് ശേഷം 2018 വരെ മലേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ആധിപത്യം പുലർത്തിയിരുന്ന പാർട്ടിയുടെ തകർച്ചയ്ക്കും ഈ തിരഞ്ഞെടുപ്പ് സാക്ഷിയായി. അതേസമയം, ശരിഅത്ത് നിയമത്തിനായി വാദിച്ച ഇസ്ലാമിസ്റ്റ് പാർട്ടിയുടെ മുന്നേറ്റവും തിരഞ്ഞെടുപ്പിൽ കണ്ടു. അൻവർ ഇബ്രാഹിമും, മുഹ്‌യിദ്ദീൻ യാസിനും മറ്റ് പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അനിശ്ചിതത്വം തുടരുകയായിരുന്നു.

1957 ലെ സ്വാതന്ത്ര്യം മുതൽ 2018 വരെ മലേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ആധിപത്യം പുലർത്തിയിരുന്ന പാർട്ടിയുടെ തകർച്ചയ്ക്കും കഴിഞ്ഞ തിരഞ്ഞെടുപ്പ് സാക്ഷിയായി

മുഹിയുദ്ദീൻ സർക്കാരിന്റെ കോവിഡ് കൈകാര്യം ചെയ്യുന്നതിലെ വീഴ്ചയെ തുടർന്ന് കഴിഞ്ഞ വർഷം അധികാരത്തിലേറിയ ഇസ്മായിൽ സാബ്രി യാക്കോബ്, തിരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. .

90 കളിൽ തൊഴിലിനു വേണ്ടി സമരം ചെയ്തവരിൽ പ്രധാനിയായിരുന്ന പുതിയ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം സ്വവർഗരതിയുടെയും അഴിമതിയുടെയും ആരോപണങ്ങളുടെ പേരിൽ ഒരു ദശാബ്ദത്തോളം ജയിലിൽ കിടന്നിട്ടുണ്ട്.

logo
The Fourth
www.thefourthnews.in