ടിം കുക്ക്
ടിം കുക്ക്

ഓഹരി ഉടമകളുടെ വിമർശനം; സ്വന്തം ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെട്ട് ആപ്പിള്‍ മേധാവി ടിം കുക്ക്

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 733.19 കോടി രൂപയായിരുന്നു ടിം കുക്കിന്റെ ഒരു വര്‍ഷത്തെ വരുമാനം
Updated on
1 min read

ലോകത്തിലെ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന സിഇഒ ആയിരുന്നു ആപ്പിളിന്റെ മേധാവി ടീം കുക്ക്. എന്നാല്‍ ഇപ്പോള്‍ ഓഹരി ഉടമകളുടെ വിമര്‍ശനം കാരണം കുക്ക് തന്റെ ശമ്പളം നാല്‍പത് ശതമാനം വെട്ടികുറയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ആപ്പിളിന്റെ പ്രതിഫല കമ്മിറ്റി അദ്ദേഹത്തിന് 2023-ല്‍ 4.9 കോടി ഡോളര്‍ ആണ് ടാര്‍ഗറ്റ് കോമ്പന്‍സേഷന്‍ (കമ്പനിയിലെ ടാര്‍ഗറ്റ് നേടുന്നതിനും മികച്ച പ്രകടനത്തിനും നല്‍കുന്ന തുക) നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 733.19 കോടി രൂപയായിരുന്നു അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ വരുമാനം.

ഓഹരി ഉടമകളുടെ അഭിപ്രായം മാനിച്ചാണ് ടിം കുക്ക് തന്റെ ശമ്പളം വെട്ടികുറയ്ക്കാന്‍ ആവശ്യപ്പെട്ടത്. വിതരണ ശൃംഖലയിലെ പ്രശ്‌നങ്ങളും ആഗോള സാമ്പത്തിക മാന്ദ്യവും കാരണം കഴിഞ്ഞ വര്‍ഷം ഐഫോണ്‍ കമ്പനിയുടെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞിരുന്നു. ഷെയര്‍ഹോള്‍ഡേഴ്‌സിന്റെ അഭിപ്രായവും ടിം കുക്കിന്റെ നിര്‍ദേശവും കമ്പനിയുടെ അസാധാരണമായ പ്രകടനവും കുക്കിന്റെ പുതിയ പ്രതിഫലം തീരുമാനിക്കുന്നതില്‍ ഒരുപോലെ പരിഗണിച്ചിട്ടുണ്ടെന്നാണ് ആപ്പിള്‍ പ്രതിഫല കമ്മിറ്റി വ്യക്തമാക്കിയത്.

ഈ നീക്കത്തിലൂടെ കുക്കിന്റെ വാര്‍ഷിക അടിസ്ഥാന ശമ്പളം 3 മില്യണ്‍ ഡോളറായി മാറും, കൂടാതെ 6 മില്യണ്‍ ഡോളര്‍ വരെ ബോണസും ലഭിക്കും.2022ല്‍, കുക്കിന് 99.4 ദശലക്ഷം ഡോളര്‍ പ്രതിഫലം ലഭിച്ചു, ഇതില്‍ 3 ദശലക്ഷം ഡോളര്‍ അടിസ്ഥാന ശമ്പളവും ഏകദേശം 83 ദശലക്ഷം ഡോളര്‍ സ്റ്റോക്ക് അവാര്‍ഡുകളും ബോണസും ഉള്‍പ്പെടുന്നു. 2021 ല്‍ അദ്ദേഹത്തിന്റെ മൊത്തം ശമ്പള പാക്കേജ് 9.87കോടി ഡോളറായിരുന്നു. സിഇഒമാര്‍ സ്വന്തം പ്രതിഫലം വെട്ടിക്കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യുന്നത് അപൂര്‍വമാണ്.

2022ല്‍ കമ്പനി അദ്ദേഹത്തിന് 7.5 കോടി ഡോളര്‍ ഓഹരികള്‍ അനുവദിച്ചു. അതില്‍ പകുതിയും ആപ്പിള്‍ ഓഹരി വിപണിയില്‍ എത്ര മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം ആപ്പിള്‍ ഓഹരി ഉടമകളോട് ഒരു പ്രമുഖ നിക്ഷേപക ഉപദേശക സംഘം കുക്കിന്റെ ശമ്പള പാക്കേജിനെതിരെ വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഒരു ശരാശരി ആപ്പിള്‍ ജീവനക്കാരന്റെ വേതനത്തേക്കാള്‍ 1,447 മടങ്ങ് കൂടുതലാണ് കുക്കിന്റെ ശമ്പളമെന്ന് ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഷെയര്‍ ഹോള്‍ഡര്‍ സര്‍വീസസും അഭിപ്രായപ്പെടുന്നു.

സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി 2011ലാണ് ടിം കുക്ക് ആപ്പിളിന്റെ തലപ്പത്തേക്ക് എത്തുന്നത്. ഫോര്‍ബ്സ് മാസികയുടെ കണക്കനുസരിച്ച് 62 കാരനായ കുക്കിന്റെ സ്വകാര്യ സ്വത്ത് ഏകദേശം 1.7 ബില്യണ്‍ ഡോളറാണ്. തന്റെ ജീവിതകാലത്ത് തന്റെ മുഴുവന്‍ സമ്പത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് ടിം കുക്ക് വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in