ലോക വിശപ്പ് ദിനത്തിലും ആഗോളതലത്തില്‍ 828 ദശലക്ഷം പേർ പട്ടിണിയിലെന്ന് റിപ്പോര്‍ട്ട്
ഇന്നും ലോകത്തിന്റെ പത്ത് ശതമാനം ജനങ്ങളും ഓരോ രാത്രികളിലും വിശന്നുറങ്ങുന്നുവെന്ന് പുതിയ റിപ്പോര്‍ട്ട്. ലോക വിശപ്പ് ദിനത്തില്‍ യുണൈറ്റഡ് നേഷന്‍സ് ഫൂഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ലോകത്ത് 828 ദശലക്ഷത്തിലധികം ആളുകള്‍ ഇപ്പോഴും പട്ടിണിയിലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
വിശപ്പിനും ദാരിദ്ര്യത്തിനും സുസ്ഥിരമായ പരിഹാരം എന്നതാണ് ഈ വര്‍ഷത്തെ ലോക വിശപ്പ് ദിന പ്രമേയം. വിശപ്പ് അനുഭവിക്കുന്ന ലോകത്തിന്റെ പത്ത് ശതമാനം പേരില്‍ മൂന്നില്‍ രണ്ട് ശതമാനവും സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. അതില്‍ 80 ശതമാനവും ജീവിക്കുന്നത് കാലാവസ്ഥാ പ്രശ്‌നങ്ങളുള്ള പ്രദേശങ്ങളിലാണെന്നാണ് യുണൈറ്റഡ് നേഷന്‍സ് ഫൂഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ റിപ്പോര്‍ട്ട്. ലോകത്തിന്റെ പട്ടിണിയില്ലാതാക്കുന്നതിനും അതുമായി ബന്ധപ്പെട്ട ബോധവത്കരണം നല്‍കുന്നതിനുമാണ് മെയ് 28 ലോക വിശപ്പ് ദിനമായി ആചരിക്കുന്നത്.
പോഷകാഹാരക്കുറവ് നേരിടുന്നവരുടെ എണ്ണവും ക്രമാതീതമായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 2019 മുതല്‍ 2021 വരെയുള്ള കണക്കെടുത്താല്‍ 150 ദശലക്ഷത്തിലധികം വര്‍ധന വന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കാലവസ്ഥാ വ്യതിയാനം, കലാപങ്ങള്‍, സാമ്പത്തിക അരക്ഷിതാവസ്ഥ, കോവിഡ് തുടങ്ങിയവ നേരിടുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരിലാണ് ഈ നിരക്ക് ഏറ്റവും അധികമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഭക്ഷ്യവസ്തുക്കളുടെ നിരക്ക് വര്‍ധിച്ചതും മറ്റൊരു കാരണമാണ്. 2019 നും 2022 നും ഇടയില്‍, പഞ്ചസാര, മാംസം, ധാന്യങ്ങള്‍, പാലുല്‍പ്പന്നങ്ങള്‍, സസ്യ എണ്ണ എന്നിവയുള്‍പ്പെടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ആഗോള വിലയിലെ മാറ്റം അളക്കുന്ന ഭക്ഷ്യവില സൂചിക 95.1 പോയിന്റില്‍ നിന്ന് 143.7 പോയിന്റായി ഉയര്‍ന്നു.
ലോകത്തിലെ പോഷകാഹാരക്കുറവുള്ള ഭൂരിഭാഗം ജനങ്ങളും ഏഷ്യയിലാണാണെന്നാണ് യുഎന്‍ സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്‍ഡ് ന്യൂട്രീഷന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. പട്ടിണിയുടെ വ്യാപനം ഏറ്റവും കൂടുതല്‍ ആഫ്രിക്കയിലാണ്. 278 ദശലക്ഷക്കണക്കിന് ആളുകളാണ് 2021ല്‍ മാത്രം പട്ടിണികിടന്ന് മരിച്ചത്. 2022 ല്‍ 258 ദശലക്ഷം ആളുകള്‍ കടുത്ത പട്ടിണിയിലാണെന്നാണ് ഭക്ഷ്യക്ഷാമവുമായി ബന്ധപ്പെട്ട ആഗോള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.
2022 ല്‍ ആരംഭിച്ച റഷ്യ യുക്രെയിന്‍ യുദ്ധത്തില്‍ ഭക്ഷ്യ വിതരണക്കാരായിരുന്ന രണ്ട് രാജ്യങ്ങളാണ് സ്തംഭിച്ചത്. ധാന്യങ്ങള്‍, എണ്ണക്കുരുക്കള്‍, വളം എന്നിവയുടെ ഏറ്റവും വലിയ ആഗോള ഉത്പാദകരില്‍ രണ്ട് രാജ്യങ്ങള്‍ അന്താരാഷ്ട്ര വിതരണ ശൃംഖലയില്‍ നിന്ന് അപ്രത്യക്ഷമായി. ഇത് ധാന്യം, വളം, ഊര്‍ജ്ജം എന്നിവയുടെ വില ഉയര്‍ത്തി. ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ റെക്കോര്‍ഡ് വര്‍ധന രേഖപ്പെടുത്താനും കാരണമായി.
ദിവസവും ഏഴ് ദശലക്ഷം പേര്‍ക്കുള്ള ഭക്ഷണം ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്നു എന്നാല്‍ ലോകത്തിന്റെ വിശപ്പടക്കാന്‍ സാധിക്കുന്നില്ല. സമീപകാലത്ത് സാമ്പത്തിക പുരോഗതിയുണ്ടായിട്ടുപോലും ഇന്ത്യയില്‍ ജനസംഖ്യയുടെ 14 ശതമാനം ജനങ്ങള്‍ക്കും വിശപ്പടക്കാനുള്ള മാര്‍ഗമില്ല. ലോകത്തില്‍ വികസ്വര രാജ്യങ്ങളിലെ 98 ശതമാനം പേർ പട്ടിണിയിൽ കഴിയുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
2022 ആഗോള പട്ടിണി സൂചിക അനുസരിച്ച് രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം.101-ാംസ്ഥാനത്തായിരുന്ന ഇന്ത്യ 2022ൽ 107-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തുകയായിരുന്നു. 29.1 ആണ് ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ. ചൈന, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മ്യാന്മർ അടക്കമുള്ള അയൽ രാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ.
ആഫ്രിക്കയിലെ ഭക്ഷ്യക്ഷാമത്തിനുള്ള മൂല കാരണം പട്ടിണിയാണ്. അപര്യാപ്തമായ കാര്‍ഷിക നിക്ഷേപങ്ങള്‍. സംഘര്‍ഷങ്ങള്‍, കാലവസ്ഥാ വ്യതിയാനം, അസ്ഥിരമായ വിപണി എന്നിവയെല്ലാം പട്ടിണിയുടെ കാരണങ്ങളാണ്. ആഗോള തലത്തില്‍ ഓരോ വര്‍ഷവും ജനിക്കുന്ന 17 ദശലക്ഷം കുട്ടികളിലും പോഷകാഹാരക്കുറവുണ്ടെന്നാണ് സൂചികയില്‍ വ്യക്തമാക്കുന്നത്.