ഹമാസ് നേതാവിന്‍റെ വധം; ഇസ്രയേൽ സൈനിക പോസ്റ്റുകൾക്ക് നേരെ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം
ഇസ്രായേലിന് എതിരെ ലെബനൻ സായുധ ഗ്രൂപ്പായ ഹിസ്ബുള്ളയുടെ റോക്കറ്റ് ആക്രമണം. ഹമാസിന്റെ രാഷ്ട്രീയകാര്യ ഉപമേധാവി സാലിഹ് അൽ അറൂരി ലെബനനിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇസ്രായേലി സൈനിക പോസ്റ്റിനെ ലക്ഷ്യമാക്കി റോക്കറ്റ് ആക്രമണം ഹിസ്ബുള്ള നടത്തിയത്. 62 മിസൈലുകളാണ് ഹിസ്ബുള്ള ഇസ്രായേല്‍ എയർ കൺട്രോൾ ബേസ് ലക്ഷ്യമാക്കി വിക്ഷേപിച്ചത്. സാലിഹ് അൽ അറൂരിയുടെ കൊലപാതകത്തിനുള്ള മറുപടിയാണ് ഇതെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.
മെറോൺ വ്യോമ നിരീക്ഷണ കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമാണ് ബെയ്റൂട്ടിൽ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ ഹമാസ് നേതാവ് സാലിഹ് അൽ അറൂരി കൊല്ലപ്പെട്ടത്. ഇസ്രയേൽ ലെബനൻ അതിർത്തിയിൽ നടത്തിയ ആക്രമണത്തിൽ പ്രാദേശിക ഹിസ്ബുള്ള ഉദ്യോഗസ്ഥനായ ഹുസൈൻ യാസ്‌ബെക്കും സംഘത്തിലെ മറ്റ് എട്ട് അംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ സാലിഹ് അൽ അറൂരിയുടെ കൊലപാകത്തിൽ തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ളയും പ്രഖ്യാപിച്ചിരുന്നു. ഹമാസിന്റെ സഖ്യകക്ഷി കൂടിയായ തങ്ങളുടെ ശക്തി കേന്ദ്രമായ ദഹിയേയിൽ ആക്രമണം നടത്തിയത് ഇസ്രയേലാണെന്നും ആക്രമണം ലെബനന്റെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്നും ആരോപിച്ച് ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു.ലെബനനെ ഏറ്റുമുട്ടലിലേക്ക് വലിച്ചിഴക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് ലെബനൻ പ്രധാനമന്ത്രിയും ആരോപിച്ചിരുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ മിഡിൽ ഈസ്റ്റ് മേഖലയിൽ അഞ്ച് ദിവസത്തെ പര്യടനം നടത്തുന്നതിനിടെ തന്നെയാണ് ലെബനനും ഇസ്രായേലും തമ്മിലുള്ള സംഘർഷം ആരംഭിച്ചത്. തുർക്കി പ്രസിഡന്റ് റജബ് തയ്യിപ് എർദോഗനെ കാണാൻ ശനിയാഴ്ച ഇസ്താംബൂളിലെത്തിയ ബ്ലിങ്കെൻ ഇസ്രായേൽ, അധിനിവേശ വെസ്റ്റ് ബാങ്ക്, ജോർദാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, സൗദി അറേബ്യ, ഈജിപ്ത് എന്നിവിടങ്ങൾ സന്ദർശിക്കും.
മൂന്ന് മാസം മുമ്പ് ഹമാസുമായുള്ള യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം അമേരിക്ക ഇസ്രായേലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗാസയിൽ 122 ഫലസ്തീനികൾ കൊല്ലപ്പെടുകയും 256 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു.