ഇസ്മായിൽ ഹനിയയുടെ കൊലപാതകം: 'കടുത്ത ശിക്ഷ നല്‍കേണ്ട കുറ്റം', ഇസ്രയേലിന്  മുന്നറിയിപ്പുമായി ഇറാൻ; യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ

ഇസ്മായിൽ ഹനിയയുടെ കൊലപാതകം: 'കടുത്ത ശിക്ഷ നല്‍കേണ്ട കുറ്റം', ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ; യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ

തീർത്തും അസ്വീകാര്യമായ രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നും കൂടുതൽ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കുന്നതാണ് സംഭവമെന്നും റഷ്യ കുറ്റപ്പെടുത്തി
Updated on
2 min read

പശ്ചിമേഷ്യന്‍ ഭൗമരാഷ്ട്രീയത്തെ വീണ്ടും കലാപകലുഷിതമാക്കുന്നതാണ് ഇസ്മായില്‍ ഹനിയയുടെ കൊലപാതകം. ഹമാസ് നേതാവിനെ വകവരുത്തിയത് ഇസ്രയേലാണന്ന ആക്ഷേപം നിലനില്‍ക്കെ തിരിച്ചടിക്ക് ഒരുങ്ങുന്നു എന്ന ഇറാന്റെ പ്രഖ്യാപനമാണ് സ്ഥിതിഗതികള്‍ ഭീതിയിലേക്ക് തള്ളിവിടുന്നത്. തങ്ങളുടെ രാജ്യതലസ്ഥാനത്ത് നടന്ന ഹനിയയുടെ കൊലപാതകത്തിന് പകരം ചോദിക്കുന്ന ഇറാന്റെ കടമയാണെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബുധനാഴ്ച പറഞ്ഞു. 'കഠിനമായ ശിക്ഷ' ലഭിക്കേണ്ട തെറ്റാണ് ഇസ്രയേല്‍ ചെയ്തിരിക്കുന്നത് എന്ന പരാമര്‍ശത്തോടെയാണ് ഇറാന്‍ പരമോന്നത നേതാവ് നിലപാട് വ്യക്തമാക്കുന്നത്.

ഹനിയയെ 'വഞ്ചിച്ച്' കൊലപ്പെടുത്തിയതിലൂടെ പലസ്തീന്റെ ഇച്ഛാശക്തിയെ തകർക്കാന്‍ കഴിയില്ല
ജബ് ത്വയ്യിബ് എർദോഗാന്‍

കൊലപാതകത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും ആരോപണ മുനകള്‍ നീളുന്നത് നെതന്യാഹു ഭരണകൂടത്തിന് എതിരെ തന്നെയാണ്. ഹനിയയുടെ കൊലപാതകത്തെ അപലപിച്ച് നിരവധി ലോകരാജ്യങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. തീർത്തും അസ്വീകാര്യമായ രാഷ്ട്രീയ കൊലപാതകമാണ് ഉണ്ടായതെന്നും കൂടുതൽ സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങളെ നയിക്കുന്നതാണ് സംഭവമെന്നും റഷ്യ കുറ്റപ്പെടുത്തി. ചൈനയും സമാന പ്രതികരണമാണ് നടത്തിയത്.

അലി ഖമേനി
അലി ഖമേനി

ഹമാസ് നേതൃത്വത്തിലെ മിതവാദിയായി അറിയപ്പെട്ടിരുന്ന നേതാവാണ് ഹനിയ. ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ നടക്കുന്ന ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്ക് ഹമാസിന് വേണ്ടി സംസാരിക്കാൻ മുന്നിൽനിന്ന നേതാവ്. അതുകൊണ്ടുതന്നെ ഹനിയയുടെ കൊലപാതകം സമാധാന ചർച്ചകൾക്കേൽക്കുന്ന വലിയ തിരിച്ചടിയാണ്. കൂടാതെ ഇറാനിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത് എന്നത് ഇസ്രയേൽ- ഇറാൻ ആക്രമണത്തിന് പോലും കാരണമായേക്കാമെന്നും വിലയിരുത്തലുകളുണ്ട്.

ഇസ്മായിൽ ഹനിയയുടെ കൊലപാതകം: 'കടുത്ത ശിക്ഷ നല്‍കേണ്ട കുറ്റം', ഇസ്രയേലിന്  മുന്നറിയിപ്പുമായി ഇറാൻ; യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ
ഇറാനിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ്; ആരാണ് ഇസ്മായിൽ ഹനിയ?

നേരത്തെ ഏപ്രിൽ മാസത്തിൽ സിറിയയിലെ ഡമാസ്കസിൽ വച്ച് ഇറാൻ എംബസി ആക്രമിച്ച് സൈനിക നേതാവിനെ ഇസ്രയേൽ കൊന്നിരുന്നു. ഇതിന് തിരിച്ചടിയെന്നോണം ഇസ്രയേലിലേക്ക് ഇറാൻ മിസൈൽ ആക്രമണവും നടത്തി. അന്ന് ചെറിയൊരു വ്യത്യാസത്തിനായിരുന്നു പശ്ചിമേഷ്യയിലെ രണ്ട് വൻ സൈനിക ശക്തികൾ തമ്മിലൊരു യുദ്ധമെന്ന ഭീതിത അവസ്ഥയിൽനിന്ന് കാര്യങ്ങൾ പ്രത്യക്ഷത്തിലൊരു സമാധാന അന്തരീക്ഷത്തിലേക്ക് നീങ്ങിയത്. എന്നാൽ ബുധനാഴ്ച ഉണ്ടായ സംഭവം കാര്യങ്ങളെ മാറ്റിമറിക്കാൻ സാധ്യതയുണ്ട്.

ഹനിയയെ 'വഞ്ചിച്ച്' കൊലപ്പെടുത്തിയതിലൂടെ പലസ്തീന്റെ ഇച്ഛാശക്തിയെ തകർക്കാന്‍ കഴിയില്ലെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാനും പ്രതികരിച്ചു. സയണിസ്റ്റ് ഭീകരത ഒരിക്കലും അതിന്റെ ലക്ഷ്യസ്ഥാനത്ത് എത്താൻ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തൻ്റെ അധികസേരയിൽ കടിച്ചുതൂങ്ങാനുള്ള നീക്കമാണ് ഹനിയയുടെ കൊലപാതകത്തിന് പിന്നിലെന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.

ഇസ്മായിൽ ഹനിയയുടെ കൊലപാതകം: 'കടുത്ത ശിക്ഷ നല്‍കേണ്ട കുറ്റം', ഇസ്രയേലിന്  മുന്നറിയിപ്പുമായി ഇറാൻ; യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ
ഹമാസ് രാഷ്ട്രീയ തലവൻ ഇസ്മായിൽ ഹനിയ കൊല്ലപ്പെട്ടു; ആക്രമണം ഇറാനിൽ വച്ച്

ബുധനാഴ്ച രാവിലെയാണ് ഇസ്മായിൽ ഹനിയ താമസിച്ചിരുന്ന ടെഹ്റാനിലെ താമസസ്ഥലത്ത് ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ അദ്ദേഹത്തിനൊപ്പം അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം ഇറാനിലെത്തിയത്.

logo
The Fourth
www.thefourthnews.in