യമഗാമി തന്നെയാണോ ആബേയുടെ കൊലയാളി; എന്തിനുവേണ്ടി കൊലപാതകം?
രാഷ്ട്രീയ അക്രമങ്ങള്‍ അപൂര്‍വവും തോക്കുകള്‍ കര്‍ശനമായി നിയന്ത്രിക്കപ്പെടുന്നതുമായ ജപ്പാനില്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ കൊലപാതകം വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രതി ആരെന്നും, എന്തിന് കൊല നടത്തി എന്നുമുളള ചോദ്യം ബാക്കിയാക്കി നിസംഗനായി നില്‍ക്കുകയാണ് പിടിയിലായ ടെറ്റ്സുയ യമഗാമി. നിമിഷ നേരം കൊണ്ട് ലോകത്തെ തന്നെ ഞെട്ടിച്ച കൊലയാളി.
ജപ്പാന്‍ മുന്‍ നാവിക സേന ഉദ്യോഗസ്ഥനാണ് യമഗാമി. 2005 വരെ മൂന്ന് വര്‍ഷം സേനയിലുണ്ടായിരുന്നു. യാരെ സ്വദേശിയായ പ്രതിക്ക് ആയുധ പരിശീലനവും ലഭിച്ചിട്ടുണ്ട് എന്നു തുടങ്ങി യമഗാമിയെക്കുറിച്ച് പല തരം റിപ്പോര്‍ട്ടുകളാണ് ജാപ്പനീസ് മാധ്യമങ്ങളിലുള്ളത്.
അപ്പോഴും കൊലപാതകത്തിനുള്ള കാരണത്തെക്കുറിച്ച് സൂചനയില്ല. പടിഞ്ഞാറന്‍ നഗരമായ നാരയില്‍, റയില്‍വെ സ്റ്റേഷനു പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രസംഗിക്കുമ്പോഴാണ് ആബേയ്ക്ക് വെടിയേറ്റത്. ഉടന്‍ ആശുപത്രിയിലെത്തിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കൊലപാതക കാരണങ്ങള്‍ സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ജപ്പാന്‍ സൈന്യത്തെ ആധുനീകരിച്ചതും ആയുധ പ്രതിരോധ ശേഷി വര്‍ധിപ്പിച്ചതും ആബേയുടെ ഭരണകാലയളവിലാണ്. അന്ന് ആയുധ വിരുദ്ധരുടെ വലിയ സഖ്യം ആബേയ്ക്ക് എതിരെ തിരിഞ്ഞിരുന്നു. ഈ കൂട്ടരിലേക്ക് സംശയം നീങ്ങി തുടങ്ങിയിട്ടുണ്ട്. ആബേയുടെ രാഷ്ട്രീയ ശത്രുക്കളിലേക്കും അന്വേഷണം നീങ്ങുന്നുണ്ട് .എന്നാല്‍ വോട്ടെടുപ്പ് അടുത്തിരിക്കെ ഇത്തരം കൊലപാതകം നടക്കുമോ എന്നും ചോദ്യവും മറുവശത്ത് ഉയരുന്നുണ്ട്.
മരണം സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ബാക്കിവെച്ചാണ് ആബേ പോയത്. കൊലപാതകിയായി വിശേഷിപ്പിക്കുന്ന യമഗാമി ആക്രമണത്തിനുശേഷം, തോക്ക് തറയില്‍വച്ച് നിസംഗനായി നിന്നതോടെ, സംശയങ്ങളും ദുരൂഹതകളും വര്‍ധിക്കുകയാണ്. യമഗാമിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു.