അമേരിക്കയിലെ മിസിസിപ്പിയില്‍ ചുഴലിക്കാറ്റ്; 26 മരണം, കാണാതായവര്‍ക്കായി തിരച്ചില്‍

അമേരിക്കയിലെ മിസിസിപ്പിയില്‍ ചുഴലിക്കാറ്റ്; 26 മരണം, കാണാതായവര്‍ക്കായി തിരച്ചില്‍

മിസിസിപ്പിയിലെ കാഴ്ചകള്‍ ഹൃദയം തകര്‍ക്കുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍
Updated on
1 min read

അമേരിക്കയിലെ മിസിസിപ്പിയില്‍ ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ 26 പേര്‍ കൊല്ലപ്പെട്ടു. 160 കിലോമീറ്ററോളം ദൂരം വീശിയടിച്ച കാറ്റില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ഏറെ പേരെ കാണാതാകുകയും ചെയ്തു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

ദൗത്യ സംഘത്തിന്റെ നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മിസിസിപ്പിയിലെ പ്രധാന നഗരങ്ങളായ സില്‍വര്‍ സിറ്റിയിലും റോളിങ് ഫോര്‍ക്കിലും വീടുകളും കെട്ടിടങ്ങളും തകര്‍ന്ന നിലയിലാണ്. 111 കീലോമീറ്റര്‍ വേഗതയിലാണ് ഈ പ്രദേശങ്ങളില്‍ കാറ്റ് വീശിയടിച്ചത്.

സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന ഗ്രാമീണ മേഖലകളിലാണ് കാറ്റ് ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. മേഖലയിലാകെ വൈദ്യുതിയും ഗതാഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. ആംബുലന്‍സുകളും മരുന്നുകളും ഉള്‍പ്പെടെയുള്ള സഹായം പ്രദേശത്ത് സജ്ജമാക്കിയിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രിയിലാണ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചത്. മുന്നറിയിപ്പുകളൊന്നും ലഭിക്കാത്തതിനാല്‍ തന്നെ ആളുകള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ സാധിച്ചിരുന്നില്ല. നിരവധിപേര്‍ ഇപ്പോഴും വീടിനകത്ത് കുടുങ്ങി കിടക്കുകയാണ്.

മിസിസിപ്പിയിലെ കാഴ്ചകള്‍ ഹൃദയം തകര്‍ക്കുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മിസിസിപ്പി ജനതയെ സഹായിക്കാനാകുന്നതെല്ലാം ചെയ്യുമെന്ന് ബൈഡന്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in