ഹോണ്ടുറാസിൽ വനിതാ ജയിലിൽ കലാപം; പൊള്ളലേറ്റും വെടിയേറ്റും കുത്തേറ്റും 41 മരണം
മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിൽ വനിതാ ജയിലിലുണ്ടായ കലാപത്തിൽ 41 സ്ത്രീകൾ കൊല്ലപ്പെട്ടു. 26 വെന്തുമരിക്കുകയായിരുന്നുവെന്നാണ് വിവരം. മറ്റുള്ളവർ വെടിയേറ്റും കുത്തേറ്റുമാണ് മരിച്ചത്. സംഭവത്തിന് പിന്നിൽ 'മാര' എന്നറിയപ്പെടുന്ന തെരുവ് സംഘത്തിനെതിരെ രാജ്യത്തിന്റെ പ്രസിഡന്റ് സിയോമാര കാസ്ട്രോ രൂക്ഷമായി വിമർശിച്ചു.
ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗാൽപയിൽനിന്ന് ഏകദേശം 50 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ടമാരയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. വെടിയേറ്റും കത്തിക്കുത്തേറ്റും കുറഞ്ഞത് ഏഴ് വനിതാ തടവുകാരെങ്കിലും തെഗുസിഗാൽപ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം.
സമീപകാലത്തായി ജയിലുകളിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള അധികാരികളുടെ ശ്രമങ്ങളെത്തുടർന്നാണ് കലാപമുണ്ടായതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. സംഘടിതമായ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്നതിന്റെ ഭാഗാമായാണ് ഈ കലാപമെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിൽ നിന്നും ഞങ്ങൾ പിന്നോട്ട് പോകില്ലെന്നും ഹോണ്ടുറാസ് ജയിൽ മേധാവി ജൂലിസ വില്യനുവേവ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാജ്യത്ത് ജയിലുകളിൽ വിവിധ സംഘങ്ങൾ അനധികൃതമായ നിരവധി പ്രവർത്തനങ്ങളാണ് നടക്കുന്നത്. തടവുകാർ പലപ്പോഴും ജയിലുകളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുന്ന സാഹചര്യമാണുള്ളത്. ജയിലുകളിൽ നിരോധിത ഉൽപ്പന്നങ്ങളുടെ വില്പന പതിവാണ്.
2017ന് ശേഷം ഹോണ്ടുറാസിൽ വനിതാ ജയിലിലുണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഈ കലാപം. ഇതിനു മുൻപ് ഹോണ്ടുറാസിൽ ഏറ്റവും വലിയ ജയിൽ ദുരന്തമുണ്ടായത് 2012 ലാണ്.