മോഹന്‍ജൊ ദാരോയ്ക്ക് കനത്ത മഴയില്‍ നാശനഷ്ടം; പൈതൃക പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും

മോഹന്‍ജൊ ദാരോയ്ക്ക് കനത്ത മഴയില്‍ നാശനഷ്ടം; പൈതൃക പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കും

സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട പൈതൃക നഗരത്തിന് 5000 വർഷം പഴക്കമുണ്ട്
Updated on
1 min read

സിന്ധുനദീതട സംസ്കാരവുമായി ബന്ധപ്പെട്ട് പൈതൃക പട്ടികയില്‍ ഇടം നേടിയ മോഹന്‍ജൊ ദാരോ കനത്തമഴയില്‍ തകർന്നുകൊണ്ടിരിക്കുന്നെന്ന് റിപ്പോർട്ടുകള്‍. സിന്ധ് പ്രവിശ്യയില്‍ തുടർച്ചയായി പെയ്യുന്ന മഴ മോഹൻജൊ ദാരോയുടെ ലോക പൈതൃക പദവി നഷ്ടപ്പെടുത്തിയേക്കുമെന്ന് പാകിസ്താന്‍ പുരാവസ്തു വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഈ വർഷം ജൂലൈ പകുതിയോടെ തുടങ്ങിയ മഴ 116 ജില്ലകളെയാണ് ബാധിച്ചത്. 33 ദശലക്ഷം ജനങ്ങള്‍ മഴക്കെടുതിയില്‍ വലയുന്നെന്നാണ് റിപ്പോർട്ട്. 66 ജില്ലകളില്‍ വെള്ളപ്പൊക്കം അതിരൂക്ഷമാണ്.

5000 വർഷം പഴക്കമുള്ള പൈതൃക നഗരം, വെള്ളപ്പൊക്കത്തില്‍ നിരവധി തവണ മണ്ണിനടിയിലായിടുണ്ട്. പല തവണ പുനർനിർമിച്ചെങ്കിലും ഇത്തവണത്തെ അതിതീവ്ര മഴ പ്രതിസന്ധി വർധിപ്പിച്ചിരിക്കുകയാണ്. കർഷകരടക്കമുള്ളവർ നഗരത്തിലേക്ക് വെള്ളം തുറന്നുവിടുന്നതും തിരിച്ചടിയാണ്. ഓഗസ്റ്റ് 16 മുതല്‍ 26 വരെ സിന്ധില്‍ 779.5 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. അയ്യായിരം വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു.

യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ മോഹന്‍ജൊ ദാരോയെ ഉള്‍പ്പെടുത്തിയത് 1980ലാണ്. ബി സി 2600ലാണ് മോഹന്‍ജൊ ദാരോ നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. പിന്നീട് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും 1922ല്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന രാഖേല്‍ദാസ് ബന്ദോപാദ്ധ്യയ് ആണ് മണ്ണിനടിയില്‍ നിന്ന് നഗരത്തെ വീണ്ടെടുത്തത്. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകള്‍ക്ക് സമകാലീനമായ കാഴ്ചകളാണ് ഇവിടെയും ഉണ്ടായിരുന്നത്. എന്നാല്‍ നൂതനമായ നിര്‍മാണ രീതികള്‍ മോഹന്‍ജൊ ദാരോയെ വേറിട്ടുനിർത്തുന്നു.

logo
The Fourth
www.thefourthnews.in