ദുരിതം വിതച്ച് മോക്ക; മ്യാന്മറിൽ മൂന്ന് മരണം, വൈദ്യുതിയും ഇന്റർനെറ്റ് സംവിധാനങ്ങളും തകരാറിൽ
മ്യാൻമർ തീരത്ത് ഞായറാഴ്ച വീശിയടിച്ച ശക്തമായ മോക്ക ചുഴലിക്കാറ്റിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. മണിക്കൂറിൽ 209 കിലോമീറ്റർ (130 മൈൽ) വേഗതയിലാണ് കാറ്റ് വീശുന്നത്. മ്യാൻമറിലെ സിറ്റ്‌വെ ടൗൺഷിപ്പിന് സമീപം ഞായറാഴ്ച ഉച്ചതിരിഞ്ഞാണ് അതിതീവ്ര ചുഴലിയായി മാറിയ മോക്ക തീരം തൊട്ടത്. ആയിരക്കണക്കിന് ആളുകളെ സമീപത്തുള്ള ആശ്രമങ്ങളിലും പഗോഡകളിലും സ്‌കൂളുകളിലേക്കും മാറ്റിപ്പാർപ്പിച്ചു.
അതിശക്തമായ കാറ്റിൽ പെട്ട് നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്ന് വീണു. സിറ്റ്‌വെ, ക്യാക്പു, ഗ്വാ എന്നീ പ്രദേശങ്ങളിലെ വീടുകൾ, വൈദ്യുതി ട്രാൻസ്ഫോമറുകൾ, മൊബൈൽ ടവറുകൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായി മ്യാൻമറിലെ സൈനിക ഇൻഫർമേഷൻ ഓഫീസ് അറിയിച്ചു.
റക്കൈനിലെ നിരവധി മേഖലകളിൽ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനം എന്നിവ തകരാറിലായെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 300000 പേർ വസിക്കുന്ന സിറ്റ്‌വെയിൽ നിന്ന് 4000-ത്തിലധികം പേരെ മറ്റ് നഗരങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടാതെ, നഗരത്തിലെ ഉയർന്ന പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്ന ആശ്രമങ്ങൾ, സ്‌കൂളുകൾ എന്നിവയിലായി 20,000-ത്തിലധികം ആളുകളെയും താമസിപ്പിച്ചിട്ടുണ്ട്.
മ്യാൻമറിൽ ഞായറാഴ്ച രാവിലെ കാറ്റിലും മഴയിലും പെട്ട് നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അകപ്പെട്ടുപോയ ദമ്പതികളുടെ മൃതദേഹം കണ്ടെടുത്തതായി അറിയിച്ചിരുന്നു. സെൻട്രൽ മാൻഡലേ മേഖലയിലെ പൈൻ ഓ എൽവിൻ പ്രദേശത്ത് മരം വീണ് ഒരാൾ മരിച്ചതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, മോക്ക വീശിയടിക്കാൻ സാധ്യതയുള്ള ബംഗ്ലാദേശിൽ 12 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. എന്നാൽ ഞായറാഴ്ച ഉച്ചയോടെ കാറ്റിന്റെ ദിശയിൽ ഗതിമാറ്റം സംഭവിച്ചതിനാൽ ബംഗ്ലാദേശിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രാജ്യത്തെ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ബംഗ്ലാദേശിലെ സെയ്ന്റ് മാർട്ടിൻസ് ദ്വീപ് താത്കാലികമായി വെള്ളത്തിനടിയിലാകുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരം തൊടാതെ പോയതിനാൽ പ്രതീക്ഷിച്ച വേലിയേറ്റം ഉണ്ടായില്ലെന്ന് ധാക്ക ആസ്ഥാനമായുള്ള ജമുന ടിവി സ്റ്റേഷൻ റിപ്പോർട്ട് ചെയ്തു.
മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ബംഗ്ലാദേശിൽ മ്യാന്മറിൽ നിന്ന് പലായനം ചെയ്ത റോഹിങ്ക്യകളുടെ ക്യാമ്പുകൾ ആവശ്യമായ ഭക്ഷണങ്ങളും വൈദ്യസഹായങ്ങളും ഒരുക്കിയിരുന്നു. ബംഗ്ലാദേശിലെ യുഎൻ ഏജൻസികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ടൺ കണക്കിന് ഡ്രൈ ഫുഡും ഡസൻ കണക്കിന് ആംബുലൻസുകളും മൊബൈൽ മെഡിക്കൽ ടീമുകളും സജ്ജമാക്കിയിരുന്നു.