ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ലണ്ടനിൽ നടത്തിയ റാലിയിൽ പങ്കെടുത്തത് ലക്ഷങ്ങൾ; പ്രതിഷേധക്കാർ ഹമാസ് അനുകൂലികളെന്ന് സുനക്
ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് ശനിയാഴ്ച യുകെയിൽ നടന്ന റാലിയിൽ പങ്കെടുത്തത് മൂന്ന് ലക്ഷത്തിലധികം പേർ. ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ റാലിയാണ് നടന്നതെന്ന് സംഘാടകർ അവകാശപ്പെട്ടു. റാലിക്ക് നേരെ തീവ്രവലതുപക്ഷ സംഘങ്ങൾ നടത്തിയ ആക്രമണത്തെ അപലപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്, പലസ്തീൻ അനുകൂലികളെ 'ഹമാസ് അനുഭാവികൾ' എന്ന് സംബോധന ചെയ്തത് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്.
മൂന്ന് ലക്ഷം പേരുടെ കണക്കാണ് ലണ്ടൻ മെട്രോപോളിറ്റൻ പോലീസ് പറയുന്നതെങ്കിലും എട്ട് ലക്ഷം പേർ പങ്കെടുത്തുവെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. പോലീസിന് പലസ്തീൻ അനുകൂല പ്രതിഷേധങ്ങളോട് അനുകൂല സമീപനമാണെന്ന ബ്രിട്ടീഷ് ആഭ്യന്ത്രര മന്ത്രി സുവല്ല ബ്രെവർമാൻ്റെ പരാമർശം വലിയ വിവാദമായിരുന്നു. വിദ്വേഷം പരത്തുന്നതാണ് പ്രതിഷേധമെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു.
ഇതിന് പിന്നാലെ ബ്രെവർമാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഉൾപ്പടെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെ നടന്ന റാലിയായതു കൊണ്ടുതന്നെ വലിയ ആശങ്കകൾ നിലനിന്നിരുന്നു. കുട്ടികളടക്കം കുടുംബസമേതമായിരുന്നു മിക്കവരും റാലിയിൽ പങ്കെടുത്തത്.
റാലിയിൽ പ്രതിഷേധക്കാരുടെ വലിയ ജനക്കൂട്ടം കറുപ്പ്, ചുവപ്പ്, വെള്ള, പച്ച നിറമുള്ള പലസ്തീൻ പതാകകൾ വീശി, "ഗാസ ബോംബിംഗ് നിർത്തുക" എന്ന് പ്രഖ്യാപിക്കുന്ന പ്ലക്കാർഡുകൾ ഉയർത്തുകയും ചെയ്തിരുന്നു. അതേസമയം സെൻട്രൽ ലണ്ടനിൽ പലസ്തീൻ അനുകൂല റാലി പതിയിരുന്ന് ആക്രമിക്കാൻ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ശ്രമം നടത്തിയിരുന്നു. ഇത് തീർത്തും അസ്വീകാര്യമാണെന്ന് ഋഷി സുനക് ശനിയാഴ്ച പറഞ്ഞു.
ഇംഗ്ലീഷ് ഡിഫെൻസ് ലീഗ് എന്ന മുസ്ലിം വിരുദ്ധ സംഘടനയായിരുന്നു റാലിയിൽ ആക്രമണം ഉണ്ടാക്കിയവരിൽ പ്രധാനികൾ. അവർ പോലീസ് ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയും യുദ്ധസ്മാരകങ്ങളിൽ അതിക്രമിച്ച് കയറുകയും ചെയ്തിരുന്നു. അതേസമയം, പലസ്തീൻ അനുകൂല റാലിയിൽ മുഴങ്ങിയത് ജൂതവിരുദ്ധ മുദ്രാവാക്യങ്ങൾ ആണെന്നും ഹമാസ് അനുകൂല ചിഹ്നങ്ങളും വസ്ത്രങ്ങളും ഉപയോഗിച്ചുവെന്നും സുനക് പ്രസ്താവയിൽ പറഞ്ഞിരുന്നു.
നൂറോളം തീവ്ര വലതുപക്ഷക്കാരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുദ്ധ സ്മാരകമായ സെനോറ്റാഫിൽ തീവ്ര വലതുപക്ഷക്കാർ ചാടിക്കയറി കുഴപ്പം സൃഷ്ടി ക്കുകയും ചെയ്തിരുന്നു. അക്രമത്തിന് ആഭ്യന്തര മന്ത്രിയുടെ ഭാഷയാണ് പ്രേരണയായതെന്ന് ലണ്ടൻ മേയർ സാദിഖ് ഖാൻ ആരോപിച്ചു. സുവെല്ല ബ്രെവർമാൻ രാജിവയ്ക്കണമെന്ന് സ്‌കോട്ട്‌ലൻഡിന്റെ നേതാവ് ഹംസ യൂസസഫും ആവശ്യപ്പെട്ടിരുന്നു. തീവ്ര വലതുപക്ഷത്തിന് ആക്രമണം നടത്താൻ "ധൈര്യം" നൽകിയത് മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. സ്റ്റോപ്പ് ദി വാർ കോയലിഷൻ എന്ന സംഘടനയായിരുന്നു ശനിയാഴ്ചത്തെ പരിപാടിയുടെ പ്രധാന സംഘാടകരിൽ ഒരാൾ.