സല്‍മാന്‍ റുഷ്ദി
സല്‍മാന്‍ റുഷ്ദി

സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം; കഴുത്തിന് കുത്തേറ്റു; ആക്രമണം ന്യൂയോർക്കിലെ പൊതുപരിപാടിക്കിടെ

റുഷ്ദിക്കെതിരെ നേരത്തെ മതമൗലികവാദികളുടെ ഭീഷണിയുണ്ടായിരുന്നു
Updated on
2 min read

ബുക്കർ പ്രൈസ് ജേതാവും പ്രമുഖ എഴുത്തുകാരനുമായ സല്‍മാന്‍ റുഷ്ദിക്ക് നേരെ വധശ്രമം. ന്യൂയോര്‍ക്കില്‍ ഒരു പരിപാടിക്കിടെയാണ് റുഷ്ദിക്ക് നേരെ ആക്രമണം ഉണ്ടായത്. ന്യൂയോര്‍ക്കിലെ ചൗട്ടക്വാ ഇന്‍സ്റ്റിറ്റ്യൂഷന്റെ ആംഫി തിയേറ്ററിലെ പരിപാടിക്കിടെ വേദിയിലേക്ക് അതിക്രമിച്ചു കടന്ന അക്രമി രണ്ട് തവണ കഴുത്തിൽ കുത്തുകയായിരുന്നു.

ന്യൂയോർക്കിലെ പരിപാടിക്കിടെ അജ്ഞാതനായ അക്രമി വേദിയിലെത്തി റുഷ്ദിയെ കുത്തി വീഴ്ത്തുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് പിടികൂടി. റുഷ്ദിയെ ഉടൻ ആശുപത്രിയിലേക്ക് മാറ്റി. റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. സല്‍മാന്‍ റുഷ്ദിക്ക് ആവശ്യമായ പരിചരണം ഉറപ്പാക്കിയെന്ന് ന്യൂയോ‍‌‌‍ർക്ക് ഗവർണർ കാത്തി ഹോചുൽ പറഞ്ഞു. ആക്രമത്തിൽ ഇവന്റ് മോഡറേറ്റർക്കും പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വേദിയിൽ റുഷ്ദി കുത്തേറ്റ് വീണപ്പോൾ
വേദിയിൽ റുഷ്ദി കുത്തേറ്റ് വീണപ്പോൾ

റുഷ്ദിയുടെ 'സാത്താനിക് വെഴ്‌സസ്' എന്ന പുസ്തകത്തിനെതിരെ മതമൗലികവാദികള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഷിയാ വിഭാഗക്കാരുടെ വധഭീഷണി നിലനിൽക്കുന്നുണ്ട്. ദൈവനിന്ദയെന്ന ആരോപണത്തില്‍ ഈ പുസ്തകം ഇന്ത്യയില്‍ ഉള്‍പ്പെടെ നിരോധിച്ചു. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖൊമെയ്‌നി, റുഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് ദശലക്ഷം ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യൻ വംശജനായ റുഷ്ദി കഴിഞ്ഞ 20 വർഷമായി അമേരിക്കയിലാണ് താമസം. 75 കാരനായ റുഷ്ദി ബ്രിട്ടീഷ് പൗരനാണ്. മിഡ്‌നൈറ്റ്‌സ് ചില്‍ഡ്രണ്‍ എന്ന പുസ്തകത്തിന് ബുക്കര്‍ സമ്മാനം ലഭിച്ചു. 2007 ല്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് എലിസബത്ത് രാജ്ഞി അദ്ദേഹത്തിന് 'സര്‍' പദവി നല്‍കി ആദരിച്ചിരുന്നു

റുഷ്ദിയെ കുത്തിയ ആക്രമി പോലീസ് പിടിയിൽ
റുഷ്ദിയെ കുത്തിയ ആക്രമി പോലീസ് പിടിയിൽ

''സാഹിത്യത്തിനും അഭിപ്രായസ്വാതന്ത്ര്യത്തിനും എഴുത്തുകാർക്കും ഭയാനകമായ ദിനം. പാവം സൽമാൻ. വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു'' ബ്രിട്ടീഷ് എഴുത്തുകാരനായ വില്യം ഡാല്‍റിമ്പിള്‍ ട്വീറ്റ് ചെയ്തു


ആക്രമണം ഞെട്ടിക്കുന്നതെന്ന് എഴുത്തുകാരി തസ്ലീമ നസ്രീൻ പ്രതികരിച്ചു. ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. 1989 മുതൽ അദ്ദേഹത്തിന് സംരക്ഷണമുണ്ട്. എന്നാൽ ഇസ്ലാമിനെ വിമർശിക്കുന്ന ആരും എപ്പോൾ വേണമെങ്കിലും ആക്രമിക്കപ്പെടാം എന്നും താൻ അത് ഭയക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in