ഇനി മുടി നീട്ടാം, ഹൈ-ഹീൽസ് നിർബന്ധമല്ല, മേക്കപ്പും ഇഷ്ടാനുസരണം; ഡ്രസ്കോഡ് പരിഷ്കരിച്ച് ഓസ്ട്രേലിയൻ വിമാനകമ്പനി

ഇനി മുടി നീട്ടാം, ഹൈ-ഹീൽസ് നിർബന്ധമല്ല, മേക്കപ്പും ഇഷ്ടാനുസരണം; ഡ്രസ്കോഡ് പരിഷ്കരിച്ച് ഓസ്ട്രേലിയൻ വിമാനകമ്പനി

ജീവനക്കാരുടെ വസ്ത്രധാരണത്തിലെ ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം നിരന്തരമായി ഉയർന്നിരുന്നു
Updated on
1 min read

കാലത്തിനനുസരിച്ച് മാറുകയാണ് ഓസ്‌ട്രേലിയന്‍ ദേശീയ വിമാന കമ്പനിയായ ക്വന്റസ്. ജീവനക്കാരുടെ വസ്ത്രധാരണത്തില്‍ ലിംഗവിവേചനം അവസാനിപ്പിക്കണമെന്ന നിരന്തരമായ ആവശ്യം ഒടുവില്‍ ക്വന്റസ് ചെവിക്കൊണ്ടു. ഡ്രസ് കോഡില്‍ ഉണ്ടായിരുന്ന നിയന്ത്രണങ്ങള്‍ അവര്‍ എടുത്തുകളയുകയാണ്.

വനിതാ ജീവനക്കാര്‍ പുരുഷ ജീവനക്കാരേക്കാള്‍ ചെറിയ വാച്ച് മാത്രമേ ധരിക്കാവൂ, പുരുഷന്മാര്‍ക്ക് മേക്കപ്പ് പാടില്ല തുടങ്ങിയ ചട്ടങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു.

അതിശയമുളവാക്കുന്ന പല വ്യവസ്ഥകളും ക്വന്റസിന്‌റെ ഡ്രസ് കോഡില്‍ ഉണ്ടായിരുന്നു. വനിതാ ജീവനക്കാര്‍ പുരുഷ ജീവനക്കാരേക്കാള്‍ ചെറിയ വാച്ച് മാത്രമേ ധരിക്കാവൂ, പുരുഷന്മാര്‍ക്ക് മേക്കപ്പ് പാടില്ല തുടങ്ങിയ ചട്ടങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം നേരത്തെ ഉയര്‍ന്നിരുന്നു. ഈ നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ സ്റ്റൈല്‍ പ്രകാരം, വനിതാ ജീവനക്കാര്‍ ഹൈ-ഹീല്‍ ചെരുപ്പുകള്‍ ഉപയോഗിക്കണമെന്ന നിബന്ധന ഒഴിവാക്കി. സ്ത്രീകള്‍ക്ക് മേക്കപ്പ് നിര്‍ബന്ധമല്ല.

സ്ത്രീകള്‍ക്ക് ഫ്‌ളാറ്റ് ചെരുപ്പുകള്‍ ഉപയോഗിക്കാം എന്നുമാത്രമല്ല, പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേതരം ആഭരണങ്ങളും ഇനി അനുവദനീയമാണ്. പുരുഷന്മാര്‍ക്ക് മുടി നീട്ടി വളര്‍ത്താനും താത്പര്യമെങ്കില്‍ മേക്ക്അപ്പ് ഉപയോഗിക്കാനും ഇനി അനുവാദമുണ്ട്. പൈലറ്റുമാരടക്കം മുഴുവൻ ജീവക്കാർക്കും പുതിയ നിയമം ബാധകമാണ്. ഫാഷന്‍ കാലാനുസരണം മാറുന്നുവെന്നും അതിനൊപ്പം സ്റ്റൈല്‍ നിര്‍ദേശങ്ങളും മാറ്റുകയാണെന്നുമാണ് ക്വന്റസിന്‌റെ വിശദീകരണം. നമ്മുടെ വൈവിധ്യത്തില്‍ അഭിമാനമെന്നും മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിക്കുകയാണെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

21ാം നൂറ്റാണ്ടിനനുസൃതമായ യൂണിഫോം നയം നടപ്പാക്കണമെന്ന ആവശ്യവുമായി ഓസ്‌ട്രേലിയന്‍ ട്രേഡ് യൂണിയന്‍ നേരത്തെ ക്വന്റസിനെ സമീപിച്ചിരുന്നു. ജീവനക്കാരെ സംബന്ധിച്ച് വലിയ വിജയമാണ് പുതിയ പ്രഖ്യാപനമെന്ന് ഓസ്‌ട്രേലിയന്‍ സര്‍വീസ് യൂണിയന്‍ പ്രതികരിച്ചു.

എതിരാളികളായ ചില വിമാന കമ്പനികള്‍ നയത്തില്‍ മാറ്റം വരുത്തിയതിന് പിന്നാലെയാണ് ഓസ്‌ട്രേലിയന്‍ കമ്പനിയുടെ പ്രഖ്യാപനം. കഴിഞ്ഞ സെപ്റ്റംബറില്‍ ബ്രിട്ടീഷ് എയര്‍ലൈന്‍സ് കമ്പനിയായ വിര്‍ജിന്‍ അറ്റ്‌ലാറ്റിക് ലിംഗാധിഷ്ഠിത വസ്ത്രരീതി അവസാനിപ്പിച്ചിരുന്നു. അതേസമയം ടാറ്റൂ മറച്ചുവയ്ക്കണമെന്നതടക്കം ചില നിബന്ധനകള്‍ ഇപ്പോഴും ഡ്രസ്‌കോഡില്‍ നിലനിര്‍ത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in