ബിൻ ലാദനോടൊപ്പം സവാഹിരി
ബിൻ ലാദനോടൊപ്പം സവാഹിരി

അയ്മൻ അൽ സവാഹിരി: കണ്ണ് ഡോക്ടറിൽനിന്ന് ലോകം വിറപ്പിച്ച ഭീകരനിലേക്ക്

രാഷ്ട്രീയ ഇസ്ലാമിൽനിന്ന് പ്രചോദനം, മുസ്ലീം ബ്രദർഹുഡിലുടെ തുടക്കം
Updated on
2 min read

അല്‍ ഖായിദയ്‌ക്കെതിരായ നീക്കത്തില്‍ അമേരിക്ക വീണ്ടും നിര്‍ണായക വിജയം നേടിയിരിക്കുന്നു. ഭീകര സംഘടനയുടെ നേതാവ് അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. കാബൂളില്‍ കഴിയുകയായിരുന്ന സവാഹിരിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് സ്ഥിരീകരിച്ചത്.

2011 ല്‍ ഒസാമ ബിന്‍ ലാദനെ വധിച്ചതിന് ശേഷം അല്‍ ഖായിദയെ നയിച്ചത് സവാഹിരിയായിരിന്നു.

ലോകത്തെ ഭീതിയിലാഴ്ത്തുകയും ആയിരക്കണക്കിന് പേരുടെ മരണത്തിന് കാരണമാകുകയും ചെയ്ത അല്‍ ഖായിദ എന്ന സംഘടനയുടെ തലവനായ അയ്മന്‍ അല്‍ സവാഹിരി ഈജിപ്ത്കാരനായ ഒരു കണ്ണ് ഡോക്ടറായിരുന്നു. ഡോക്ടറുമാരും പണ്ഡിതരുമടങ്ങുന്ന ഒരു മധ്യ വര്‍ഗ കുടുംബത്തിലായിരുന്നു ജനനം. ചെറുപ്പത്തില്‍തന്നെ രാഷ്ട്രീയ ഇസ്ലാമിന്റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായ സവാഹിരി ആദ്യമായി അറസ്റ്റ് ചെയ്യപ്പെടുന്നത് 15-ാം വയസ്സിലാണ്. നിരോധിക്കപ്പെട്ട മുസ്ലീം ബ്രദര്‍ഹുഡ് എന്ന സംഘടനയുടെ ഭാഗമായതിനായിരുന്നു അറസ്റ്റ്. ഇത് കഴിഞ്ഞാണ് കെയ്‌റോ സര്‍വകലാശാലയില്‍നിന്ന് ഡോക്ടര്‍ ബിരുദം നേടിയത്. ഡോക്ടറായെങ്കിലും തൻ്റെ മത രാഷ്ട്രീയം അയാൾ കൈയൊഴിഞ്ഞില്ല.

1973 ല്‍ ഇസ്ലാമിക് ജിഹാദ് രൂപികരിക്കപ്പെട്ടപ്പോള്‍ ആ സംഘടനയുടെ ഭാഗമായി. ഈജിപ്ത് പ്രസിഡന്റ് അ്ന്‍വര്‍ സാദത്ത് കൊല്ലപ്പെട്ടതിന് ശേഷമാണ് ഇയാള്‍ പിന്നീട് അറസ്റ്റ് ചെയ്യപ്പെടുന്നതും നേതാവായി പരിണമിക്കുന്നതും.

ജയില്‍ മോചിതനായതിന് ശേഷം ഇയാള്‍ സൗദി അറേബ്യയിലെത്തി. 1993 ല്‍ ഈജിപ്ത് ജിഹാദ് ഫ്രണ്ട് പുനരുജ്ജീവിക്കപ്പെട്ടപ്പോള്‍ സവാഹിരി അതിനെ നിയന്ത്രിച്ചു. ഈജിപ്ത് സര്‍ക്കാരിനെ അട്ടിമറിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ നിരവധി ആക്രമണങ്ങള്‍ സംഘടനയുടെ നേതൃത്വത്തില്‍ നടന്നു. പിന്നീട് സോവിയറ്റ് അധിനിവേശത്തിനെതിരെ അഫ്ഗാനിസ്ഥാനില്‍ ജിഹാദികളെ സംഘടിപ്പിച്ചു. പിന്നീട് ഇയാള്‍ ലോകത്തെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും 1997 ല്‍ ഒസാമ ബിന്‍ ലാദന്‍ കഴിഞ്ഞിരുന്ന ജലാലബാദിലെത്തുകയുമായിരുന്നു. വേള്‍ഡ് ഇസ്ലാമിക് ഫ്രണ്ട് ആയിരുന്നു ഇവരുടെ നേതൃത്വത്തിലുള്ള ആദ്യ സംഘടന.

കിഴക്കൻ ആഫ്രിക്കയിൽ അൽ ഖായിദ നടത്തിയ ഭീകരാക്രമണം
കിഴക്കൻ ആഫ്രിക്കയിൽ അൽ ഖായിദ നടത്തിയ ഭീകരാക്രമണം

ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇവരുടെ കൂട്ടായ്മയിലൂടെയായിരുന്നുവെന്നാണ് കരുതുന്നത്. ലോകത്തെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണങ്ങള്‍ അരങ്ങേറി. ടാന്‍സാനിയയിലേയും കെനിയയിയിലേയും അമേരിക്കന്‍ എംബസികള്‍ ആക്രമിക്കപ്പെട്ടു. 90 കളിൽ നടന്ന ഈ ആക്രമണങ്ങളില്‍ 223 പേരാണ് കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അമേരിക്കയിലെ ഭീകരാക്രമണം. ഇതിന്റെ മുഖ്യസൂത്രധാരനായിരുന്നു അയ്മല്‍ അല്‍ സവാഹിരി.

2001 ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക പുറപ്പെടുവിച്ച 22 പേരടങ്ങുന്ന കൊടുംഭീകരരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി. 25 ദശലക്ഷം ഡോളറായിരുന്നു അമേരിക്ക ഇയാളുടെ തലയ്ക്കിട്ട വില. ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെടുന്നതിന് മുമ്പ് തന്നെ സവാഹിരിയുടെ പ്രധാന്യം സംഘടനയില്‍ വ്യക്തമായിരുന്നു. അല്‍ ഖായിദ പുറത്തിറക്കിയിരുന്ന വീഡിയോകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെട്ടത് ഇയാളായിരുന്നു. ബിബിസിയുടെ കണക്കു പ്രകാരം 2007 ല്‍ ഒസാമ ബിന്‍ ലാദന്‍ പുറത്തിറിക്കയതിനെക്കാള്‍ വീഡിയോ സന്ദേശങ്ങള്‍ ഇയാളുടെ വകയായിരുന്നു. 2006 ല്‍ അമേരിക്കയുടെ വധ ശ്രമത്തില്‍നിന്ന് തലനാരിഴയ്ക്കാണ് ഇയാള്‍ രക്ഷപ്പെട്ടത്. അന്നും അയാള്‍ പാക് അഫ്ഗാന്‍ അതിര്‍ത്തിയില്‍ ആയിരുന്നു.

സവാഹിരിയുടെ അന്ത്യം എന്ത് മാറ്റമാണ് ഉണ്ടാക്കുക.?

താലിബാനും അമേരിക്കയും 2020 ൽ ഒപ്പുവെച്ച ദോഹ കരാർ
താലിബാനും അമേരിക്കയും 2020 ൽ ഒപ്പുവെച്ച ദോഹ കരാർ

ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത് പാകിസ്താനിലായിരുന്നുവെങ്കില്‍ സവാഹിരിയുടെ അന്ത്യം സംഭവിച്ചത് അഫ്ഗാനിസ്ഥാനിലാണ്. താലിബാന്റെ നിയന്ത്രണത്തിലുളള അഫ്ഗാനിസ്ഥാനില്‍. 2020 ല്‍ താലിബാനും അമേരിക്കയും ദോഹയില്‍ വെച്ച് ഒപ്പിട്ട് കാരറിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അഫ്ഗാനിസ്താനില്‍നിന്ന് പിന്‍മാറിയത്. ഭീകരര്‍ക്ക് സഹായം ചെയ്യില്ലെന്നതടക്കമുള്ള വ്യവസ്ഥകളടങ്ങിയതായിരുന്നു കരാര്‍. ഈ കരാറിന്റെ ലംഘനമാണ് സവാഹിരിയെ അഫ്ഗാനിസ്ഥാനിൽ താമസിപ്പിച്ചതുവഴി സംഭവിച്ചിരിക്കുന്നതെന്ന് അമേരിക്ക ഇതിനകം വിമര്‍ശിച്ചു കഴിഞ്ഞിട്ടുണ്ട്. സവാഹിരിക്കെതിരെ നടത്തിയ ആക്രമണം അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നാണ് താലിബാന്റെ പ്രതികരണം. എന്തായാലും ഒരിക്കല്‍ കൂടി അഫ്ഗാനിസ്ഥാനിലേക്ക് ലോക ശ്രദ്ധ ആകര്‍ഷിക്കപ്പെട്ടിരിക്കുകയാണ്. ദോഹ കരാറും അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലേക്കുള്ള രണ്ടാം വരവും താലിബാന്റെ സമീപനങ്ങളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കൂടി തെളിയിക്കുന്നതായി സവാഹിരിയുടെ അന്ത്യം

logo
The Fourth
www.thefourthnews.in