ക്വാട്ട വിരുദ്ധസമരം വീണ്ടും അക്രമാസക്തം; ബംഗ്ലാദേശിൽ ഇന്നുമാത്രം അമ്പതിലധികം പേർ മരിച്ചു
ബംഗ്ലാദേശിലെ ക്വാട്ട സംവരണവിരുദ്ധ സമരത്തിൽ ഇന്ന് അവിചാരിതമായ നീക്കം. അമ്പതിലധികം പേർ മരിച്ചതായി റിപ്പോർട്ട്. പ്രതിഷേധക്കാരും ഭരണകക്ഷിയായ അവാമി ലീഗ് പ്രവർത്തകരും തമ്മിലുള്ള സംഘർഷത്തിലാണ് ഇത്രയും പേർ മരിച്ചത്. ജൂൺ മാസം ആരംഭിച്ച, ദിവസങ്ങൾ നീണ്ട സമരത്തിൽ ഇതോടെ മരിച്ചവരുടെ എണ്ണം 250 കവിഞ്ഞു.
സമരത്തെത്തുടര്‍ന്ന് നേരത്തെ മിക്കസർക്കാർ ജോലികളിൽ നിന്നും ക്വാട്ട പിൻവലിച്ചു സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കോടതിയുടെ നീക്കം താൽക്കാലികമായി പ്രതിഷേധത്തെ തണുപ്പിച്ചെങ്കിലും ഇന്ന് വീണ്ടും പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. പ്രക്ഷോഭകാരികൾ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ നിസഹകരണ പരിപാടിയിലാണ് വീണ്ടും സംഘർഷം ആരംഭിച്ചത്.
1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര സമരത്തിന്റെ ഭാഗമായിരുന്നവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലികളിൽ നേരത്തെ നൽകിയിരുന്ന 30 ശതമാനം സംവരണം ബംഗ്ലാദേശ് സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ തുടക്കം. 2018-ൽ ഈ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ ശക്തമായ സമരം നടക്കുകയും സർക്കാർ പ്രക്ഷോഭകർക്കു മുന്നിൽ വഴങ്ങുകയും ചെയ്തതായിരുന്നു. അന്ന് സർക്കാർ പിൻവലിച്ച സംവരണം ജൂൺ മാസം സുപ്രീംകോടതി വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവരികയായിരുന്നു. അതിനെ തുടർന്ന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രത്യക്ഷസമരത്തിലേക്ക് കടന്നു.
സർക്കാരുമായി നിസഹകരണം പ്രഖ്യാപിപ്പിച്ച് ഇന്ന് രാവിലെ പ്രതിഷേധക്കാർ രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് ഭരണകക്ഷിയായ അവാമി ലീഗും അവരുടെ വിദ്യാർഥി സംഘടനയായ ഛത്ര ലീഗും പോഷക സംഘടനയായ ജൂബോ ലീഗും ഉൾപ്പെടെ ഇടിച്ച് കയറുകയും സംഘർഷം ആരംഭിക്കുകയുമായിരുന്നു.
സംഘർഷത്തിൽ ഏറ്റവും കുറഞ്ഞത് 18 പേരെങ്കിലും മരിച്ചിട്ടുണ്ട് എന്നാണ് ബംഗ്ലാദേശി പത്രം ധാക്കാ ട്രിബ്യുണ് റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച വൈകുന്നേരം 6മണി മുതൽ രാജ്യമെമ്പാടും നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ് ബംഗ്ലാദേശ് സർക്കാർ. 'ഇപ്പോൾ പ്രതിഷേധിക്കുന്നവർ വിദ്യാർത്ഥികളല്ല തീവ്രവാദികളാണ്' എന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അഭിപ്രായപ്പെട്ടത്. അവരെ ശക്തമായി അടിച്ചമർത്തണമെന്നും ഹസീന ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രധാന സേനാവിഭാഗങ്ങളുടെ തലവന്മാരുമായി നടത്തിയ ചർച്ചയിൽ രാജ്യത്തെമ്പാടും പുതിയ ആക്രമണം ആരംഭിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിലയിരുത്തിയത്.
രംഗ്പുരിൽ നാല് അവാമി ലീഗ് പ്രവർത്തകർ കൊലചെയ്യപ്പെട്ടതായും നൂറോളം പ്രവർത്തകർക്ക് പരിക്കേറ്റതായും, ബൊഗ്രയിലും മഗുറയിലുമായി വേറെയും രണ്ടുപേർ മരിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സിറാജ്ഗഞ്ചിൽ നാലുപേർ കൊല്ലപ്പെട്ടു. കോമില്ലയിൽ ഒരു ജൂബോ ലീഗ് പ്രവർത്തകൻ മരിക്കുകയും, കുട്ടികൾ ഉൾപ്പെടെ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ധാക്കയിലെ ഷഹബാഗിൽ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് പ്രതിഷേധക്കാർ പൊതുനിരത്തുകൾ തടഞ്ഞുകൊണ്ട് സമരം തുടരുകയാണെന്നുമുള്ള വിവരങ്ങളും വരുന്നു. ക്വാട്ട സംവരണവിരുദ്ധ വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ഭാഗമായി നിൽക്കുന്നവരുടെ ആവശ്യം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയും, അവരുടെ കൂടെ സമരംചെയ്തു മരണം വരിച്ചവർക്കു നീതിയുമാണ്.
ബംഗബന്ധു ഷെയ്ഖ് മുജീബ് മെഡിക്കൽ സർവാളാശാലയ്ക്കു പുറത്ത് പ്രക്ഷോഭകാരികൾ റോഡിലുള്ള വാഹനങ്ങൾ ഉൾപ്പെടെ അക്രമിച്ചുകൊണ്ടിരിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.
സമരം ചെയ്യുന്ന വിദ്യാർത്ഥികളെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചർച്ചയ്ക്കു വിളിച്ചെങ്കിലും വിദ്യാർഥികൾ അത് നിരസിച്ചു. അവർ സർക്കാരിന്റെ രാജി എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ്. സമരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെയും, പ്രൊഫഷണലുകളെയും, രാഷ്ട്രീയ പ്രവർത്തകരെയുമുൾപ്പെടെ വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ആളുകളെ സ്വാഗതം ചെയ്തിരുന്നു.
ശനിയാഴ്‌ച നടന്ന റാലിയിൽ സംഘർഷമുണ്ടാവുകയും ഒരാൾ മരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായതാണ് ഇന്നത്തെക്ക് കാര്യങ്ങൾ കൂടുതൽ വഷളാകാനുള്ള കാരണം.
വിദ്യാഭ്യാസമന്ത്രി മോഹിബിൽ ഹസൻ ചൗധുരി നൗഫൽ, മേയർ റസൗൾ കരിം ചൗധുരി എന്നിവരുടെ വീടുകൾ അക്രമിക്കപ്പെട്ടിരുന്നു. അതിന്റെ തിരിച്ചടിയായി പ്രതിപക്ഷത്തുള്ള ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ നേതാക്കളും ആക്രമിക്കപ്പെട്ടു. അതിൽ സ്റ്റാന്റിംഗ് കമ്മിറ്റി അംഗം ആമിർ കൊസ്രു മഹ്മൂദ് ചൗധുരിയും ഉൾപ്പെടും.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ക്വാട്ട സംവരണവിരുദ്ധ വിദ്യാർത്ഥി മുന്നേറ്റത്തിന്റെ ഭാഗമായി നിൽക്കുന്നവരുമായി ചർച്ച നടത്താൻ തീരുമാനിക്കുന്നത്. എന്നാൽ വിദ്യാർഥികൾ ചർച്ചയ്ക്ക് തയ്യാറായില്ല.