ബംഗ്ലാദേശ് പ്രതിഷേധം: സർവകലാശാലകള്‍ അടച്ചു; അതിർത്തി കടന്ന് നാട്ടിലേക്ക് മടങ്ങി ഇന്ത്യൻ വിദ്യാർഥികള്‍

ബംഗ്ലാദേശ് പ്രതിഷേധം: സർവകലാശാലകള്‍ അടച്ചു; അതിർത്തി കടന്ന് നാട്ടിലേക്ക് മടങ്ങി ഇന്ത്യൻ വിദ്യാർഥികള്‍

കഴിഞ്ഞ് മൂന്ന് ആഴ്‌ചയിലധികമായി ബംഗ്ലാദേശില്‍ പ്രതിഷേധം തുടരുകയാണ്
Updated on
1 min read

സർക്കാർ ജോലികളില്‍ സംവരണം പുനഃസ്ഥാപിച്ചതില്‍ പ്രതിഷേധം തുടരുന്ന ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യൻ വിദ്യാർഥികള്‍ മടങ്ങുന്നു. മൂന്നൂറിലധികം വിദ്യാർഥികൾ ലഭ്യമായ മാർഗങ്ങള്‍ ഉപയോഗിച്ച് അതിർത്തി കടന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ബംഗ്ലാദേശിലെ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ നൂറിലധികം പേർ മരിച്ചിട്ടുണ്ട്.

കഴിഞ്ഞ് മൂന്ന് ആഴ്‌ചയിലധികമായി ബംഗ്ലാദേശില്‍ പ്രതിഷേധം തുടരുകയാണ്. തിങ്കളാഴ്ച ധാക്ക സർവകലാശാലയിലും പ്രതിഷേധം കനത്തതോടെ രാജ്യത്തെ എല്ലാ സർവകലാശാലകളും അടയ്ക്കാൻ സർക്കാർ ഉത്തരവിട്ടു.

എംബിബിഎസ് വിദ്യാർഥികളാണ് മടങ്ങി വന്നവരില്‍ കൂടുതലും. ഉത്തർ പ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു കശ്മീർ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് വിദ്യാർഥികള്‍. ത്രിപുരയിലെ അഗർത്തലയ്ക്ക് സമീപമുള്ള അഖുറ അന്താരാഷ്ട്ര തുറമുഖവും മേഘാലയിലെ ഡാവ്‌കിയിലുള്ള തുറമുഖവുമാണ് വിദ്യാർഥികള്‍ ഉപയോഗിക്കുന്നത്.

പ്രതിഷേധം ശമിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാല്‍ അത് സംഭവിക്കാത്ത പശ്ചാത്തലത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും വിദ്യാർഥികള്‍ പറയുന്നു. ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതും മടക്കത്തിന്റെ കാരണമായി.

ബംഗ്ലാദേശ് പ്രതിഷേധം: സർവകലാശാലകള്‍ അടച്ചു; അതിർത്തി കടന്ന് നാട്ടിലേക്ക് മടങ്ങി ഇന്ത്യൻ വിദ്യാർഥികള്‍
ബിജെപിയെ നിരീക്ഷിക്കാന്‍ 'നിഴല്‍ മന്ത്രിസഭ'; ഒഡിഷയില്‍ പട്‌നായിക്കിന്റെ പുതിയ പ്രതിപക്ഷ തന്ത്രങ്ങള്‍

"ചിറ്റഗോങ്ങിലെ മറൈൻ സിറ്റി മെഡിക്കല്‍ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ രണ്ടാം വർഷ വിദ്യാർഥിയാണ് ഞാൻ. സാഹചര്യം വളരെ മോശമാണ്. പല നിയന്ത്രണങ്ങളും നിലവില്‍ വന്നിട്ടുണ്ട്. നിരവധി വിദ്യാർഥികള്‍ മടങ്ങി വരുന്നു. ഇന്റർനെറ്റ് സേവനങ്ങള്‍ പലമേഖലകളിലുമില്ല. അതിനാല്‍ കുടുംബവുമായി സംസാരിക്കാനോ ഒന്നും സാധിക്കുന്നില്ല. വിമാനടിക്കറ്റുകളും ലഭ്യമല്ല. അതിനാലാണ് റോഡ് മാർഗം അഗർത്തലയിലേക്ക് എത്തേണ്ടി വന്നത്," ഹരിയാന സ്വദേശിയായ ആമിർ പറയുന്നു.

ചൊവ്വാഴ്‌ച വരെ സാഹചര്യം ദുഷ്കരമായിരുന്നില്ലെന്നാണ് മറൈൻ സിറ്റിയിലെ തന്നെ വിദ്യാർഥിയായ മുഹമ്മദ് ഫായിസ് അബ്ദുള്ള ഖാൻ പറയുന്നത്.

"കോളേജ് അടച്ചുതന്നെ തുടരുമെന്നാണ് അധികൃതർ അറിയിച്ചത്. അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നവർക്ക് നാട്ടിലേക്ക് മടങ്ങാമെന്ന് പ്രിൻസിപ്പലാണ് നിർദേശിച്ചത്. ഇതേ നിർദേശം തന്നെയാണ് ഇന്ത്യൻ എംബസിയിലുള്ളവരും നല്‍കിയത്. യാത്രയ്ക്കുള്ള തടസം നേരിടുകയാണെങ്കില്‍ ബന്ധപ്പെടണമെന്നുമാണ് എംബസി അധികൃതർ പറഞ്ഞത്," മുഹമ്മദ് കൂട്ടിച്ചേർത്തു.

സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ മണിക്കൂറുകള്‍ യാത്ര ചെയ്താണ് പല വിദ്യാർഥികളും നാട്ടിലേക്ക് മടങ്ങിയത്. മേഘാലയ വഴി ഇരുനൂറിലധികം വിദ്യാർഥികള്‍ അതിർത്തി കടന്നതായാണ് ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്. ഭൂട്ടാൻ, നേപ്പാള്‍ എന്നിവിടങ്ങള്‍ വഴിയും രാജ്യത്തേക്ക് മടങ്ങിയവരുണ്ട്.

logo
The Fourth
www.thefourthnews.in