പ്രശസ്ത ബംഗ്ലാദേശി സംവിധായകന്‍ സയ്യിദ് സലാഹുദ്ദീന്‍ സകി അന്തരിച്ചു
പ്രശസ്ത ബംഗ്ലാദേശി സംവിധായകന്‍ സയ്യിദ് സലാഹുദ്ദീന്‍ സകി (77) അന്തരിച്ചു. കഴിഞ്ഞ ദിവസം രാത്രി 11:53ന് ഗുല്‍ഷാനിലെ യുണൈറ്റഡ് ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംവിധായകന്‍ എന്ന നിലയില്‍ മാത്രമല്ല, കഥാകൃത്ത്, സംഭാഷണ രചയിതാവ്, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ്.
1980ല്‍ പുറത്തിറങ്ങിയ ആദ്യ ചലച്ചിത്രമായ ഖുഡ്ഡി നിരൂപക പ്രശംസയും വാണിജ്യവിജയവും നേടിയ സിനിമയായിരുന്നു. ഈ സിനിമ സകിക്ക് മികച്ച സംഭാഷണ രചയിതാവിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും നേടിക്കൊടുത്തു. ലാല്‍ ബനാറസി, അയ്‌ന ബിബിര്‍ പാല തുടങ്ങിയ പ്രശസ്ത സിനിമകളും സകി ബംഗ്ലാദേശി സിനിമാ മേഖലയ്ക്ക് സംഭാവന ചെയ്തു.
1990കളില്‍ ബംഗ്ലാദേശ് ടെലിവിഷന്റെ ഡയറക്ടര്‍ ജനറലായും പ്രവര്‍ത്തിച്ചു. അപരാജയോ ഏക, ക്രാന്തികള്‍ എന്നീ രണ്ട് സിനിമകളും അടുത്തിടെ സകി പൂര്‍ത്തീകരിച്ചിരുന്നു. 1946 ഓഗസ്റ്റ് 26നായിരുന്നു സകിയുടെ ജനനം. രണ്ട് മക്കളുണ്ട്. ഇരുവരും കാനഡയിലാണ് സ്ഥിര താമസം. മക്കള്‍ തിരികെ വന്നതിന് ശേഷമാകും സംസ്‌കാര ചടങ്ങുകള്‍.