'ജിമ്മി ജിമ്മി ആജാ ആജാ'; ബപ്പി ലാഹിരിയുടെ പാട്ടുമായി ചൈനയില്‍ പ്രതിഷേധം
കോവിഡ് വ്യാപനത്തെ തുടർന്ന് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ച ചൈനയിൽ സർക്കാരിനെതിരെ ഉയരുന്നത് ഒരു ഹിന്ദി ഗാനത്തിന്റെ ചൈനീസ് വേര്‍ഷനാണ്. പ്രശസ്ത ഗായകൻ ബപ്പി ലാഹിരിയുടെ 'ജിമ്മി ജിമ്മി ആജാ ആജാ' എന്ന ഗാനമാണ് ഇത്തവണ ചൈനയിലെ പ്രതിഷേധക്കാര്‍ ആയുധമാക്കിയിരിക്കുന്നത്. മാൻഡറിൻ ഭാഷയിൽ ആലപിച്ച 'ജീ മി, ജീ മി' എന്നതാണ് പാട്ടിന്റെ ചൈനീസ് വേർഷൻ. 'എനിക്ക് ഭക്ഷണം തരൂ' എന്നതാണ് ഇതിനർത്ഥം. ചൈനീസ് സാമൂഹിക മാധ്യമമായ ഡൗയീനിലാണ് പ്രതിഷേധത്തിന്റെ വീഡിയോ നിറയുന്നത്. ഒഴിഞ്ഞ പാത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് ആളുകളുടെ പ്രതിഷേധം. വീഡിയോയിൽ ഒഴിഞ്ഞ ഭക്ഷണപാത്രങ്ങളും ആളുകൾ കാണിക്കുന്നുണ്ട്. 1982ൽ പുറത്തിറങ്ങിയ 'ഡിസ്കോ ഡാൻസർ' എന്ന സിനിമയ്ക്കായി ബപ്പി ലാഹിരി ഒരുക്കിയ ഗാനമാണിത്. ബപ്പി രചിച്ച ഗാനം പാടിയത് പാർവ്വതി ഖാൻ ആണ്.
അതേസമയം കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ച ഷെങ്ഷൂ പ്രവിശ്യയിൽ ഐഫോൺ ഫാക്ടറിയിൽ നിന്ന് തൊഴിലാളികൾ രക്ഷപ്പെടുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ചൈനയിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയായ ഫോക്‌സ്‌കോൺ കമ്പനിയിൽ നിന്നാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. രോഗവ്യാപനത്തെ തുടർന്ന് നിരവധി തൊഴിലാളികളെ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. ഞായറാഴ്ച 2675 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
36 ചൈനീസ് നഗരങ്ങളിലാണ് ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടുളളത്. ഒമിക്രോണിന്റെ അതീവ വ്യാപന ശേഷിയുള്ള രണ്ട് ഉപ വകഭേദങ്ങൾ കൂടി കണ്ടെത്തിയതോടെയാണ് വീണ്ടും ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഒമിക്രോണിന്റെ വകഭേദങ്ങളായ ബി എഫ് 7, ബി എ 5.1.7 എന്നിവയാണ് കണ്ടെത്തിയത്. രാജ്യത്തെ നിരവധി സ്കൂളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരിക്കുകയാണ്.