ബെഞ്ചമിന്‍ ബെറെല്‍ ഫെറന്‍സ് അന്തരിച്ചു ; ന്യൂറെംബര്‍ഗ് നാസി വിചാരണയില്‍ പങ്കെടുത്തതിലെ അവസാന വ്യക്തി

ബെഞ്ചമിന്‍ ബെറെല്‍ ഫെറന്‍സ് അന്തരിച്ചു ; ന്യൂറെംബര്‍ഗ് നാസി വിചാരണയില്‍ പങ്കെടുത്തതിലെ അവസാന വ്യക്തി

1947 ല്‍ ഇരുപത്തിയേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം ന്യൂറെംബര്‍ഗില്‍ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിക്കുന്നത്
Updated on
1 min read

വിഖ്യാത അമേരിക്കന്‍ അഭിഭാഷകന്‍ ബെഞ്ചമിന്‍ ബെറെല്‍ ഫെറന്‍സ് (103) അന്തരിച്ചു. വംശഹത്യ യുദ്ധക്കുറ്റങ്ങള്‍ക്ക് നാസികളെ വിചാരണ ചെയ്ത ന്യൂറെംബര്‍ഗ് വിചാരണയില്‍ പങ്കെടുത്തതില്‍ ജീവിച്ചിരുന്ന അവസാന വ്യക്തിയായിരുന്നു ബെഞ്ചമിന്‍ ഫെറന്‍സ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അദ്ദേഹത്തിന് 103 വയസ് തികഞ്ഞിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഫ്ലോറിഡയിലെ ബോയ്ന്റണ്‍ ബീച്ചില്‍ വെച്ചായിരുന്നു ഫെറന്‍സിന്റെ അന്ത്യം. ന്യൂറംബര്‍ഗ് പരീക്ഷണങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റിയിലെ നിയമ പ്രൊഫസര്‍ ജോണ്‍ ബാരറ്റ് ആണ് മരണവാര്‍ത്ത പുറത്തുവിട്ടത്. വാഷിംഗ്ടണിലെ യുഎസ് ഹോളോകാസ്റ്റ് മ്യൂസിയവും ബെഞ്ചമിന്‍ ഫെറന്‍സിന്റെ മരണം സ്ഥിരീകരിച്ചു. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയുടെയും അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെയും ഇരകള്‍ക്ക് നീതിക്കായി പോരാടിയ വ്യക്തിയെ ലോകത്തിന് നഷ്ടമായി എന്നായിരുന്നു ബെഞ്ചമിന്‍ ഫെറന്‍സിന്റെ മരണത്തെ കുറിച്ച് യുഎസ് ഹോളോകാസ്റ്റ് മ്യൂസിയത്തിന്റെ ട്വീറ്റ്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം നാസി യുദ്ധക്കുറ്റങ്ങളെ കുറിച്ച് അന്വേഷണം നടത്തിയതിലൂടെ ശ്രദ്ധേയനായിരുന്നു ബെഞ്ചമിന്‍ ഫെറന്‍സ്. ജര്‍മ്മനിയിലെ ന്യൂറംബര്‍ഗില്‍ യുഎസ് നടത്തിയ 12 വിചാരണകളില്‍ ഒന്നായ ഐന്‍സാറ്റ്സ്ഗ്രൂപ്പൻ ട്രയലില്‍ യുണൈറ്റഡ് സ്റ്റേറ്റ്സ് ആര്‍മിയുടെ ചീഫ് പ്രോസിക്യൂട്ടറായിരുന്നു ബെഞ്ചമിന്‍.

1920 ല്‍ ട്രാന്‍സില്‍വാനിയയിലാണ് ബെഞ്ചമിന്‍ ഫെറന്‍സിന്റെ ജനനം. വ്യാപകമായ യഹൂദ വിരുദ്ധതയില്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ ബെഞ്ചമിന്‍ മാതാപിതാക്കള്‍ക്കൊപ്പം ന്യൂയോര്‍ക്കിലേക്ക് രക്ഷപ്പെട്ടു. രണ്ടാം ലോകമഹായുദ്ധ സമയത്ത് നോര്‍മാണ്ടി ആക്രമണത്തില്‍ ഭാഗമാകാന്‍ ബെഞ്ചമിന്‍ യുഎസ് ആര്‍മിയില്‍ ചേര്‍ന്നു. അദ്ദേഹത്തിന്റെ നിയമപശ്ചാത്തലം ഉപയോഗിച്ച് യുഎസ് സൈനികര്‍ക്കെതിരെയുള്ള നാസി യുദ്ധ കുറ്റങ്ങളുടെ അന്വേഷകനായി ബെഞ്ചമിന്‍ ഫെറന്‍സ് ചുമതലയേറ്റു.

ബെഞ്ചമിന്‍ ബെറെല്‍ ഫെറന്‍സ് അന്തരിച്ചു ; ന്യൂറെംബര്‍ഗ് നാസി വിചാരണയില്‍ പങ്കെടുത്തതിലെ അവസാന വ്യക്തി
രണ്ടാം ലോക യുദ്ധകാലത്ത് 10,500 ലേറെ പേരെ കൊലപ്പെടുത്തി;97കാരിയായ മുൻ നാസി സെക്രട്ടറിക്ക് തടവ് ശിക്ഷ വിധിച്ച് കോടതി

സൈന്യം നാസി ക്യാമ്പിലെ പട്ടിണിപാവങ്ങളുമായി ഏറ്റുമുട്ടുന്നുവെന്ന യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ഫെര്‍നസ് ജര്‍മ്മനിയിലെ ഓര്‍ഡ്രൂഫ് ലേബര്‍ ക്യാമ്പിലും ബുച്ചന്‍വാള്‍ഡ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലും സന്ദര്‍ശിച്ചു. അവിടെയും മറ്റ് ക്യാമ്പുകളിലും കണ്ട ദുരിത പൂര്‍ണമായ കാഴ്ചകളെക്കുറിച്ച് അദ്ദേഹം പിന്നീട് വ്യക്തമാക്കിയിരുന്നു.

1947 ല്‍ ഇരുപത്തിയേഴ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് അദ്ദേഹം ന്യൂറെംബെര്‍ഗില്‍ പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിക്കുന്നത്. ഒരു അന്തരാഷ്ട്ര ക്രിമിനല്‍ കോടതിക്കായി അദ്ദേഹം പതിറ്റാണ്ടുകളോളം വാദിച്ചു. നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ ഒരു അന്താരാഷ്ട്ര ട്രിബ്യൂണല്‍ സ്ഥാപിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ ലക്ഷ്യം സാക്ഷാകരിച്ചു. വാഷിംഗ്ടണില്‍ യുഎസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ മ്യൂസിയം സ്ഥപിക്കപ്പെട്ടതിലും അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.1985 മുതല്‍ 1996 വരെ പേസ് യൂണിവേഴ്സിറ്റിയില്‍ അന്താരാഷ്ട്ര നിയമ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രൊഫസറായും ഫെറന്‍സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in