തീവ്ര നിലപാടുകള്‍ തുണച്ചു: ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്
ഇസ്രായേലില്‍ പ്രധാനമന്ത്രിയായി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും അധികാരത്തിലേക്ക്. 99 ശതമാനത്തോളം വോട്ടുകള്‍ എണ്ണിയപ്പോള്‍ 64 സീറ്റുകളാണ് ബെഞ്ചമിന്‍ നെതന്യാഹു നയിക്കുന്ന തീവ്ര വലതുപക്ഷ സഖ്യത്തിന് ലഭിച്ചിരിക്കുന്നത്. 120 സീറ്റുകളുള്ള ഇസ്രായേല്‍ നെസറ്റില്‍ (പാര്‍ലമെന്റ്) 61 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്. വിജയം ഉറപ്പിച്ചതോടെ സഖ്യകക്ഷികളുമായി ചര്‍ച്ചയിലാണ് നെതന്യാഹു. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെതന്യാഹു തിരിച്ചുവരുന്നത്.
120 സീറ്റുകളുള്ള ഇസ്രായേല്‍ നെസറ്റില്‍ 61 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ വേണ്ടത്
12 വര്‍ഷം തുടര്‍ച്ചയായി പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്ന നെതന്യാഹു കഴിഞ്ഞ ജൂണിലാണ് രാജിവച്ചത്. പിന്നീട് അധികാരത്തിലേറിയ യാമിന പാര്‍ട്ടി നേതാവ് നഫ്താലി ബെനറ്റ് ഇക്കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടതോടെയാണ് പുതിയ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നെതന്യാഹുവിന്റെ വിജയത്തില്‍ നിലവിലെ പ്രധാനമന്ത്രി യെയര്‍ ലാപിഡ് അഭിനന്ദിക്കുകയും ചെയ്തു.
സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റിയുടെ കണക്കനുസരിച്ച് 99 ശതമാനത്തോളം ബാലറ്റുകളും എണ്ണിക്കഴിഞ്ഞിട്ടുണ്ട്. നാല് വര്‍ഷത്തിനിടയില്‍ രാജ്യത്ത് നടക്കുന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പാണിത്. ഏറ്റവും വലിയ ഒറ്റകക്ഷിയാണെങ്കിലും സഖ്യമുണ്ടാക്കാതെ നെതന്യാഹുവിന് ഭരണത്തിലേറാന്‍ സാധിക്കില്ല. തീവ്ര വലതുപക്ഷത്തെ കൂട്ടുപിടിച്ചാണ് നെതന്യാഹുവിന്റെ മടങ്ങി വരവ്. വിജയം ഉറപ്പിച്ചതോടെ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് അടുത്തയാഴ്ച നെതന്യാഹുവിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള 42 ദിവസത്തെ സമയം നല്‍കും.
തീവ്ര വലതുപക്ഷമായ റിലീജിയസ് സയണിസം പാര്‍ട്ടിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത
പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുമായി അദ്ദേഹം ചര്‍ച്ച നടത്തുകയാണ്. 32 സീറ്റുകളാണ് നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് ലഭിച്ചത്. യെഷ് ആറ്റിഡ് പാര്‍ട്ടി 24, റിലീജിയസ് സയണിസ്റ്റ് പാര്‍ട്ടി 14, നാഷണല്‍ യൂണിറ്റി പാര്‍ട്ടി 12, ഷാസ് 11, യുണൈറ്റഡ് ടോറ ജൂഡായിസം 7, ഇസ്രായേല്‍ ബെയ്‌റ്റേനു -6, അറബ് പാര്‍ട്ടി 5, ഹദാഷ് താല്‍ 5, ലേബര്‍-4 എന്നിങ്ങനെയാണ് സീറ്റ് നില.
തീവ്ര വലതുപക്ഷമായ റിലീജിയസ് സയണിസ്റ്റ് പാര്‍ട്ടിയെ സഖ്യത്തില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. ഈ പാര്‍ട്ടിയുടെ നേതാക്കളായ ഇറ്റാമര്‍ ബെന്‍ ഗ്വിര്‍, ബെസാലെല്‍ സ്‌ട്രോമിച്ച് എന്നിവര്‍ അറബ് വിരുദ്ധതയ്ക്ക് പേര് കേട്ടവരാണ്. വിശ്വസ്തയില്ലാത്ത പൗരന്മാരെ നാടു കടത്തണമെന്നും അറബ് രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്നും വാദിക്കുന്നവരാണ് ഇരുവരും. തീവ്ര ദേശീയ വാദിയായ മെയര്‍ കഹാനെയുടെ അനുയായിയാണ് ബെന്‍ ഗ്വീര്‍. അദ്ദേഹത്തിന്റെ സംഘടന ഇസ്രായേലില്‍ നിരോധിക്കുകയും, അമേരിക്കയില്‍ ഒരു തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിക്കുകയും ചെയ്തതാണ്.
അക്രമം വര്‍ധിച്ച പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് നടന്നത്.
സ്‌മോട്രിച്ച് പ്രതിരോധമന്ത്രിയാകാനും, ബെന്‍ ഗ്വിര്‍ പൊതു സുരക്ഷാ മന്ത്രിയാകാനും ആഗ്രഹം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്രായേല്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറുസലേമിലും അധിനിവേശ വെസ്റ്റ് ബാങ്കിലും അക്രമം വര്‍ധിച്ച പശ്ചാത്തലത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഒക്ടോബറില്‍ മാത്രം ഈ പ്രദേശങ്ങളില്‍ കുറഞ്ഞത് 34 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
നെതന്യാഹു അധികാരത്തിലേറിയാല്‍ പ്രതിസന്ധി നേരിടാന്‍ പോകുന്നതും ഈ വിഷയങ്ങളിലായിരിക്കും. കടുത്ത രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് ജൂത രാഷ്ട്രമായ ഇസ്രായേല്‍ ഇപ്പോള്‍ കടന്നു പോകുന്നത്. നാല് വര്‍ഷത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ തിരഞ്ഞെടുപ്പാണിത്. ഭരണ നേതൃത്വത്തിന്റെ അഭാവം രാജ്യത്തെ ഭരണ കാര്യങ്ങളെ താളം തെറ്റിക്കുന്നുണ്ട്. ഇനിയെങ്കിലും അതിനൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.