'ഓസ്‌ലോ ഉടമ്പടി ഒരു തെറ്റായിരുന്നു, അതിന് അന്നും ഇന്നും എതിരാണ്'; പലസ്തീന്‍ ആരോപണം ശരിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

'ഓസ്‌ലോ ഉടമ്പടി ഒരു തെറ്റായിരുന്നു, അതിന് അന്നും ഇന്നും എതിരാണ്'; പലസ്തീന്‍ ആരോപണം ശരിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടം രൂക്ഷമായിനെ തുടര്‍ന്നാണ്, സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുപക്ഷവും ഓസ്‌ലോ കരാറില്‍ ഒപ്പുവച്ചത്
Updated on
2 min read

മൂന്നു പതിറ്റാണ്ട് മുമ്പ് നിലവില്‍ വന്ന ഓസ്‌ലോ ഉടമ്പടിക്ക് താന്‍ തുരങ്കംവയ്ക്കുകയാണെന്ന പലസ്തീന്‍ ആരോപണം ശരിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഓസ്‌ലോ കരാര്‍ നിലവില്‍ വരാതിരിക്കാന്‍ അന്ന് താന്‍ ഏറെ പരിശ്രമിച്ചിട്ടുണ്ടെന്നും ഇന്നും താന്‍ ആ കരാറിനെതിരാണെന്നും ഓസ്‌ലോയില്‍ ഒപ്പുവച്ച ഉടമ്പടി ഇസ്രയേലിനെ സംബന്ധിച്ച് ഒരു വലിയ തെറ്റാണെന്നും നെതന്യാഹു വ്യക്തമാക്കി. പ്രത്യേക പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിന് വേണ്ടി പിഎല്‍ഒയും ഇസ്രയേലും തമ്മില്‍ ഒപ്പുവച്ചതാണ് ഓസ്‌ലോ ഉടമ്പടി. എന്നാല്‍, ഈ ഉടമ്പടി നടപ്പാക്കാന്‍ ഇസ്രയേല്‍ സമ്മതിക്കുന്നില്ലെന്ന് പലസ്തീന്‍ നിരന്തരം ആരോപിക്കുന്നുണ്ട്. ടെല്‍ അവീവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നെതന്യാഹു ഓസ്‌ലോ ഉടമ്പടി നടപ്പാക്കുന്നതിന് എതിരെ താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തുറന്നുപറഞ്ഞത്.

'ഓസ്‌ലോ ഉടമ്പടിക്ക് തടസം നിന്നെന്നും പലസ്തീന്‍ രാഷ്ട്രനിര്‍മാണം തടഞ്ഞെന്നും കഴിഞ്ഞ 30 വര്‍ഷമായി നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തുന്നു. അത് ശരിയാണ്. ഗാസയും വെസ്റ്റ് ബാങ്കും പിഎല്‍ഒയ്ക്ക് നല്‍കാമെന്നത് ഞാന്‍ പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് നടപ്പിലാക്കിയ തീരുമാനം ആയിരുന്നു. അതൊരു വലിയ തെറ്റാണെന്ന് ഞാന്‍ കരുതുന്നു'. -നെതന്യാഹു പറഞ്ഞു.

'ഓസ്‌ലോ ഉടമ്പടി ഒരു തെറ്റായിരുന്നു, അതിന് അന്നും ഇന്നും എതിരാണ്'; പലസ്തീന്‍ ആരോപണം ശരിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
ഗാസയുടെ മറവിൽ വെസ്റ്റ് ബാങ്കിലെ ഇസ്രയേലിന്റെ 'അധിനിവേശ വിപുലീകരണ പദ്ധതി'

എന്താണ് ഓസ്‌ലോ ഉടമ്പടി?

ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടം രൂക്ഷമായതിനെ തുടര്‍ന്നാണ്, സമാധാന ശ്രമങ്ങളുടെ ഭാഗമായി ഇരുപക്ഷവും ഓസ്‌ലോ കരാറില്‍ ഒപ്പുവച്ചത്. രണ്ട് കരാറുകളാണ് അമേരിക്കയുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയത്. അതിര്‍ത്തികളുള്ളതും പൂര്‍ണ സ്വതന്ത്രവുമായ പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുക എന്നതായിരുന്നു ഓസ്‌ലോ ഉടമ്പടികളുടെ പ്രധാന ലക്ഷ്യം. 1993 സെപ്റ്റംബര്‍ 13ന് അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇസഹാഖ് റബിനും പിഎല്‍ഒ നേതാവ്‌ യാസര്‍ അറഫത്തുമാണ് ഉടമ്പടിയില്‍ ഒപ്പുവച്ചത്. നോര്‍വെയുടെ തലസ്ഥാനമായ ഓസ്‌ലോയില്‍ വച്ചാണ് ഉടമ്പടി രൂപീകരിച്ചത്. വൈറ്റ് ഹൗസില്‍ വച്ചാണ് ഒപ്പുവച്ചത്.

1967ലെ അറബ് യുദ്ധത്തില്‍ കയ്യേറിയ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ പിന്‍മാറി ഗാസയും വെസ്റ്റ് ബാങ്കും ചേര്‍ത്ത് സ്വതന്ത്ര പലസ്തീന്‍ രാജ്യം രൂപീകരിക്കുക എന്നതായിരുന്നു കരാറിലെ വ്യവസ്ഥ. അതേസമയം ഇരുരാജ്യങ്ങളും അവകാശ വാദം ഉന്നയിക്കുന്ന ജറുസലേമിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാമെന്നും ധാരണയിലെത്തി. ഇത്‌ ഇസ്രയേലും പിഎല്‍ഒയും പരസ്പരം അംഗീകരിക്കുകയും ചെയ്തു. 1995ല്‍ കരാറിലെ വ്യവസ്ഥകളില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും രണ്ടാം ഓസ്‌ലോ കരാറില്‍ ഇരു നേതാക്കളും ഒപ്പുവയ്ക്കുകയും ചെയ്തു.

'ഓസ്‌ലോ ഉടമ്പടി ഒരു തെറ്റായിരുന്നു, അതിന് അന്നും ഇന്നും എതിരാണ്'; പലസ്തീന്‍ ആരോപണം ശരിവച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി
ഗാസ യുഎന്‍ പ്രമേയം; ഇന്ത്യയുടെ പിന്തുണയ്ക്ക് പിന്നില്‍ മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്വപ്നങ്ങളോ?

ഇസ്രയേലിലെ തീവ്ര വലതുപക്ഷക്കാര്‍ ഓസ്‌ലോ കരാര്‍ നടപ്പിലാക്കുന്നതിന് എതിരെ നിരന്തം രംഗത്തുവന്നിരുന്നു. പിഎല്‍ഒ ഭീകര സംഘടനയാണെന്നും ഒരുതരത്തിലുള്ള സന്ധിയും ആവശ്യമില്ല എന്നായിരുന്നു ഇവരുടെ നിലപാട്. ഉടമ്പടി പ്രാബല്യത്തില്‍ വന്നാല്‍ അധിനിവേശ പ്രദേശങ്ങളിലെ അനധികൃത കുടിയേറ്റങ്ങളില്‍നിന്ന് ഒഴിയേണ്ടിവരുമെന്നും ഇസ്രയേല്‍ ഭയന്നു.

ഓസ്‌ലോ കരാറിനെ അംഗീകരിക്കാന്‍ ഹമാസും തയാറായിരുന്നില്ല. 1948ല്‍ ഇസ്രയേല്‍ സ്ഥാപിതമായപ്പോള്‍ കുടിയിറക്കെപ്പെട്ട പലസ്തീന്‍ ജനതയ്ക്ക് ഈ കരാര്‍ കൊണ്ട് നീതി ലഭിക്കില്ല എന്നായിരുന്നു ഹമാസിന്റെ നിലപാട്. വെസ്റ്റ് ബാങ്കിലും ഗാസയിലും ഇസ്രയേല്‍ നിരന്തരം സൈനിക നീക്കങ്ങള്‍ നടത്തുകയും കുടിയേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഹമാസിന്റെ നേതൃത്വത്തില്‍ രണ്ടാം ഇന്‍തിഫാദ ശക്തമാവുകയും ചെയ്തതോടെ ഓസ്‌ലോ കരാറിന് പ്രസക്തിയില്ലാതെ പോയി.

logo
The Fourth
www.thefourthnews.in