നീന്തല്‍കുളങ്ങളില്‍ ഇനി മുതല്‍ സ്ത്രീകള്‍ക്കും മേല്‍വസ്ത്രമില്ലാതെ ഇറങ്ങാം; വിവേചനം അവസാനിപ്പിക്കാന്‍ ബെര്‍ലിന്‍
മേൽവസ്ത്രങ്ങൾ ഇല്ലാതെ ഇനിമുതല്‍ എല്ലാവര്‍ക്കും ജര്‍മന്‍ തലസ്ഥാനമായ ബര്‍ലിനിലെ പൊതു നീന്തൽക്കുളങ്ങൾ ഉപയോഗിക്കാം. സണ്‍ബാത്തിന് മേല്‍വസ്ത്രങ്ങളില്ലാതെ ഇറങ്ങാന്‍ പുരുഷന്മാര്‍ക്ക് മാത്രം അനുമതി നല്‍കിയത് വിവേചനപരമായ നടപടിയെന്ന് ചൂണ്ടിക്കാട്ടി പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് അധികൃതരുടെ ഇടപെടല്‍. നീന്തല്‍കുളങ്ങളിലെ വസ്ത്രധാരണ നിയമങ്ങളില്‍ ഉടന്‍ തന്നെ മാറ്റം വരുത്തുമെന്ന് ബര്‍ലിന്‍ ഭരണകൂടം വ്യക്തമാക്കി. സണ്‍ ബാത്തിന് മേല്‍വസ്ത്രം ഉപയോഗിക്കാതിരുന്ന സ്ത്രീയെ കഴിഞ്ഞദിവസം നീന്തല്‍ക്കുളത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇവര്‍ പരാതിയുമായി ബെര്‍ലിന്‍ സെനറ്റ് ഓംബുഡ്സ് പേഴ്സണെ സമീപിച്ചു. ഇതോടെയാണ് അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഇടപെടല്‍.
നീന്തൽ ഷോർട്ട്സ്, ബിക്കിനി, സ്വിംസ്യൂട്ട്, തുടങ്ങിയവ സ്വീകാര്യമായ വസ്ത്രങ്ങളായി നിയമങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും ആര് എന്ത് ധരിക്കണമെന്ന് വ്യക്തമാക്കിയിട്ടില്ല
സ്ത്രീകൾ നീന്തൽക്കുളങ്ങൾ ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ട് മുൻപും പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. മുൻപും ബെര്‍ലിനില്‍ നീന്തല്‍ക്കുളങ്ങളില്‍ സ്ത്രീകളോട് മേല്‍ വസ്ത്രങ്ങൾ ഉപയോഗിക്കാനായി നിര്‍ദേശിക്കുകയും തയ്യാറാവാത്തവരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. ചിലർക്ക് വിലക്ക് ഏർപ്പെടുത്തുക പോലും ചെയ്തിട്ടുണ്ട്. എന്നാൽ ആരും പരാതിയുമായി മുന്നോട്ട് വന്നിരുന്നില്ല.
നീന്തല്‍ക്കുളങ്ങളിലെ വസ്ത്രധാരണം സംബന്ധിച്ച് നിയമപരമായ നിരോധനം ബെര്‍ലിനില്‍ നിലനിൽക്കുന്നില്ല. കുളങ്ങൾ ഉപയോഗിക്കുന്നതില്‍ ലിംഗാടിസ്ഥാനത്തിലുള്ള നിയമങ്ങള്‍ ഇല്ല. പകരം സാധാരണ നീന്തൽ വസ്ത്രങ്ങൾ ധരിക്കണമെന്ന് മാത്രമാണ് നിര്‍ദേശം. നീന്തൽ ഷോർട്ട്സ്, ബിക്കിനി, സ്വിംസ്യൂട്ട്, തുടങ്ങിയവ സ്വീകാര്യമായ വസ്ത്രങ്ങളായി നിയമങ്ങളിൽ പരാമർശിക്കുന്നുണ്ടെങ്കിലും ആര് എന്ത് ധരിക്കണമെന്ന് പ്രത്യേകം വ്യക്തമാക്കിയിട്ടില്ല. എല്ലാ ബെർലിനുകാർക്കും തുല്യ അവകാശങ്ങൾ സ്ഥാപിക്കപ്പെടമെന്ന് മാത്രമാണ് ലക്ഷ്യമെന്ന് ബെര്‍ലിന്‍ ഓംബുഡ്സ് പേഴ്സൺ ഓഫീസ് അറിയിച്ചു. ജര്‍മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയയിലെ സീഗൻ, ലോവർ സാക്സോണിയിലെ ഗോട്ടിൻഗെൻ എന്നിവയുൾപ്പെടെ നിരവധി നഗരങ്ങളിൽ കഴിഞ്ഞ വർഷം പൊതു കുളങ്ങളിൽ മേൽ വസ്ത്രങ്ങളില്ലാതെ നീന്താൻ അനുമതി നൽകിയിരുന്നു.