ഇടറിപ്പോയ സംവാദം, ബൈഡന്റെ പതര്‍ച്ച ട്രംപിന് വിജയമാകുമോ?
അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിന്റെ നിര്‍ണായകമായ പ്രസിഡന്‍ഷ്യല്‍ സംവാദത്തിന്റെ ആദ്യ ഭാഗം കഴിഞ്ഞ ദിവസം അവസാനിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡനും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും മുന്‍ പ്രസിഡന്റുമായ ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സംവാദം ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. ആദ്യമായാണ് നിലവിലെ പ്രസിഡന്റും മുന്‍ പ്രസിഡന്റും സംവാദത്തിന് പങ്കെടുക്കുന്നതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.
എന്നാല്‍ സിഎന്‍എന്‍ സംഘടിപ്പിച്ച ഇത്തവണത്തെ സംവാദം ശ്രദ്ധയേറിയത് ബൈഡന്റെ പരാജയപ്പെട്ട സംവാദ രീതിയിലൂടെയായിരുന്നു. ട്രംപിന്റെ ആക്രമണോത്സുകമായ വാഗ്‌വാദത്തെ നേരിടാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ട്രംപിനെതിരെ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാന്‍ പോലും ബൈഡന് സാധിച്ചില്ല. നിരവധി കേസുകളുടെ വെല്ലുവിളിയുണ്ടായിരുന്നിട്ടും ബൈഡന് ട്രംപിനോട് സംവാദത്തില്‍ പറഞ്ഞ് ജയിക്കാന്‍ സാധിച്ചില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ബൈഡന്റെ ഈ മോശം പ്രകടനം ട്രംപിനെ വിജയത്തിലേക്ക് നയിക്കുമോയെന്ന ആകുലതകളും നിലനില്‍ക്കുന്നു.
സംവാദത്തില്‍ സംഭവിച്ചത്?
ആകെ 90 മിനുറ്റ് നീണ്ടു നിന്ന സംവാദമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. ഇതില്‍ ഏകദേശം 40 മിനുറ്റും 12 സെക്കന്റുമാണ് ട്രംപ് സംവാദത്തിനായെടുത്ത സമയം. ബൈഡനാകട്ടെ 35 മിനുറ്റും 41 സെക്കന്റും. ട്രംപ് ജനാധിപത്യത്തിന് അപകടമാണെന്നായിരുന്നു ബൈഡന്‍ തുറന്നടിച്ചത്. പൊതു വിശ്വാസത്തിന് താല്‍പര്യമില്ലാത്ത ക്രമരഹിതവും സ്വാര്‍ത്ഥ താല്‍പര്യവുമുള്ള വ്യക്തിയാണ് താനെന്നും ജനാധിപത്യത്തിന് അപകടമാണെന്നും തന്റെ പൊള്ളയായ പ്രസ്താവനകളിലൂടെ ട്രംപും തെളിയിച്ചു. ഒരു പക്ഷേ നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിക്കുകയാണെങ്കില്‍ അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നിന്നും വ്യത്യസ്തമായ പ്രസിഡന്റുമായിരിക്കും അദ്ദേഹം.
ട്രംപിന്റെ സ്വേച്ഛാധിപത്യത്തില്‍ നിന്നുള്ള ഭീഷണിയെ തോല്‍പ്പിക്കുന്നതിന് അനുയോജ്യനായ സ്ഥാനാര്‍ത്ഥിയാണ് താനെന്നായിരുന്നു ബൈഡന്റെ അവകാശവാദം. പക്ഷേ, 2020ല്‍ ട്രംപിനെ തോല്‍പ്പിച്ചതാണ് ഇതിനെ സാധൂകരിച്ച് കൊണ്ട് അദ്ദേഹം ഉയർത്തിക്കാട്ടുന്നത്. ഇത്തവണ ഡൊമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായതിനെക്കുറിച്ചുള്ള ഉചിതമായ മറുപടിയായിരുന്നില്ല ഇത്.
പ്രസിഡന്റിന്റെ ഓഫീസുമായി ബന്ധപ്പെട്ട് നിരവധി ആവശ്യങ്ങള്‍ നിറവേറ്റാന്‍ തന്നെ അടുത്ത തവണയും പ്രസിഡന്റായി തിരഞ്ഞെടുക്കണമെന്ന് അമേരിക്കന്‍ പൊതു ജനങ്ങളെ സംവാദത്തിലൂടെ ബോധ്യപ്പെടുത്താന്‍ ബൈഡന് സാധിച്ചില്ല. ഇതോടെ ബൈഡന്‍ നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട നേതാവല്ലെന്ന് പൊതു ജനങ്ങള്‍ക്ക് മനസിലാകുകയായിരുന്നു. സംവാദത്തിന് വേണ്ടി ഒരാഴ്ച ക്യാംപ് ഡാവിഡില്‍ നിന്നും തയ്യാറെടുപ്പ് നടത്തിയാണ് ബൈഡന്‍ സംവാദത്തിനിറങ്ങിയതെന്നതും ശ്രദ്ധിക്കണം.
മഹാനായ ജനസേവകന്റെ നിഴലെന്ന പോലെയായിരുന്നു ബൈഡന്‍ വ്യാഴാഴ്ച രാത്രി നടന്ന സംവാദത്തില്‍ പങ്കെടുത്തതെന്നാണ് വിമര്‍ശനപരമായി ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയിലില്‍ സൂചിപ്പിച്ചത്. 'താന്‍ വീണ്ടും മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുക എന്നതാണ് ബൈഡന് ഇപ്പോള്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ പൊതുസേവനം' എന്നായിരുന്നു ബൈഡനോട് പിന്മാറാന്‍ ആവശ്യപ്പെട്ട് കൊണ്ട് 'ടു സേര്‍വ് ഹിസ് കണ്‍ട്രി, പ്രസിഡന്റ് ബൈഡന്‍ ഷുഡ് ലീവ് ദ റേസ്' എന്ന തലക്കെട്ടില്‍ ദ ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലില്‍ പരാമര്‍ശിക്കുന്നത്.
''ബൈഡൻ പ്രശംസനീയമായ ഒരു പ്രസിഡൻ്റായിരുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, രാജ്യം അഭിവൃദ്ധി പ്രാപിക്കുകയും ദീർഘകാല വെല്ലുവിളികളെ അഭിമുഖീകരിക്കാൻ തുടങ്ങുകയും ചെയ്തു. ട്രംപ് ഉണ്ടാക്കിയ മുറിവുകൾ സുഖപ്പെടാൻ തുടങ്ങിയിരിക്കുന്നു. എന്നാൽ ഇപ്പോൾ ബൈഡന് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ പൊതുസേവനം താൻ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിക്കുക എന്നതാണ്,'' ന്യൂയോർക്ക് ടൈംസിൽ രൂക്ഷമായി വിമർശിക്കുന്നു.
രണ്ടാം തവണയും അധികാരത്തില്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് വാദിച്ച് പ്രതിഫലിപ്പിക്കാന്‍ ബൈഡന് സാധിച്ചില്ല. മാത്രവുമല്ല, ട്രംപിന്റെ പ്രകോപനങ്ങളെ ചെറുക്കാനും ട്രംപിന്റെ നുണകളെയും പരാജയങ്ങളെയും തുറന്ന് കാട്ടാനും അദ്ദേഹം നന്നായി പാടുപെട്ടു. കൂടാതെ, ഒരു വാചകം പൂര്‍ത്തിയാക്കാനുള്ള ശേഷി പോലും ബൈഡനുണ്ടായിരുന്നില്ല.
താന്‍ മുന്നോട്ട് വെച്ച നയനിര്‍ദേശങ്ങള്‍ നിരത്തുമ്പോള്‍ പോലും പതറിപ്പോകുന്ന പ്രസിഡന്റിനേയായിരുന്നു സംവാദത്തിനിടയില്‍ കണ്ടത്. ട്രംപിനെ ബൈഡനായിരുന്നു സംവാദത്തിന് വെല്ലുവിളിച്ചതെന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ബൈഡന്‍ തന്നെ നിയമങ്ങളുണ്ടാക്കുകയും മുന്‍ വര്‍ഷങ്ങളിലെ സംവാദത്തില്‍ നിന്നും വ്യത്യസ്തമായി നേരത്തെ തന്നെ സംവാദം നടത്തുകയും ചെയ്തു. എന്നാല്‍ ബൈഡന്‍ ഈ പരീക്ഷണത്തില്‍ പരാജയപ്പെട്ടു എന്നതാണ് സത്യം.
നിരവധി കേസുകളില്‍ ഇതിനോടകം പ്രതിയാണെന്ന് തെളിയിക്കപ്പെട്ടയാളാണ് ട്രംപ്. 2020ലെ തിരഞ്ഞെടുപ്പ് പരാജയം പോലും അംഗീകരിക്കാന്‍ സാധിക്കാതെ വിജയം മറച്ചുവെച്ച കുറ്റവും ട്രംപിനെതിരെയുണ്ട്. പ്രസിഡന്റ് സ്ഥാനം തെറിച്ചതിന് പിന്നാലെ ചില അതീവ രഹസ്യരേഖകളും വൈറ്റ് ഹൗസില്‍നിന്ന് കടത്തിക്കൊണ്ടുപോയതും 2021 ജനുവരി ആറിന് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണവും ലോകത്തെതന്നെ ഞെട്ടിക്കുന്നതായിരുന്നു.
കൂടാതെ, നിരവധി ലൈംഗികാരോപണക്കേസിലെ പ്രതി കൂടിയാണ് ട്രംപ്. പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സിന്റെ ആരോപണമടക്കം നിരവധിക്കേസുകള്‍ ഇദ്ദേഹത്തിനെതിരെയുണ്ട്. ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഗൗരവകരമായ ക്രിമിനല്‍ കുറ്റങ്ങള്‍ അടക്കം ഏകദേശം തൊണ്ണൂറ്റിയൊന്ന് വകുപ്പുകളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ഇത്രയും ക്രിമിനല്‍ കേസുകള്‍ നേരിടുന്നതിനിടയില്‍ നടന്ന സംവാദത്തെ അതേ തീവ്രതയോടെയാണ് ലോകം ഉറ്റുനോക്കിയതെങ്കിലും ഇവയൊന്നും ആയുധമാക്കാന്‍ ബൈഡന് സാധിച്ചില്ല.
രാഷ്ട്രീയ അക്രമത്തിലും ജനുവരി ആറിലെ കലാപത്തിലും അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കള്ളമറുപടി നല്‍കിയ ട്രംപിനെ നേരിടുന്നതിലും ബൈഡന്‍ പരാജയപ്പെട്ടു. ജനനം മുതല്‍ ഡെമോക്രാറ്റുകള്‍ ഗര്‍ഭച്ഛിദ്രത്തെ പിന്തുണക്കുന്നുവെന്നും, താന്‍ ഭരണത്തിലിരിക്കുമ്പോള്‍ അതിര്‍ത്തി സുരക്ഷിതമായിരുന്നുവെന്നുമൊക്കെ പൊതുമധ്യത്തില്‍ തെളിയിക്കാന്‍ സാധിക്കുന്ന കള്ളങ്ങളായിരുന്നു ട്രംപ് പടച്ചുവിട്ടത്.
സ്വന്തം പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രസിഡന്റായിരിക്കെ ചെയ്ത കാര്യങ്ങളെക്കുറിച്ചും എതിര്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ചും ആവര്‍ത്തിച്ച് കള്ളം പറയുകയായിരുന്നു ട്രംപ്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ മോശമായി ബാധിക്കുന്നതും പൗരസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും മറ്റ് രാഷ്ട്രങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം വഷളാക്കുന്നതുമായ പദ്ധതികളാണ് ട്രംപ് മുന്നോട്ട് വെച്ചത്. എന്നാല്‍ ഇവയൊന്നും കാര്യമായ രീതിയില്‍ പൊളിക്കാന്‍ ബൈഡന് സാധിച്ചില്ല. പക്ഷേ വ്യക്തിപരമായ (ഡ്രൈവിങ്, ഗോള്‍ഫ് ഗെയിം...) കാര്യങ്ങളില്‍ പരസ്പരം ചെളിവാരിയെറിയുവാനും ഇരുവരും മറന്നില്ല.
അതേസമയം തന്റെ വീഴ്ചയെ അംഗീകരിക്കുമ്പോഴും അത് പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ ബൈഡന് സാധിക്കുന്നുണ്ടോയെന്നതും സംശയമാണ്. ഉദാഹരണമായി ''ഞാന്‍ പഴയതു പോലെ എളുപ്പം നടക്കാറില്ല, സംസാരിക്കാറില്ല, തര്‍ക്കിക്കാറില്ല. എന്നാല്‍ സത്യം എങ്ങനെ പറയണമെന്ന് എനിക്ക് അറിയാം,'' എന്നായിരുന്നു സംവാദത്തിന് ശേഷം നടന്ന ആദ്യ റാലിയില്‍ അദ്ദേഹത്തിന്റെ പ്രതികരണം. സംവാദത്തില്‍ പറഞ്ഞ നുണകളുടെ എണ്ണത്തില്‍ ട്രംപ് ഒരു പുതിയ റെക്കോഡ് സ്ഥാപിച്ചുവെന്നും ബൈഡന്‍ പറയുന്നു. അതേസമയം, ആരെങ്കിലും സംവാദം കണ്ടോയെന്നും ബൈഡനെതിരെ താന്‍ വിജയം നേടിയെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. വലിയ വിജയപ്രതീക്ഷയോടെയാണ് ട്രംപ് തന്റെ സംവാദ മികവിനെ കാണുന്നത്.
'ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണം'
സംവാദത്തിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് ബൈഡനെതിരെ ഉയര്‍ന്നു വരുന്നത്. ട്രംപും ബൈഡനും എന്ന രീതിയില്‍ മത്സരം വരികയാണെങ്കില്‍ ട്രംപ് ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്ത് ഒരു പക്ഷേ ബൈഡന്‍ തന്നെയാകാം തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ രാജ്യത്തിന്റെ ഓഹരികളും ബൈഡന്റെ നിലവിലെ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് ട്രംപിനെതിരേ ശക്തമായ ഒരു മത്സരാര്‍ത്ഥി അമേരിക്കയിലുണ്ടാകേണ്ടതുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ന്യൂയോർക്ക് ടൈംസ് മാത്രമല്ല, അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ബൈഡനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ബൈഡൻ-ട്രംപ് സംവാദത്തിനെ സംബന്ധിച്ച് നിരവധി റിപ്പോർട്ടുകളാണ് ദി ഗാർഡിയൻ നൽകിയിരിക്കുന്നത്. ബൈഡൻ്റെ വാക്കുകളിൽ ആവർത്തിച്ചുള്ള ഇടർച്ചകളും അസുഖകരമായ ഇടവേളകളുമുണ്ടായിരുന്നുവെന്നും പല കാര്യങ്ങളും മനസിലാക്കാൻ സാധിക്കാത്തതുമായിരുന്നുവെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. മാത്രവുമല്ല, ചില സമയങ്ങളിൽ ചിന്താശീലം നഷ്ടപ്പെടുന്ന രീതിയിലുള്ള പ്രകടനമാണ് ഇദ്ദേഹം കാഴ്ചവെച്ചതെന്നും ഗാർഡിയൻ വിമർശിക്കുന്നു. അതേസമയം ട്രംപ് നൽകിയ നുണക്കഥകളുടെ ഫാക്ട് ചെക്കിങും ഗാർഡിയൻ നടത്തി.
സംവാദത്തിന് മുമ്പ് തന്നെ ബൈഡന് സംവാദം നേരിടാൻ സാധിക്കില്ലെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരു റിയാലിറ്റി ഷോ പോലെയായിരുന്നു സംവാദം അരങ്ങേറിയതെന്ന് ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ബൈഡൻ മടിയനാണെന്നും അദ്ദേഹത്തിന് ആശയകുഴപ്പം നിലനിൽക്കുന്നുണ്ടെന്നുമായിരുന്നു ലാറ്റിൻ അമേരിക്കൻ മാധ്യമങ്ങളുടെ പ്രതികരണം. പുതിയ ട്രംപ് യുഗം അടുക്കുന്നതായി തുർക്കി മാധ്യമങ്ങളും വിലയിരുത്തി.
ഒരു പൊതു സേവകനെന്ന നിലയില്‍ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറണമെന്നാണ് സംവാദത്തിന് ശേഷം പൊതുവേ ഉയര്‍ന്നുവരുന്ന വിമര്‍ശനം. ബൈഡന്റെ പ്രായവും അദ്ദേഹത്തിന് ട്രംപിനെ നേരിടാന്‍ സാധിക്കാത്തതും ജനങ്ങള്‍ പരിഗണിക്കില്ലെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി കരുതുന്നത് മഹാപാതകമായിരിക്കുമെന്നാണ് വിമര്‍ശനങ്ങള്‍. 81 വയസായ ബൈഡന് 78 വയസായ ട്രംപിനെ നേരിടാന്‍ സാധിക്കുന്നില്ലെന്ന വിലയിരുത്തലും നടക്കുന്നുണ്ട്.
സംവാദത്തിന് പിന്നാലെ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ബൈഡന്റെ സംവാദം മന്ദഗതിയിലാണെന്ന് സമ്മതിച്ചിരുന്നു. മോശമായ സംവാദ രാത്രികളാണ് നടക്കുന്നതെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ എക്‌സില്‍ കുറിച്ചത്. ''മോശം സംവാദ രാത്രികളാണ് സംഭവിക്കുന്നതെന്ന് എനിക്കറിയാം. എന്നാല്‍ തന്റെ ജീവിതകാലം മുഴുവന്‍ സാധാരണക്കാര്‍ക്കുവേണ്ടി പോരാടിയ വ്യക്തിയെയും സ്വന്തം കാര്യത്തില്‍ മാത്രം ശ്രദ്ധ ചെലുത്തുന്ന വ്യക്തിയെയും തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പാണിത്. സത്യം പറയുന്ന, ശരിയും തെറ്റും തിരിച്ചറിഞ്ഞ് അമേരിക്കന്‍ ജനതയെ അറിയിക്കുകയും ചെയ്യുന്ന ഒരാളും സ്വന്തം നേട്ടത്തിനായി കള്ളം പറയുന്നൊരാളും തമ്മിലുള്ള തിരഞ്ഞെടുപ്പാണ്. കഴിഞ്ഞ രാത്രി ഇതിലൊന്നും മാറ്റം വരുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ നവംബര്‍ ഏറെ അപകടസാധ്യത നിറഞ്ഞതുമാണ്,'' ഒബാമ പറയുന്നു. ട്രംപിനെ നേരിടാന്‍ പുതിയ ശബ്ദങ്ങളെ നോക്കുകയാണെന്നാണ് പോളിങ്ങിലും അഭിമുഖങ്ങളിലും വോട്ടര്‍മാര്‍ പ്രതികരിക്കുന്നത്. എന്നാല്‍ ജനം മറ്റൊരു സ്ഥാനാര്‍ത്ഥിക്ക് പിന്നില്‍ അണിനിരക്കാന്‍ ഒരുപാട് സമയം വേണമെന്നതാണ് ബൈഡന്റെയും പാര്‍ട്ടിയുടെയും ആശ്വാസം.
മറുവശത്ത്, വ്യാഴാഴ്ചത്തെ സംവാദത്തിന് ശേഷം റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആത്മപരിശോധനയ്ക്ക് ഒരുങ്ങിയിട്ടില്ല. ട്രംപിന്റെ അഭിപ്രായവുമായാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി മുന്നോട്ട് പോകുന്നത്. അങ്ങനെ വരുമ്പോള്‍ രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ സ്ഥാപിക്കുകയെന്നത് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ചുമതലയായി മാറുകയാണ്.