'അജ്ഞാത വസ്തുക്കള്‍'ക്ക് ചൈനാ ബന്ധമില്ലെന്ന് ജോ ബൈഡന്‍; ചാര ബലൂണ്‍ വെടിവച്ചിട്ടതില്‍ ക്ഷമ ചോദിക്കില്ല
അമേരിക്കന്‍ ആകാശത്ത് കണ്ടെത്തിയ അജ്ഞാത വസ്തുക്കളുമായി ബന്ധപ്പെട്ട് മൗനം വെടിഞ്ഞ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചാരബലൂണിന് പിന്നാലെ മൂന്നിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത വസ്തുക്കള്‍ ചൈനയുടെ ചാരപ്രവൃത്തിയാണെന്നതിന് തെളിവില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി. മറ്റേതെങ്കിലും രാജ്യങ്ങളുടെ ചാരപദ്ധതികളുമായി ബന്ധപ്പെടുത്തുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും യുഎസ് പ്രസിഡന്റ് പറയുന്നു. ചാര ബലൂണും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ചൈനീസ് പ്രസിഡന്റുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമാണെന്നും, ബലൂണ്‍ വെടിവച്ചിട്ടതില്‍ ക്ഷമ ചോദിക്കുന്നില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. റിപ്പബ്ലിക്കന്മാരില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം നേരിടുന്ന സാഹചര്യത്തിലാണ് ബൈഡന്റെ പ്രതികരണം.അജ്ഞാത വസ്തുക്കള്‍ ചാരപദ്ധതിയുടെ ഭാഗമല്ലെന്ന് കഴിഞ്ഞദിവസം വൈറ്റ് ഹൗസും വ്യക്തമാക്കിയിരുന്നു.
ചാരബലബലൂണിന് പിന്നില്‍ ഗവേഷണ സ്ഥാപനങ്ങളോ, സ്വകാര്യ സ്ഥാപനങ്ങളോ ആയിരിക്കാമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍. ചാരബലൂണിന് പിന്നാലെ അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ സമ്മര്‍ദം കൂടി കണക്കിലെടുത്താണ് അവ വെടിവച്ചിടാന്‍ ബൈഡന്‍ നിര്‍ദേശം നല്‍കിയതെന്നാണ് സൂചന. വെടിവച്ചിട്ട മൂന്ന് വസ്തുക്കളും സ്വകാര്യ കമ്പനികളുടെ കാലവസ്ഥാ പഠനവുമായി ബന്ധപ്പെട്ടതോ മറ്റ് ഗവേഷണങ്ങളുടെ ഭാഗമായവയോ ആണെന്നാണ് വിലയിരുത്തല്‍.
ഫെബ്രുവരി നാലിനാണ് അമേരിക്കന്‍ ആകാശത്ത് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. ഇത് ചാര ബലൂണാണെന്ന് അമേരിക്കയും, ദിശമാറി വന്ന കാലാവസ്ഥാ ഉപകരണമാണെന്ന് ചൈനയും വാദിച്ചിരുന്നു. ബൈഡനെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശക്തമായ വിമര്‍ശനം ഉയര്‍ത്തിയതോടെയാണ് അറ്റ്ലാന്റിക്കിലേക്ക് ചാര ബലൂണ്‍ വെടിവച്ചിടാന്‍ ഉത്തരവിട്ടത്. ഇതിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് വിവിധ സാങ്കേതിക ഉപകരണങ്ങള്‍ കൂടി കണ്ടെടുത്തതോടെ ചൈനയുടെ ചാരപ്രവൃത്തിയാണെന്ന് യുഎസ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നിടങ്ങളിലായി ആകാശത്ത് അജ്ഞാത വസ്തുക്കള്‍ കണ്ടെത്തിയത്.
അലാസ്‌കന്‍ ആകാശത്തും തൊട്ടടുത്ത ദിവസം കാനഡ അതിര്‍ത്തിയിലും പിന്നീട് ഹ്യൂറണ്‍ തടകാത്തിലുമാണ് തിരിച്ചറിയാന്‍ സാധിക്കാത്ത വസ്തുക്കള്‍ കണ്ടെത്തിയിരുന്നത്.
വെടിവച്ചിട്ട വസ്തുക്കളുടെ യഥാര്‍ഥ സ്വഭാവം കണ്ടെത്താനായിട്ടില്ല. എന്നാല്‍ ഭയപ്പെടാനുളള സാഹചര്യമില്ലെന്നാണ് ആദ്യഘട്ട പഠനങ്ങളില്‍ നിന്ന് വ്യക്തമായത്. പുതിയ പശ്ചാത്തലത്തില്‍ കൂടുതല്‍ നിരീക്ഷണ റഡാറുകള്‍ സ്ഥാപിക്കാനാണ് അമേരിക്കയുടെ ശ്രമം. ആകാശത്ത് അജ്ഞാത വസ്തുക്കള്‍ തിരിച്ചറിയുന്നതിന് പ്രത്യേക പദ്ധതികള്‍ തന്നെ ആവിഷ്കരിക്കും. സുരക്ഷാ ഭീഷണി ഒഴിവാക്കുക എന്ന ആത്യന്തിക ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാകും ശക്തമായ പദ്ധതികള്‍ വിഭാവനം ചെയ്യുക.
ഗവേഷണപരമോ വാണിജ്യാവശ്യാര്‍ത്ഥമോ അയച്ച ഉപകരണമാകാം അജ്ഞാത വസ്തുക്കളെന്നാണ് നിഗമനമെന്ന് യുഎസ് ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഒരു രാജ്യവും അവകാശവാദം ഉന്നയിക്കാത്ത സാഹചര്യത്തില്‍ സ്വകാര്യ ഏജന്‍സികളയച്ച ഉപകരണമാകാനുള്ള സാധ്യതയും വൈറ്റ് ഹൗസ് വിശദീകരിക്കുന്നു. പേലോഡ് അടങ്ങിയ ചെറിയ മെറ്റാലിക് ബലൂണിന് സമാനമായ വസ്തുവാണ് കഴിഞ്ഞ ദിവസങ്ങളില്‍ വെടിവച്ചിട്ടതെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.
ചൈനീസ് ചാരബലൂണിന് പിന്നാലെ അലാസ്കയ്ക്ക് മുകളില്‍ 4,0000 അടി ഉയരത്തിലാണ് ആദ്യമായി അജ്ഞാത വസ്തു കണ്ടെത്തിയത്. 24 മണിക്കൂര്‍ നിരീക്ഷിച്ച ശേഷം പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശപ്രകാരം വെടിവച്ചിട്ടു. തൊട്ടടുത്ത ദിവസം കാനഡ-യുഎസ് വ്യോമാതിര്‍ത്തിയില്‍ അജ്ഞാത വസ്തുവിനെ അമേരിക്കന്‍ വ്യോമസേനയുടെ സഹായത്തോടെ വെടിവച്ചിട്ടതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ട്വീറ്റ് ചെയ്തു. പിന്നാലെ കനേഡിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹ്യൂറോണ്‍ തടാകത്തിന് സമീപം അജ്ഞാതവസ്തു വെടിവച്ചിട്ടു. ആളപായം ഒഴിവാക്കുന്നതിനും അവശിഷ്ട വസ്തുക്കള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനുമായാണിതെന്ന് യുഎസ് പ്രതിരോധവകുപ്പ് വ്യക്തമാക്കിയിരുന്നു.