ഇസ്രയേൽ വാദത്തെ പിന്തുണച്ച് അമേരിക്ക; ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത് മറ്റൊരു സംഘമെന്ന് ജോ ബൈഡന്‍
ചൊവ്വാഴ്ച ഗാസയിലെ ആശുപത്രിക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ പങ്കില്ലെന്ന ഇസ്രയേൽ വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഗാസയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിൽ അമേരിക്കയുടെ ഐക്യദാർഢ്യം അറിയിക്കാൻ ബുധനാഴ്ച ഇസ്രയേലിലെത്തിയതായിരുന്നു ബൈഡൻ. തുടർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് തനിക്ക് കിട്ടിയ വിവരങ്ങളനുസരിച്ച് അഞ്ഞൂറിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു പിന്നിൽ മറ്റാരോ ആണെന്ന് ബൈഡൻ പറഞ്ഞത്.
"ഗാസയിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിൽ ഞാൻ അതീവ ദുഖിതനും രോഷാകുലനുമാണ്. ഞാൻ കണ്ടിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ കൃത്യം നടത്തിയത് മറ്റൊരു സംഘമാണെന്നാണ് മനസിലാകുന്നത്" ടെൽ അവീവിൽ ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു. ഹമാസിന്റെ ആക്രമണത്തെ എടുത്തുപറഞ്ഞ ബൈഡൻ, അവരുടെ പ്രവർത്തനങ്ങൾ തീവ്രവാദ സംഘടനയായ ഐഎസ്ഐഎസിനേക്കാൾ ഭീകരമാണെന്നും അഭിപ്രായപ്പെട്ടു. പലസ്തീൻ ജനതയെ അല്ല ഹമാസ് പ്രതിനിധീകരിക്കുന്നതെന്നും അവർക്ക് ദുരിതങ്ങൾ മാത്രമേ ഈ സംഘടനാ നൽകിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിനുള്ള അമേരിക്കയുടെ പിന്തുണ അറിയിക്കാനാണ് ബൈഡൻ ബുധനാഴ്ച നേരിട്ടെത്തിയത്. അതിന് മണിക്കൂറുകൾ മുൻപായിരുന്നു ഗാസയിലെ ഹോസ്പിറ്റലിന് നേരെയുള്ള ആക്രമണം. അൽ അഹ്ലി അറബ് ഹോസ്‌പിറ്റലിൽ ചികിത്സയിലുണ്ടായിരുന്നവർ, സ്വയരക്ഷയ്ക്കായി അഭയം തേടിയെത്തിയവർ എന്നിങ്ങനെ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ പ്രതിഷേധിച്ച് ബൈഡനുമായി മുൻകൂട്ടി തീരുമാനിച്ചിരുന്ന ചർച്ചകളിൽനിന്ന് അറബ് നേതാക്കൾ പിന്മാറിയിരുന്നു. ജോർദാനിൽ നടത്താനിരുന്ന യോഗവും ആക്രമണത്തിന് പിന്നാലെ ഒഴിവാക്കി.
ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന നിലപാടിലാണ് ഇസ്രയേൽ. നിരപരാധിത്വം തെളിയിക്കാൻ വേണ്ടി ചില ഫോൺ സന്ദേശങ്ങളും സാറ്റലൈറ്റ് തെളിവുകളുമെല്ലാം ഇസ്രയേൽ സൈന്യം പുറത്തിവിട്ടിരുന്നു. എന്നാൽ ഇവയൊന്നും മറ്റുള്ള ലോകരാജ്യങ്ങൾ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ നിലവിലെ ബൈഡന്റെ പിന്തുണ ഇസ്രയേലിന് ചെറിയ ആശ്വാസമാണ്.
അതേസമയം ഗാസയിലുണ്ടായ ആക്രമണത്തെ ഭയാനകമായ ദുരന്തമെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ വിശേഷിപ്പിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മനുഷ്യനിർമിത ദുരന്തത്തിൽ നടുക്കം രേഖപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദികളെ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചിരുന്നു.