'ഞാന്‍ എന്നൊരു ചിന്ത മാത്രം, ട്രംപ് വെറും സ്വാര്‍ഥന്‍'; ഡെമോക്രാറ്റിക് കൺവെൻഷനിൽ രൂക്ഷവിമർശനവുമായി ബിൽ ക്ലിന്റൺ
ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളുമായി ഡെമോക്രാറ്റ് നേതാവും അമേരിക്കൻ മുൻ പ്രസിഡന്റുമായ ബിൽ ക്ലിന്റൺ. ട്രംപിന് സ്വാർത്ഥ താല്പര്യങ്ങൾ ആണെന്നും എപ്പോഴും 'ഞാൻ, ഞാൻ' എന്നാണ് ചിന്തിക്കുന്നതെന്നും അദ്ദേഹം ആഞ്ഞടിച്ചു. ട്രംപ് പ്രസിഡൻ്റായിരിക്കുമ്പോൾ രാജ്യത്ത് അരാജകത്വം സൃഷ്ടിച്ചു എന്നും ക്ലിൻ്റൺ ആരോപിച്ചു. 2024 ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, 78 വയസ്സുള്ള താൻ "ഡൊണാൾഡ് ട്രംപിനേക്കാൾ ഇപ്പോഴും ചെറുപ്പമാണ്" എന്ന് പരിഹസിക്കുകയും ചെയ്തു.
ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി കമലാ ഹാരിസോ ഡൊണാള്‍ഡ് ട്രംപോ ആര് വേണമെന്നത് തിരഞ്ഞെടുക്കാന്‍ അമേരിക്കന്‍ ജനതയ്ക്ക് കൃത്യമായ അവസരമുണ്ട്. കമല ജനങ്ങള്‍ക്കു വേണ്ടിയും ട്രംപ് തനിക്കുവേണ്ടിയുമാണ് നിലകൊള്ളുന്നത്- ബിൽ ക്ലിന്റൺ ചൂണ്ടിക്കാട്ടി. കമല ഹാരിസിനെ പ്രശംസിച്ച ക്ലിന്റൺ ഓരോ അമേരിക്കക്കാരനും തങ്ങളുടെ സ്വപ്നങ്ങൾ പിന്തുടരാനുള്ള അവസരം ഉറപ്പാക്കുമെന്നും വേദിയിൽ പറഞ്ഞു.
" 2024 ൽ നമുക്ക് വ്യക്തമായ തിരഞ്ഞെടുപ്പാണ് ലഭിച്ചിട്ടുള്ളതെന്ന് എനിക്ക് തോന്നുന്നു. കമല ഹാരിസ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ മറ്റേയാൾ എപ്പോഴും 'ഞാൻ, ഞാൻ' എന്ന് കരുതുന്നു. ആദ്യ അവസരത്തേക്കാൾ കൂടുതൽ അദ്ദേഹം ഇപ്പോഴത് തെളിയിക്കുന്നു," ബിൽ ക്ലിന്റൺ പറഞ്ഞു. “ആർക്ക് വോട്ട് ചെയ്താലും, ഓരോ അമേരിക്കക്കാരനും നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാനും അവസരങ്ങൾ പ്രയോജനപ്പെടുത്താനും, ഭയം ലഘൂകരിക്കാനും അവരുടെ സ്വപ്നങ്ങളെ പിന്തുടരാനും അവസരമുണ്ടെന്ന് ഉറപ്പാക്കാൻ കമല ഹാരിസ് പ്രവർത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ഡെമോക്രാറ്റുകൾ അമിതആത്മവിശ്വാസം പുലർത്തരുതെന്നും ബിൽ ക്ലിന്റൺ മുന്നറിയിപ്പ് നൽകി. നിങ്ങളുടെ എതിരാളിയെ ഒരിക്കലും വിലകുറച്ച് കാണരുത്. തങ്ങൾക്കെതിരെ വരുന്ന ഏത് അസ്ഥയെയും കൈകാര്യം ചെയ്യാൻ മാത്രം അവർ കഠിനരായിരിക്കും, അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ഡെമോക്രാറ്റിക് നാഷണൽ കൺവെൻഷനിൽ ഇന്ന് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും കമല ഹാരിസിന്റെ റണ്ണിങ് മേറ്റുമായ മിനസോട്ട ഗവർണർ ടിം വാൾസ് മുഖ്യ പ്രഭാഷണം നടത്തും. വാൾസിനെ കൂടാതെ, മുൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റൺ, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, ഹൗസ് മൈനോറിറ്റി നേതാവ് ഹക്കീം ജെഫ്രീസ് തുടങ്ങിയ പ്രമുഖരും ഇന്ന് കൺവെൻഷനിൽ സംസാരിക്കും.
ചൊവ്വാഴ്ച, മുൻ പ്രസിഡൻ്റ് ബരാക് ഒബാമയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയും അടക്കമുള്ള പ്രമുഖർ പ്രഭാഷണം നടത്തി. ഓപ്ര വിൻഫ്രിയും കഴിഞ്ഞ ദിവസം കൺവെൻഷനിൽ സംസാരിച്ചിരുന്നു. "വിഡ്ഢിത്തത്തേക്കാൾ സാമാന്യബുദ്ധി തിരഞ്ഞെടുക്കുക" എന്നായിരുന്നു കമല ഹാരിസിന് വോട്ടഭ്യർത്ഥിച്ച് കൊണ്ട് സർപ്രൈസ് അതിഥിയായ ഓപ്ര വിൻഫ്രെ ജനങ്ങളോട് പറഞ്ഞത്. ട്രംപിനെ രൂക്ഷമായി വിമർശിച്ച ഒബാമ, ഇനിയും നാല് വർഷത്തെ അരാജകത്വം താങ്ങാനാവില്ലെന്ന് പറഞ്ഞു. ഷിക്കാഗോയിയിലാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ നാഷണൽ കൺവെൻഷൻ നടക്കുന്നത്.