വിവാഹ അവധി കൂട്ടി നല്‍കിയിട്ടും ഫലമില്ല; ചൈനയില്‍ ജനനനിരക്ക് കുത്തനെ ഇടിയുന്നു; പ്രസവചികിത്സ കേന്ദ്രങ്ങളും പൂട്ടുന്നു
ചൈനയിലെ ജനസംഖ്യ ക്രമാതീതമായി കുറയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രാജ്യത്തെ പ്രസവചികിത്സാ കേന്ദ്രങ്ങള്‍ക്കും താഴുവീഴുന്നു. ജനന നിരക്ക് വര്‍ധിപ്പിക്കാന്‍ ചൈനയിലെ ചില പ്രവിശ്യകള്‍ നവദമ്പതികൾക്ക് 30 ദിവസം ശമ്പളത്തോടു കൂടിയ വിവാഹ അവധിയുള്‍പ്പെടെ നല്‍കിവരുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ ജിയാങ്സു, ഗുവാങ്ഡോങ്ങ്, സെജിയാങ് തുടങ്ങിയ പ്രദേശങ്ങളിലടക്കം നിരവധി ആശുപത്രികൾ അവരുടെ പ്രസവചികിത്സ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയോ എണ്ണം കുറയ്ക്കുകയോ ചെയ്തായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ച് ദ ഗാര്‍ഡിയനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ചൈനയുടെ ജനസാന്ദ്രത ആറ് ദശകങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം കുത്തനെ ഇടിഞ്ഞെന്നായിരുന്നു ഔദ്യോഗിക കണക്കുകള്‍. ഇതിനൊപ്പമാണ് ചികിത്സ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്ന വാർത്തകൾ പുറത്തുവരുന്നത്. രാജ്യത്തെ ജനസംഖ്യയെ കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് കൂടിയാണ് പുതിയ വിവരങ്ങള്‍ തുടക്കമിടുന്നത്.
എന്നാൽ, രാജ്യത്തെ ആശുപത്രികളിൽ പ്രസവചികിത്സകേന്ദ്രങ്ങൾ പൂട്ടുന്നതും ജനനനിരക്ക് കുറയുന്നതുമായി ബന്ധമുള്ളതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ജനനനിരക്ക് കുറയുന്നതിനെക്കാൾ ആശുപത്രികളിൽ ജീവനക്കാരുടെ അഭാവമാണ് ചികിത്സകേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിന് കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
ചൈനയിൽ ഒരു സ്ത്രിയ്ക്ക് ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം 1950-കളിലും 1960-കളിലും ശരാശരി ആറായിരുന്നു. എന്നാൽ 2000- 2010 കാലഘട്ടത്തില്‍ ഇത് ശരാശരി 1.7 ആയി കുറഞ്ഞെന്നാണ് യു.എൻ ഡാറ്റ സൂചിപ്പിക്കുന്നത്. 2020 കളിൽ ഇത് 1.2 ആയി കുറഞ്ഞെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 9.56 ദശലക്ഷം കുഞ്ഞുങ്ങൾ മാത്രമാണ് 2022 ൽ ചൈനയിൽ ജനിച്ചത്. 2021 നെ അപേക്ഷിച്ച് 10 ശതമാനത്തിന്റെ കുറവാണ് ജനനനിരക്കിൽ ഉണ്ടായത്. നേരത്തെ ചൈനയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നു.
1980-ൽ ലോകജനസംഖ്യയിൽ ചൈനയുടെ പങ്ക് 22 ശതമാനമായിരുന്നു. എന്നാൽ 2020-ൽ 18 ശതമാനമായും 2050-ൽ 14 ശതമാനമായും കുറയുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. അതേസമയം 2050-ഓടെ ലോകജനലംഖ്യയിൽ ഇന്ത്യയുടെ വിഹിതം 17 ശതമാനമാകുമെന്നുമാണ് യുഎൻ കണക്കുകൾ.
ജനനനിരക്ക് കുറയുമ്പോൾ തന്നെ ചൈനയിൽ പ്രായമായവരുടെ എണ്ണം കൂടുകയാണ് 2020 നും 2050 നും ഇടയിൽ 65 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം 215 ദശലക്ഷമായി ഉയരുമെന്നും 20 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 137 ദശലക്ഷമായി കുറയുമെന്നുമാണ് കണക്കുകൾ.
ഇതോടെ 65 വയസ്സിനു മുകളിലുള്ളവർ ജനസംഖ്യയുടെ 13 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയരും. 20 വയസ്സിന് താഴെയുള്ളവർ 24 ശതമാനത്തിൽ നിന്ന് 15 ശതമാനമായും 20 മുതൽ 64 വയസ്സുവരെയുള്ളവർ 64 ശതമാനത്തിൽ നിന്ന് 55 ശതമാനമായും ചുരുങ്ങുമെന്നുമാണ് യു എൻ കണക്ക് സൂചിപ്പിക്കുന്നത്.
കുറയുന്ന ജനനനിരക്ക് ചൈനയുടെ സമ്പദ്‌വ്യവസ്ഥയെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നത്. കുറയുന്ന ജനസംഖ്യയും തൊഴിൽ ശക്തിയും സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ മന്ദഗതിയിലാക്കും.