മക്കാക്ക് കുരങ്ങുകളില്‍ സ്വവര്‍ഗലൈംഗികത സാധാരണം; പ്രത്യുത്പാദനത്തിൽ ഇത് കൂടുതൽ വിജയകരമെന്ന് ഗവേഷകർ
ഒരേ ലിംഗത്തില്‍പ്പെട്ട ആണ്‍ മക്കാക്ക് കുരങ്ങുകള്‍ തമ്മിലുള്ള ലൈംഗികത സാധാരണമാണെന്ന് പുതിയ കണ്ടെത്തല്‍. മൂന്ന് വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് മക്കാക്കുകളെ ട്രാക്ക് ചെയ്തുകൊണ്ടുള്ള പഠനത്തിലാണ് ഒരേ ലിംഗ സ്വഭാവമുള്ളവ തമ്മിലുള്ള ലൈംഗികത വളരെ സാധാരണമായി കാണപ്പെടുന്നതാണെന്നും അത് സ്പീഷിസിന് പ്രയോജകരമാണെന്നും കണ്ടെത്തിയത്.
ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷകരാണ് സ്വവര്‍ഗ ലൈംഗികത ആണ്‍ മക്കാക്ക് കുരങ്ങുകളില്‍ സാധാരണമാണെന്ന് വെളിപ്പെടുത്തിയത്. 'മിക്ക ആണ്‍ മക്കാക്കുകളും പെരുമാറ്റപരമായി ബൈസെക്ഷ്വല്‍ ആണെന്നും ഇത്തരത്തിലുള്ള വ്യത്യാസം പാരമ്പര്യമാണെന്നും ഞങ്ങള്‍ കണ്ടെത്തി,' ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഗവേഷക എഴുത്തുകാരനായ ജാക്സണ്‍ ക്ലൈവ് പറഞ്ഞു.
''സ്വവര്‍ഗ ലൈംഗിക പെരുമാറ്റങ്ങള്‍ മൃഗങ്ങള്‍ക്കിടയില്‍ സാധാരണമാണെന്നും ഇത് പാരമ്പര്യമായി പകര്‍ന്നുകിട്ടുമെന്നും ഞങ്ങളുടെ ഗവേഷണം കാണിക്കുന്നു. ഞങ്ങളുടെ കണ്ടെത്തല്‍ ഈ മേഖലയിലെ കൂടുതല്‍ കണ്ടെത്തലുകള്‍ പ്രോത്സാഹിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേച്ചര്‍ ഇക്കോളജി ആന്‍ഡ് എവല്യൂഷനില്‍ ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൃഗങ്ങള്‍ക്കിടയിലുള്ള സ്വവര്‍ഗ ലൈംഗിക പെരുമാറ്റത്തെക്കുറിച്ച് ധാരാളം റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും ഇപ്പോഴത്തെ കണ്ടെത്തലില്‍ നിന്നും മാറ്റങ്ങളുണ്ട്. ഈ പഠനം പ്യൂര്‍ട്ടോ റിക്കന്‍ ദ്വീപായ കായോ സാന്റിയാഗോയില്‍ 236 ആണ്‍ റിസസ് മക്കാക്കുകളെ 2017 മുതല്‍ 2020 വരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ നിന്നും മനസിലാക്കിയ വിവരങ്ങളാണ്.
കൂടാതെ ജനിതക വിശകലനത്തിന് ഒപ്പം 1950 മുതലുള്ള മക്കാക്കുകളുടെ വംശാവലി (അല്ലെങ്കില്‍ ഫാമിലി ട്രീ) അടങ്ങിയ റെക്കോര്‍ഡുകളുടെ അവലോകനവും പഠനത്തിന്റെ ഭാഗമാക്കി. പഠനത്തിലെ 72 ശതമാനം ആൺ സ്വവര്‍ഗ്ഗാനുരാഗികളാണെന്നാണ് കണ്ടെത്തല്‍. അതേസമയം 46% പേര്‍ മാത്രമാണ് പെണ്‍ മക്കാക്കുകളുമായി ഇണചേരുന്നത്.
സ്വവര്‍ഗരതിയിലേര്‍പ്പെടുന്നവയില്‍ പ്രത്യുല്‍പാദനത്തെ പ്രോത്സാഹിപ്പിക്കാത്ത ജീനുകള്‍ നിലനിര്‍ത്തുക അസാധ്യമാണ്. ഇതിനെ 'ഡാര്‍വിന്റെ വിരോധാഭാസം' എന്ന് വിളിക്കുന്നു. സ്വവര്‍ഗാനുരാഗം ജനിതകമായ ഫിറ്റ്നസ് നഷ്ടപ്പെടുത്തുന്നുണ്ടോ എന്നും സംഘം പരിശോധിച്ചു. ബൈസെക്ഷ്വല്‍ ആയിട്ടുള്ള മക്കാക്കുകള്‍ പ്രത്യുല്‍പാദനത്തില്‍ കൂടുതല്‍ വിജയിച്ചേക്കാമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പ്രത്യൂല്‍പാദനശേഷി ഇവയ്ക്ക് കൂടുതലായിരിക്കും.
'പരസ്പരം ഇണചേരുന്ന ആണ്‍ മക്കാക്കുകള്‍ സംഘര്‍ഷങ്ങളില്‍ ഏര്‍പ്പെടാനുള്ള സാധ്യത കുറവാണ്. ഒരുപക്ഷേ ഇത് സ്വവര്‍ഗ ലൈംഗികതയുടെ സാമൂഹിക നേട്ടങ്ങളില്‍ ഒന്നായിരിക്കാം,' ക്ലൈവ് പറയുന്നു.
6.4 ശതമാനം മൃഗങ്ങളിലും പാരമ്പര്യമായി കൈമാറുന്ന സ്വഭാവമാണ് ഇതെന്നാണ് കണ്ടെത്തല്‍. സ്വവര്‍ഗലൈംഗികത അപൂര്‍വമാണെന്നും അല്ലെങ്കില്‍ പ്രത്യേക പാരിസ്ഥിതിക സാഹചര്യങ്ങള്‍ കൊണ്ട് മാത്രം സംഭവിക്കുന്നതാണെന്നുമുള്ള വിശ്വാസത്തെ വെല്ലുവിളിക്കുന്നതാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷകര്‍ പറയുന്നു.
''സ്വവര്‍ഗാനുരാഗം 'പ്രകൃതിവിരുദ്ധം' ആണെന്ന് ചില ആളുകള്‍ക്കിടയില്‍ ഇപ്പോഴും ഒരു വിശ്വാസമുണ്ട്. ചില രാജ്യങ്ങള്‍ ഇപ്പോഴും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടുന്നത് കുറ്റകരമായി കണ്ടുകൊണ്ട് വധശിക്ഷ വരെ നടപ്പിലാക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികത മൃഗങ്ങള്‍ക്കിടയില്‍ വ്യാപകമാണെന്ന് ഞങ്ങളുടെ ഗവേഷണം കാണിക്കുന്നു''.ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ മുതിര്‍ന്ന എഴുത്തുകാരന്‍ പ്രൊഫസര്‍ വിന്‍സെന്റ് സാവോലൈനന്‍ പറയുന്നു.