ലിബിയയില്‍ ബോട്ടപകടം: 61 പേര്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്
ലിബിയയില്‍ ബോട്ടപകടത്തില്‍ 60ലധികം അഭയാര്‍ഥികള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. സ്ത്രീകളും കുട്ടികളുമടക്കം 61 പേര്‍ മുങ്ങിമരിച്ചതായി ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (IOM) പറഞ്ഞു. ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരെ സുവാര നഗരത്തിലേക്ക് പുറപ്പെട്ട ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് രക്ഷപ്പെട്ട യാത്രക്കാരെ ഉദ്ധരിച്ച് ഐഒഎം എക്‌സില്‍ കുറിച്ചു. ബോട്ടില്‍ ആകെ 86 പേരാണുണ്ടായിരുന്നത്.
ലോകത്തില്‍ ഏറ്റവും അപടകം പിടിച്ച കുടിയേറ്റ പാതയാണ് സെന്‍ട്രല്‍ മെഡിറ്ററേനിയനെന്നും ഐഒഎം പറയുന്നു. ഈ വര്‍ഷം ജൂണില്‍ ലിബിയയിലെ ടോബ്രൂക്കില്‍ നിന്ന് നൂറുകണക്കിന് അഭയാര്‍ഥികളുമായി പുറപ്പെട്ട മത്സ്യബന്ധന ബോട്ട് ഗ്രീസില്‍ വച്ച് മുങ്ങിയ സംഭവവുമുണ്ടായിരുന്നു. അന്ന് 78 പേര്‍ മരിക്കുകയും 518 പേരെ കാണാതാകുകയും ചെയ്തു. ഈ വര്‍ഷം ആദ്യ പകുതി വരെ 2200 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ ഭൂരിഭാഗവും മുങ്ങിമരണമായിരുന്നു.
സെന്‍ട്രല്‍ മെഡിറ്ററേനിയനില്‍ മാത്രം 1727 പേരാണ് കൊല്ലപ്പെട്ടത്. ടുണീഷ്യയിലും ലിബിയയില്‍ നിന്നുമുള്ളവരാണ് ഏറ്റവും കൂടുതല്‍ മരിച്ചത്. മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരുടെ എണ്ണവും കൂടിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായതിന്റെ ഇരട്ടിയാണ് കടല്‍മാര്‍ഗം ഇറ്റലിയേക്ക് കുടിയേറിയവരുടെ ഇത്തവണത്തെ കണക്ക്. ഏകദേശം 1,40,000 പേരാണ് കുടിയേറിയത്. അതില്‍ 91 ശതമാനവും ടുണീഷ്യക്കാരാണ്.
അതേസമയം മനുഷ്യക്കടത്തുകാരെ ചെറുക്കുന്നതിനും കടല്‍ അതിര്‍ത്തികള്‍ കര്‍ശനമാക്കുന്നതിനുമുള്ള തന്ത്രപരമായ പങ്കാളിത്തകരാറില്‍ യൂറോപ്യന്‍ യൂണിയനും ടുണീഷ്യയും ഈ ജൂലൈയില്‍ ഒപ്പുവച്ചിരുന്നു. ടുണീഷ്യയില്‍ കരയില്‍ കുടുങ്ങിക്കിടക്കുന്ന അഭയാര്‍ഥികള്‍ക്ക് യാത്രയ്ക്കുള്ള ധനസഹായം നല്‍കാനുള്ള പദ്ധതികള്‍ ബ്രിട്ടനും ഇറ്റലിയും ഡിസംബര്‍ 16 ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എത്ര തുകയാണ് ധനസഹായമായി നല്‍കുന്നതെന്ന് ഇരുരാജ്യങ്ങളും അറിയിച്ചിരുന്നില്ല.