ബോ​കോ ഹ​റാം ഭീതി; നൈജീരിയന്‍ 
സൈന്യം കൊന്നു തള്ളിയത് ആയിരക്കണക്കിന് കുട്ടികളെ

ബോ​കോ ഹ​റാം ഭീതി; നൈജീരിയന്‍ സൈന്യം കൊന്നു തള്ളിയത് ആയിരക്കണക്കിന് കുട്ടികളെ

ഇന്ന് നൈജീരിയയെ വിറപ്പിക്കുന്ന് ലോകം ഭീതിയോടെ നോക്കുന്ന ബോകോഹ​റാമുകളുടെ പേരില്‍ നൈജീരിയന്‍ സേന കൊന്നു തള്ളിയ കുഞ്ഞുങ്ങളുടെ വിവരങ്ങളാണ് റോയിട്ടേഴ്‌സ് പുറത്തുകൊണ്ടുവരുന്നത്.
Updated on
3 min read

ബോകോ ഹ​റാം, നൈജീരിയയെ വിറപ്പിക്കുന്ന, നിരപരാധികളെ കൊല്ലാക്കൊല ചെയ്യുന്ന തീവ്രവാദി സംഘം. ബൊകോ ഹറാമിന്റെ ക്രൂരതകള്‍ കണ്ട് ലോകം വിറങ്ങലിച്ച് നിന്നിട്ടുണ്ട്. സ്‌കൂളുകളില്‍ നിന്നും ആയിരക്കണക്കിന് പെണ്‍കുട്ടികളെ തട്ടികൊണ്ടുപോവുക, മൃഗീയ പീഡനങ്ങള്‍ക്ക് ഇരയാക്കുക. പച്ചപ്പാവങ്ങളായ ജനങ്ങളെ തലയറുത്ത് കൊല്ലുക, ലോക സമാധാനത്തിന് പോലും ഭീഷണിയായി വിലയിരുത്തപ്പെടുന്ന സായുധ അക്രമികളുടെ കൂട്ടം. ആഫ്രിക്കയിലെ നൈജീരിയ ആണ് ബോകോ ഹ​റാമിന്റെ ജന്മനാട്. വടക്കു കിഴക്കന്‍ നൈജീരിയയാണ് ഈ ഭീകര സംഘത്തിന്റെ വിള നിലം.

എന്നാല്‍, നൈജീരിയയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ബൊകോ ഹറമിന്റെ ക്രൂരതകളെ കുറിച്ചല്ല, മറിച്ച് ഇവരെ പ്രതിരോധിക്കാന്‍ ഇടപെടല്‍ നടത്തുന്ന സൈന്യത്തെ കുറിച്ചാണ്. നൈജീരിയന്‍ സേനയ്ക്ക് നിരന്തരം തലവേദനയാകുന്ന ബോകോ ഹ​റാമിനെ തുരത്താനായി മേഖലയിലെ കുട്ടികളെ മുഴുവന്‍ കൊന്നുകളയുന്ന സൈന്യത്തിന്റെ മുഖം വെളിപ്പെടുത്തുകയാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്.

തീവ്രവാദ സംഘടനയുടെ വളര്‍ച്ച തടയാന്‍ മനുഷ്യത്വ രഹിതമായ മാര്‍ഗങ്ങളാണ് നൈജീരിയന്‍ സൈന്യം സ്വീകരിക്കുന്നത് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

തീവ്രവാദ സംഘടനയുടെ വളര്‍ച്ച തടയാന്‍ മനുഷ്യത്വ രഹിതമായ മാര്‍ഗങ്ങളാണ് നൈജീരിയന്‍ സൈന്യം സ്വീകരിക്കുന്നത് എന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. വിവിധ സൈനികരുമായി നടത്തിയ കൂടികാഴ്ച്ചയുടെയും അഭിമുഖങ്ങളുടേയും അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സൈനികാക്രമണത്തില്‍ കുട്ടികള്‍ പോലും വ്യാപകമായി കൊല്ലപ്പെട്ടെന്ന് ചൂണ്ടിക്കാട്ടുന്നത്. വടക്കു കിഴക്കന്‍ നൈജീരിയയെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയായ ബോകോ ഹ​റാം അല്ലെങ്കില്‍ ജമാഅത്ത് അഹ്ല്‍ അസ്-സുന്ന ലിഡ്-ദാവ വല്‍ന്റെ പ്രവര്‍ത്തകരെ ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളില്‍ ‍ അവരുടെ കുഞ്ഞുങ്ങളേയും വെറുതെ വിടാറില്ലെന്നാണ് റിപ്പോര്‍ട്ട് അടിവരയിടുന്നത്.

ഭീകരര്‍ക്കൊപ്പമുള്ള കുട്ടികളെയും വകവരുത്താനാണ് സൈന്യത്തിന്റെ ഉത്തരവ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി സൈന്യം പറയുന്നത് തീര്‍ത്തും പ്രാകൃതമായ ന്യായങ്ങളാണ് താനും. ബോകോ ഹ​റാമില്‍ പ്രവര്‍ത്തിക്കുന്നവരുടെ കുട്ടികളും നാളെ ഭീകരരാകുമെന്ന ആശങ്കയിലാണ് അവരെ കൊന്നു കളയാനുള്ള തീരുമാനവും സ്വീകരിച്ചതെന്നാണ് ആര്‍മിയുടെ വാദം. ആയിരകണക്കിന് കുട്ടികളാണ് ഇത്തരത്തില്‍ കൊലചെയ്യപ്പെട്ടിട്ടുള്ളത് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഞാന്‍ അവരെ കുട്ടികളായി കാണുന്നില്ല, ഞാന്‍ അവരെ ബോകോ ഹ​റാമായിട്ടാണ് കാണുന്നത്. എന്റെ കൈയില്‍ കിട്ടിയാല്‍ അവരെ വെടിവെക്കില്ല, അവരുടെ കഴുത്ത് അറുക്കും
സൈനികരിലൊരാള്‍ റോയട്ടേഴ്‌സിനോട് പറഞ്ഞു

നൈജീരിയന്‍ സേന നടത്തിയ ആറ് ആക്രമണങ്ങളില്‍ വെടിവെച്ചും ശ്വാസം മുട്ടിച്ചും വിഷം നല്‍കിയും നിരവധി കൂട്ടികളെയാണ് കൊന്നു തള്ളിയത്. കാണാതായവരുടെ കണക്കുകളും ഏറെ വലുതാണ്. കാണാതായ തങ്ങളുടെ കുട്ടികളെ കാത്തിരിക്കുന്ന നിരവധി രക്ഷിതാക്കള്‍ ഇന്നും ജീവിക്കുന്നുവെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കുട്ടികളുടെ കൊലപാതകം പുറം ലോകം അറിയാതിരിക്കാനുള്ള മാര്‍ഗങ്ങളും സേന സ്വീകരിച്ചിരുന്നു . മൃതദേഹങ്ങള്‍ മറവ് ചെയ്യാനും ഉടനെ കത്തിച്ചുകളയാനും സൈന്യം ശ്രദ്ധിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധാരണക്കാരെ മനഃപൂര്‍വം കൊല്ലുന്നത് യുദ്ധക്കുറ്റമാണ്. സിവിലിയന്‍മാര്‍ക്കെതിരെ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങാണെങ്കില്‍ അത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. ഈ സാഹചര്യത്തിലും കുട്ടികള്‍ക്ക് പ്രത്യേക നിയമ പരിരക്ഷ നല്‍കുന്നില്ല. പക്ഷേ കുട്ടികളുടെ പ്രായവും ദുര്‍ബലതയും കണക്കിലെടുക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഗുരതരമായിതന്നെ കാണമെന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയ സര്‍വകലാശാലയിലെ ഇന്റര്‍ നാഷണല്‍ ലോ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ മെലാനി ഒബ്രിയന്‍ പറയുന്നു.

കുട്ടികളെ കൊല്ലുന്നത് നൈജീരിയന്‍ സൈന്യത്തിന്റെ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണ്. 1967-ല്‍ പുറത്തിറക്കിയ കുട്ടികളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റ് സേനയ്ക്കെതിരെ പരസ്യമായ ശത്രുത പ്രകടിപ്പിക്കാത്ത പക്ഷം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ പാടില്ലെന്നും അവര്‍ക്ക് എല്ലാ സംരക്ഷണവും പരിചരണവും നല്‍കണമെന്നും വ്യക്തമാക്കുന്നു.

ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതിയുടെ 2002ലെ റോം സ്റ്റാറ്റിറ്റ്യൂട്ടിലെ അംഗം നിലയില്‍ നൈജീരിയ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ പരിധിയില്‍ പെടുന്നതാണ്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഐസിസി തയ്യാറല്ലെന്നും റോയിട്ടേഴ്‌സ് ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങള്‍ സൈനികരുടെ മാനസികനിലയെ പോലും ബാധിക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ അരക്ഷിതാവസ്ഥയാണ് നിരവധിയാളുകള്‍ സൈനിക ജോലി തിരഞ്ഞെടുക്കുന്നതിന് പിന്നില്‍ പ്രധാന കാരണം. പല സൈനികരും മനസില്ലാ മനസോടെയാണ് കുട്ടികളെ കൊല്ലുന്നത്, എന്നാല്‍ പലരും പിന്നീടതില്‍ ആനന്ദം കണ്ടെത്തുന്ന രീതിയിലേക്ക് വളര്‍ന്നുവെന്നും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയിയിലെ വടക്കു കിഴക്കന്‍ മേഖലയിലെ നിരവധി പെണ്‍കുട്ടികളെ നിര്‍ബന്ധിതമായി സൈന്യം ഗര്‍ഭഛിദ്രം നടത്തിയതായും കണ്ടുപിടിച്ചിരുന്നു. ഈ റിപ്പോര്‍‍ട്ട് പ്രകാരം നൈജീരിയയില്‍ നടന്ന മനുഷ്യാവകാശ ലംഘനത്തിനെ കുറിച്ചന്വേഷിക്കാന്‍ ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടിരുന്നു.

കുട്ടികളെ ലക്ഷ്യം വെച്ച് നടന്ന അതിക്രമങ്ങളുടെ നിരവധി ഉദാഹരണങ്ങളും റിപ്പോര്‍ച്ച് പരാമര്‍ശിക്കുന്നുണ്ട്. മൂന്ന് വയസിനു താഴെയുള്ള കുട്ടികളെ പോലും അമ്മയുടെ കൈയില്‍ നിന്ന് ബലമായി വലിച്ചുകൊണ്ടുപോയി കൊന്നു കളഞ്ഞിട്ടുണ്ടെന്നതാണ് ഇതില്‍ പ്രധാനം. വാട്ടര്‍ ഹോള്‍ കൂട്ടക്കൊല നടന്ന കുക്കാവയിലടക്കം നിരവധി കുട്ടികളാണ് കൊലചെയ്യപ്പെട്ടത്. 2019നും 2021നുമിടയില്‍ കുക്കാവ പ്രദേശത്ത് 60 ലധികം അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 500 ലധികം പേര്‍ ഇവിടങ്ങളില്‍ കൊലചെയ്യപ്പെട്ടു.

ഈ ആക്രമണങ്ങളില്‍ കുട്ടികളെ വളയാന്‍ സൈന്യം തീരുമാനിച്ചിരുന്നെന്നാണ് വിലയിരുത്തല്‍. സൈനിക വാഹനങ്ങളിലാക്കി കടത്തികൊണ്ടുപോയ കുട്ടികളെ പിന്നീട് ആരും കണ്ടിട്ടില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്ത്രീകളുടേയും കുട്ടികളുടേയും മൃതദേഹങ്ങള്‍ ചുട്ടുകരിക്കുന്ന കാഴ്ച്ച നേരില്‍ കണ്ട സാക്ഷിമൊഴിയും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2018ല്‍ ഏകദേശം 40 കുട്ടികളാണ് ഗസര്‍വയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 2019ന്റെ അവസാനത്തോടെ വാട്ടര്‍ ഹോള്‍ കൂട്ടകൊലക്ക് മുമ്പ് തന്നെ കുക്കാവയില്‍ നിന്ന് 6നും 13 നും ഇടയില്‍ പ്രായമുള്ള എട്ട് ആണ്‍കുട്ടികളെയും സൈന്യം പിടികൂടി. പിന്നീട് ആ കുട്ടികളെ കണ്ടെത്താന്‍ പോലും ബന്ധുക്കള്‍ക്കായിട്ടില്ല. സേനയോടുള്ള ഭയം മൂലം കാണാതായ കുട്ടികളെ കുറിച്ച് പരാതിപെടാന്‍ പോലും ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.

എന്നാല്‍, റിപ്പോര്‍ട്ടിലെ ആരോപണങ്ങളെല്ലാം തള്ളുകയാണ് നൈജീരിയന്‍ സേന. തീവ്രവാദികളൊഴികെയുള്ളവരെല്ലാം പട്ടണം വിട്ടെന്നും സേന ആക്രമിച്ചത് ഭീകരരെ മാത്രമെന്നുമാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ സാധാരണക്കാരായ ഗ്രാമ വാസികളെപോലും സംശയത്തിന്റെ പേരില്‍ പോലും സൈന്യം ആക്രമിച്ചിട്ടുണ്ടെന്നുമായിരുന്നു ഗ്രാമീണരുടെ മൊഴി.

സേനാവിഭാഗങ്ങളുടെ അതിക്രമം ഒരു വശത്ത് നടക്കുമ്പോള്‍ ബോ​കോ ഹ​റാം പോലുള്ള സംഘടനകള്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് കുട്ടികളെയാണ് ഇത്തരത്തില്‍ സായുധ സംഘങ്ങള്‍ റിക്രൂട്ട് ചെയ്തിട്ടുള്ളത്. ഇവര്‍ക്ക് ആയുധ പരിശീലനം നല്‍കുകയും മനുഷ്യബോംബുക്കളാക്കി മാറ്റുകയും ചെയ്തിട്ടുണ്ടെന്ന് ബോക്കോം ഹറാം സമ്മതിച്ചതായി കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനയുടെ യൂനിസെഫ് ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ സ്‌ഫോടന വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ചിരുന്നതായി ബോ​കോ ഹ​റാം നേരത്തെയും സമ്മതിച്ചിരുന്നു. കുട്ടികള്‍ പോലും വെടിയുതിര്‍ക്കുന്നതും വെടിമരുന്നു നിറക്കുന്നതുമായ അലോസരപ്പെടുത്തുന്ന കാഴ്ച്ചകള്‍ കണ്ടിട്ടുണ്ടെന്ന് സൈനികരും റോയിട്ടേഴ്‌സിനോട് തുറന്ന് പറയുന്നു.

logo
The Fourth
www.thefourthnews.in