ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും

ഇതാദ്യമായല്ല ബൊളീവിയയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്ന സാഹചര്യമുണ്ടാകുന്നത്
Updated on
2 min read

ഗാസയിൽ ഇസ്രയേൽ അഴിച്ചുവിടുന്നത് 'മനുഷ്യരാശിക്കെതിരായ കുറ്റകൃത്യ'മാണെന്ന് ചൂണ്ടിക്കാട്ടി ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ച് ബൊളീവിയ. പലസ്തീൻ ജനതക്കുമേൽ ഇസ്രയേൽ ക്രൂരമായ ആക്രമണമാണ് നടത്തുന്നതെന്ന് ആരോപിച്ചാണ് തീരുമാനം.

"ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം നടത്തുന്ന അനിയന്ത്രിതവും അനുപാതമല്ലാത്തതുമായ അക്രമത്തെ ബൊളീവിയ അപലപിക്കുന്നു. ഇതിനാൽ ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധവും ഉപേക്ഷിക്കാൻ തീരുമാനിക്കുകയാണ് ബൊളീവിയൻ വിദേശകാര്യ ഉപമന്ത്രി ഫ്രഡ്‌ഡി മാമാനി ചൊവ്വാഴ്ച രാത്രി നടന്ന വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി.

അക്രമം രൂക്ഷമായ ഗാസ മുനമ്പിൽ മാനുഷിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടനകളോടുള്ള ഇസ്രയേലിന്റെ ശത്രുതാപരമായ സമീപനം അംഗീകരിക്കാനാകില്ലെന്നും ഗാസയിലേക്ക് കഴിയാവുന്നത്ര സഹായങ്ങൾ ബൊളീവിയ എത്തിക്കുമെന്നും വിദേശകാര്യ മന്ത്രി മരിയ നില പ്രാദാ അറിയിച്ചു. ആയിരക്കണക്കിന് ജനങ്ങളുടെ ജീവനെടുത്ത പലസ്തീനികൾ കൂട്ടത്തോടെ തങ്ങളുടെ നാട്ടിൽ നിന്നും പാലായനം ചെയ്യാനുമിടയാക്കിയ ആക്രമണം വേഗം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതായും മരിയ പറഞ്ഞു.

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും
പലസ്തീൻ അഭയാർത്ഥി ക്യാമ്പിനുനേരെ ഇസ്രയേൽ വ്യോമാക്രമണം, അമ്പതിലേറെ പേർ കൊല്ലപ്പെട്ടു; പ്രതിഷേധിച്ച് ലോക രാഷ്ട്രങ്ങള്‍

ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിക്കുന്ന ആദ്യ രാജ്യങ്ങളിലൊന്നാണ് ബൊളീവിയ. അക്രമം ആരംഭിച്ച സാഹചര്യത്തിൽ തന്നെ ബൊളീവിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു. തുടർന്ന്, ബൊളീവിയൻ വിദേശകാര്യ മന്ത്രാലയം ഇസ്രയേൽ ആക്രമണത്തിൽ അപലപിക്കുകയും പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

ഇതാദ്യമായല്ല ബൊളീവിയയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം തകരുന്ന സാഹചര്യമുണ്ടാകുന്നത്. 2009ല്‍ ഇതിനു സമാനമായി ഗാസ മുനമ്പിലെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബൊളീവിയ ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചിരുന്നു, തുടർന്ന് 2020ൽ പ്രസിഡന്റ് ജീനിൻ അനസ് അധികാരത്തിൽ വന്നതോടെയാണ് ബന്ധം പുനഃസ്ഥാപിക്കുന്നത്.

ബൊളീവിയക്ക് പുറമെ, അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും ഇസ്രയേലിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ഗാസയിലെ അക്രമത്തിന്റെ പശ്ചാത്തലത്തിൽ തിരികെ വിളിച്ചിട്ടുണ്ട്. കൂടാതെ ഇരുരാജ്യങ്ങളും ഗാസയിലെ ആയിരക്കണക്കിന് ആൾക്കാരുടെ മരണത്തിൽ അപലപിക്കുകയും വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

നയതന്ത്ര പ്രതിനിധിയായിരുന്ന ഹോർഹെ കാർവാജലിനെ തിരിച്ചുവിളിക്കുകയാണെന്ന് പ്രഖ്യാപിച്ച ചിലിയൻ രാഷ്‌ട്രപതി ഗബ്രിയേൽ ബോറിക് ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ ലംഘനമാണെന്നും ഗാസയിലെ ജനങ്ങൾക്കുമേൽ വർഷിക്കുന്ന കൂട്ടായ ശിക്ഷ നടപടിയെ കുറ്റപ്പെടുത്തിയും എക്‌സിലൂടെ രംഗത്തെത്തിയിരുന്നു. അറബ് രാജ്യങ്ങൾക്ക് പുറമെ, ലോകത്ത് ഏറ്റവും വലുതും പഴക്കമുള്ളതുമായ പലസ്തീൻ സമൂഹമുള്ളത് ചിലിയിലാണ്.

കൊളംബിയൻ രാഷ്‌ട്രപതി ഗുസ്താവോ പെട്രോ ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമത്തെ 'പലസ്തീനികളുടെ കൂട്ടക്കൊല'യെന്നാണ് വിമർശിച്ചത്. മെക്സിക്കോയും ബ്രസീലുമുൾപ്പടെ മറ്റ് ലാറ്റിനമേരിക്കൻ രാജ്യങ്ങലും ഗാസയിലെ വെടിനിർത്തലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വെടിനിർത്തൽ ഹമാസിന് കീഴടങ്ങുന്നതിന് തുല്യമാണെന്ന് പറഞ്ഞ് ഇസ്രയേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹു വെടിനിർത്തൽ ആഹ്വാനം തള്ളിയിരുന്നു.

ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ച് ബൊളീവിയ; പ്രതിനിധികളെ തിരിച്ചുവിളിച്ച് ചിലിയും കൊളംബിയയും
'ഹമാസിന് കീഴടങ്ങുന്നതിന് തുല്യം'; വെടിനിർത്തൽ ആഹ്വാനം തള്ളി നെതന്യാഹു

25 ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രയേല്‍ - ഹമാസ് ആക്രമണത്തിൽ ഇതുവരെ 8525 പലസ്തീനികൾ കൊല്ലപ്പെട്ടതായി റിപോർട്ടുകൾ സൂചിപ്പിക്കുന്നു. 23 ലക്ഷത്തോളമുണ്ടായിരുന്ന ഗാസയിലെ ജനസംഖ്യയിൽ നിന്നും ഇസ്രയേലിന്റെ നിരന്തരമായ ബോംബാക്രമണത്തിലൂടെ 14 ലക്ഷത്തോളം പേർക്ക് ഭവനം നഷപെട്ടതായി യുഎൻ ഉദ്യോഗസ്ഥർ പറഞ്ഞു.

logo
The Fourth
www.thefourthnews.in