സൊമാലിയയിൽ ബോംബാക്രമണം: ഇരട്ട സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു
സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപം ഇരട്ട ബോംബ് സ്ഫോടനം. ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിൽ നൂറിലധികംപേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സോമാലിയൻ പ്രസിഡന്റ് ഹസൻ ശെയ്ഖ് മുഹമ്മദ് അറിയിച്ചു. തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പ് അൽ ഷബാബാണ് ആക്രമണത്തിന് പിന്നിലെന്ന് ഹസ്സൻ ഷെയ്ഖ് ആരോപിച്ചു.
മൊഗാദിഷുവിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് സമീപമുള്ള തിരക്കേറിയ ജംഗ്‌ഷനിലായിരുന്നു ആദ്യ സ്ഫോടനം. ആംബുലൻസുകളും ജനങ്ങളും രക്ഷാപ്രവർത്തനത്തിനായി എത്തിയതിന് പിന്നാലെയായിരുന്നു രണ്ടാമത്തെ സ്ഫോടനം. ഇത് വലിയ തോതിലുള്ള നാശനഷ്ടങ്ങൾക്കും ആളപായങ്ങൾക്കും കാരണമായി. വിദ്യാഭ്യാസ മന്ത്രാലയവും സമീപമുള്ള സ്കൂളിനെയും ലക്ഷ്യമിട്ടായിരുന്നു ബോംബ് ആക്രമണമെന്ന് അധികൃതർ പറഞ്ഞു.
രാജ്യത്തെ ജനങ്ങളെ കൂട്ടക്കൊല ചെയ്തിരിക്കുകയാണെന്ന് സംഭവ സ്ഥലം സന്ദർശിച്ച ശേഷം ഹസ്സൻ ഷെയ്ഖ് പറഞ്ഞു. ഇരകളുടെ എണ്ണം ഉയരാൻ സാധ്യതയുണ്ട്. പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണെന്നും എല്ലാവർക്കും അടിയന്തര വൈദ്യസഹായം നൽകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
2017 ഒക്ടോബറിൽ 500-ലധികം പേർ കൊല്ലപ്പെട്ട സൊമാലിയയിലെ ഏറ്റവും വലിയ ബോംബ് സ്‌ഫോടനം നടന്ന അതേ സ്ഥലത്താണ് ശനിയാഴ്ചയും ആക്രമണമുണ്ടായത്. അന്നത്തെ സ്‌ഫോടനത്തിൽ, തിരക്കേറിയ ഹോട്ടലിന് പുറത്ത് ട്രക്കിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരിക്കുന്നു.
സർക്കാരിനെ അട്ടിമറിച്ച് സൊമാലിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുകയാണ് അൽ-ഖായിദ സഖ്യകക്ഷിയായ അൽ-ഷബാബിന്റെ ലക്ഷ്യം. അതിനു വേണ്ടി ഒരു ദശാബ്ദത്തോളമായി രാജ്യത്ത് നിരവധി ആക്രമണ പരമ്പരകളാണ് സംഘം നടത്തികൊണ്ടിരിക്കുന്നത്.