ഉത്തരവനുസരിക്കില്ലെന്ന് മസ്‌ക്; എക്‌സിന് വിലക്കേർപ്പെടുത്തി ബ്രസീൽ സുപ്രീംകോടതി
രാജ്യത്തെ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്തതിനെ തുടർന്ന് എക്‌സിന് പൂട്ടിട്ട് ബ്രസീലിയൻ സുപ്രീം കോടതി. എക്സിന്റെ നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് അനുസരിക്കാൻ കൂട്ടാക്കാതെ വന്നതോടെയാണ് നീക്കം. എക്‌സിലൂടെ രാജ്യവ്യാപകമായി വ്യാജ-വിദ്വേഷ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നായിരുന്നു ബ്രസീലിയൻ സുപ്രീം കോടതിയുടെ കണ്ടെത്തൽ. അങ്ങനെയുള്ള അക്കൗണ്ടുകൾ വിലക്കണമെന്ന് നിർദേശിച്ചെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ എക്സ് ഉടമ ഇലോൺ മസ്ക് ആവശ്യം നിരാകരിക്കുകയായിരുന്നു.
നിയമകാര്യ പ്രതിനിധിയെ നിയമിക്കാൻ അനുവദിച്ച 24 മണിക്കൂർ സമയപരിധി അവസാനിച്ചതിന് പിന്നാലെയാണ് വെള്ളിയാഴ്ച വൈകി ബ്രസീലിയൻ സുപ്രീം കോടതി ജസ്റ്റിസ് അലക്‌സാന്ദ്രെ ഡി മോറിസ് ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം നടപ്പാക്കാൻ ബ്രസീലിൻ്റെ ദേശീയ ടെലികമ്മ്യൂണിക്കേഷൻ ഏജൻസിക്ക് 24 മണിക്കൂർ സമയവും നൽകി. ഏകദേശം രണ്ട് കോടി ഉപയോക്താക്കളെയാണ് സുപ്രീംകോടതി ഉത്തരവ് ബാധിക്കുക. മറ്റ് വി പി എന്നുകൾ ഉപയോഗിച്ച് എക്സ് ഉപയോഗിക്കുന്നവർക്ക് മേൽ പ്രതിദിനം ഏകദേശം 9000 ഡോളർ പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.
ബ്രസീൽ മുൻ പ്രസിഡന്റുമായ ജെയർ ബോൾസോനാരോയുടെ ഭരണകാലത്ത് വ്യാജ വാർത്തകളും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന എക്‌സിലെ ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണമെന്നതായിരുന്നു സുപ്രീംകോടതിയുടെ ആവശ്യം. എന്നാൽ എക്സ് ഇതിനോട് സഹകരിച്ചില്ല. അതോടെ ഇലോൺ മസ്കിലേക്ക് അന്വേഷണം നീങ്ങി. ഒടുവിൽ ഓഗസ്റ്റ് 17ന് ബ്രസീലിലെ എക്സ് പ്രതിനിധികളെ അറസ്റ്റ് ചെയ്യുമെന്ന് ജസ്റ്റിസ് രഹസ്യമായി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രാജ്യത്തെ ഓഫീസ് അടച്ചുപൂട്ടി. എന്നാൽ ബ്രസീലിലെ നിയമമനുസരിക്കണമെന്നും നിയമകാര്യ പ്രതിനിധിയെ നിയമിക്കണമെന്നും ജസ്റ്റിസ് അലക്‌സാന്ദ്രെ ഡി മോറിസ് ഉത്തരവിട്ടു.
എന്നാൽ ഉത്തരവിനോട് പ്രതികൂല സമീപനമാണ് മസ്‌ക് സ്വീകരിച്ചത്. കൂടാതെ "ബ്രസീലിൽ ജനാധിപത്യത്തെ പൂർണ്ണമായും നശിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ദുഷ്ട സ്വേച്ഛാധിപതി" എന്ന് ജസ്റ്റിസിനെ വിശേഷിപ്പിക്കുകയും ചെയ്തു. അക്കൗണ്ടുകൾ വിലക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഇലോൺ മസ്കിന്റെ വാദം. സെൻസർഷിപ്പ് അനുവദിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ നിയമത്തിന് അതീതരല്ലെന്നാണ് മോറിസിന്റെ പക്ഷം.
ഈ ആഴ്‌ച ഇത് രണ്ടാം തവണയാണ് ഒരു വിദേശ സർക്കാർ സമൂഹമാധ്യമത്തിന് മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്. മെസേജിങ് ആപ്പായി ടെലിഗ്രാമിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങളുടെ പേരിൽ അതിൽ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ പവൽ ദുറോവിനെ ഫ്രഞ്ച് സർക്കാർ അറസ്റ്റ് ചെയ്തിരുന്നു.