ബ്രസീലില്‍ ഇടതുപക്ഷത്തിന് വിജയം; ലുല ഡ സില്‍വയുടെ ശക്തമായ തിരിച്ചുവരവ്

ബ്രസീലില്‍ ഇടതുപക്ഷത്തിന് വിജയം; ലുല ഡ സില്‍വയുടെ ശക്തമായ തിരിച്ചുവരവ്

ജനുവരി 23ന് ലുല ഡ സില്‍വ പ്രസിഡന്റായി ചുമതലയേല്‍ക്കും
Updated on
2 min read

നിര്‍ണായക പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബ്രസീലില്‍ ഇടത് നേതാവ് ലുല ഡ സില്‍വയ്ക്ക് ജയം. നിലവിലെ പ്രസിഡന്റ് ജയിര്‍ ബോള്‍സനാരോയെ തോല്‍പ്പിച്ചാണ് മുന്‍ പ്രസിഡന് കൂടിയായ ലുല ബ്രസീലിന്‌റെ അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ബോള്‍സനാരോ 49.17 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ ഇടത് നേതാവ് 50.83 ശതമാനം വോട്ടുകളുമായാണ് വിജയം ഉറപ്പിച്ചത്. ബ്രസീലില്‍ നിലവിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നത് 37 വര്‍ഷത്തിന് ശേഷം ഇതാദ്യമാണ്. 2017ല്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് ജയിലിലടയ്ക്കപ്പെട്ട ലുല ഡ സില്‍വയെന്ന 77കാരന്റെ ശക്തമായ തിരിച്ചുവരവ് കൂടിയായി തിരഞ്ഞെടുപ്പ് വിജയം. അടുത്തവര്‍ഷം ജനുവരി 23നാകും ലുല ഡ സില്‍വ പ്രസിഡന്‌റായി ചുമതലയേല്‍ക്കുക. ചിലി, കൊളംബിയ, അർജന്റീന തുടങ്ങി വിവിധ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ ഇടത് മുന്നേറ്റത്തിന്റെ തുടർച്ചയാകുകയാണ് ബ്രസീലിലെ വിജയം.

ഒക്ടോബര്‍ രണ്ടിന് നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പില്‍ തന്നെ ലുല വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും 48.43% വോട്ട് മാത്രമേ നേടാന്‍ കഴിഞ്ഞിരുന്നുള്ളൂ. ആദ്യറൗണ്ട് പൂര്‍ത്തിയായപ്പോള്‍ 50% വോട്ടില്‍ കൂടുതല്‍ ആര്‍ക്കും ലഭിക്കാത്തതിനാലാണ് രണ്ടാംഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങിയത്.

ലുല ഡ സില്‍വയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം
ലുല ഡ സില്‍വയുടെ തിരഞ്ഞെടുപ്പ് വിജയാഘോഷം

2003 ജനുവരി മുതല്‍ 2011 ജനുവരി വരെ തുടര്‍ച്ചയായി രണ്ടുതവണ അദ്ദേഹം പ്രസിഡന്‌റ് തിരഞ്ഞെടുപ്പില്‍ ആധികാരിക വിജയം നേടിയിരുന്നു. അഴിമതി കേസില്‍ ഉള്‍പ്പെട്ടതോടെ 2017ല്‍ തടവ് ശിക്ഷയാണ് ലുലയ്ക്ക് കോടതി വിധിച്ചത്. ഒന്നരവര്‍ഷത്തോളം ജയില്‍വാസം. പിന്നീട് സുപ്രീംകോടതി വെറുതെവിട്ടതോടെയാണ് അദ്ദേഹം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായത്.

തന്റെ ജയം ബ്രസീല്‍ ജനതയുടെ വിജയമാണെന്ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത ലുല ഡ സില്‍വ പറഞ്ഞു. '' ബ്രസീല്‍ ജനത സമാധാനവും ജനാധിപത്യവും അന്തസും ആഗ്രഹിക്കുന്നു. വെള്ളക്കാരും കറുത്തവര്‍ഗക്കാരും തദ്ദേശീയരുമെന്ന വ്യത്യാസമില്ല. നമ്മള്‍ ഒരു ജനതയാണ്. നന്നായി ജീവിക്കുക, നല്ല ഭക്ഷണം, ജോലി, വിദ്യാഭ്യാസം എന്നിവയാണ് ബ്രസീല്‍ ജനത ആഗ്രഹിക്കുന്നത്. തോക്കിന് പകരം പുസ്തകങ്ങളാണ് അവര്‍ക്ക് വേണ്ടത് ആഗ്രഹിക്കുന്നത്'' - ലുല പറഞ്ഞു.

ആഹ്ളാദ പ്രകടനം
ആഹ്ളാദ പ്രകടനം

രാജ്യത്ത ദാരിദ്ര്യം തുടച്ചുനീക്കുകയാണ് ആദ്യ ലക്ഷ്യമെന്ന് ലുല ഡ സില്‍വ വ്യക്തമാക്കി. രാജ്യത്തെ എല്ലാ തലങ്ങളിലും പുനര്‍നിര്‍മിക്കുക എന്നതാണ് തന്‌റെ മുന്നിലെ വെല്ലുവിളിയെന്നും അദ്ദേഹം വ്യക്തമാക്കി. ബ്രസീലില്‍ ഏറെ ചര്‍ച്ചാവിഷയമായ ആമസോണ്‍ വനനശീകരണം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അദ്ദേഹം ജനങ്ങളോട് സംവദിച്ചു. ആമസോണിലെ വനനശീകരണം പൂജ്യമായി കുറയ്ക്കാന്‍ തന്‌റെ സര്‍ക്കാര്‍ പോരാടുമെന്ന് പറഞ്ഞാണ് പുതിയ സര്‍ക്കാരിന്റെ നയം അദ്ദേഹം വ്യക്തമാക്കിയത്.

logo
The Fourth
www.thefourthnews.in