ഹൂതി വിമതരുടെ ആക്രമണം വര്‍ധിക്കുന്നു; ചെങ്കടല്‍ വഴിയുള്ള എണ്ണകയറ്റുമതി നിര്‍ത്തിവച്ച് ബ്രിട്ടീഷ് പെട്രോളിയം
ഹൂതി വിമതര്‍ കപ്പലുകള്‍ക്ക് നേരെ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള എല്ലാ എണ്ണകയറ്റുമതിയും നിര്‍ത്തിവയ്‌ക്കുന്നതായി വമ്പന്‍ എണ്ണ കമ്പനിയായ ബ്രിട്ടീഷ് പെട്രോളിയം. ഹൂതികള്‍, ഇസ്രയേലിലേക്ക് പോകുന്നുവെന്ന് അവര്‍ കരുതുന്ന കപ്പലുകള്‍ ആക്രമിക്കുന്നതിലൂടെ ചെങ്കടലിലെ സുരക്ഷാ സാഹചര്യം വഷളാവുകയാണെന്ന് കമ്പനി കുറ്റപ്പെടുത്തി. ആക്രമണം തുടര്‍സംഭവമായതോടെ പല കമ്പനികളും കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുകയാണ്.
മറ്റ് എണ്ണക്കമ്പനികളും ഇതേ നില തുടരുകയാണെങ്കില്‍ എണ്ണവില കൂടുമെന്ന് വിദഗ്ധരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. എണ്ണവിലയുടെ അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡിന് ബാരലിന് 77.17 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. എണ്ണ, ദ്രാവക പ്രകൃതിദത്ത വാതകങ്ങളം ഉപഭോക്തൃ ചരക്കുകളും കൈമാറുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ റൂട്ടുകളിലൊന്നാണ് ചെങ്കടല്‍.
അതേസമയം ചെങ്കടല്‍ വഴി ഇസ്രയേല്‍ ചരക്കുകള്‍ കൊണ്ടുപോകില്ലെന്ന് ലോകത്തെ ഏറ്റവും വലിയ ചരക്ക് സ്ഥാപനങ്ങളിലൊന്നായ എവര്‍ഗ്രീന്‍ ലൈന്‍ അറിയിച്ചു. കപ്പലിന്റെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിക്കൊണ്ട് ഇസ്രയേല്‍ ചരക്കുകള്‍ സ്വീകരിക്കുന്നത് ഒരു അറിയിപ്പുണ്ടാകുന്നത് വരെ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്.
ഇറാന്‍ കേന്ദ്രീകൃതമായുള്ള ഹൂതി വിമതര്‍ ബാബ് അല്‍ മന്ദബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളെ ലക്ഷ്യം വെക്കുന്നത് തുടരുകയാണ്. തങ്ങള്‍ ഹമാസിനെ പിന്തുണക്കുന്നുവെന്നും ഇസ്രയേലിലേക്ക് സഞ്ചരിക്കുന്ന കപ്പലുകളെ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ലക്ഷ്യം വെക്കുമെന്നും വിമതര്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഹൂതി വിമതര്‍ ആക്രമിച്ച എല്ലാ കപ്പലുകളും ഇസ്രയേലിലേക്ക് സഞ്ചരിച്ചതാണോയെന്ന് വ്യക്തമല്ല.
യമനിലെ ചെങ്കടലില്‍ വെച്ച് തങ്ങളുടെ കപ്പല്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഒരു ഉപകരണത്തിലൂടെ അക്രമിച്ചെന്നും എന്നാല്‍ കപ്പലിന് ഇസ്രയേലുമായി യാതൊരു ബന്ധവുമില്ലെന്നും ഇന്ന് ഏറ്റവും അവസാനം നടന്ന ആക്രമണത്തിന്റെ കപ്പലിന്റെ ഉടമയായ എംടി സ്വാന്‍ അറ്റ്‌ലാന്റിക് പറയുന്നു.
നേരത്തെ തന്നെ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളായ മെര്‍സെക്, ഹപാക് ലോയ്ഡ്, ഇറ്റലിയുടെ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി, ഫ്രാന്‍സിന്റെ സിഎംഎ, ജിസിഎം എന്നീ കമ്പനികള്‍ തുടങ്ങിയവ താല്‍ക്കാലികമായി ഷിപ്പിങ് നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു.