മനുഷ്യാ, നീ വളമാകുന്നു...മണ്ണിലേക്ക് മടങ്ങുന്നു

മനുഷ്യാ, നീ വളമാകുന്നു...മണ്ണിലേക്ക് മടങ്ങുന്നു

മൃതശരീരം വളമാക്കുന്നത് നിയമവിധേയമാക്കി കാലിഫോര്‍ണിയ
Updated on
1 min read

മൃതശരീരം സംസ്‌കരിക്കുന്നതിന് നൂതന മാര്‍ഗം സ്വീകരിക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് അമേരിക്കയിലെ കാലിഫോര്‍ണിയ സ്റ്റേറ്റ്. പ്രകൃതിദത്ത കമ്പോസ്റ്റിങ്ങിലൂടെ മൃതശരീരം മനുഷ്യവളമാക്കി മാറ്റി ഉപയോഗിക്കുന്നതാണ് പദ്ധതി. മൃതശരീരം വളമാക്കുന്നത് നിയമവിധേയമാക്കുന്ന അമേരിക്കയിലെ അഞ്ചാമത്തെ സംസ്ഥാനമാണ് കാലിഫോര്‍ണിയ. വാഷിങ്ടണാണ് ആദ്യമായി പദ്ധതി ആവിഷ്കരിച്ചത്. കൊളറാഡോ, ഒറിഗണ്‍, വെര്‍മൗണ്ട്‌ സംസ്ഥാനങ്ങളും പദ്ധതി നിയമവിധേയമാക്കിയിരുന്നു.

മൃതശരീരം വളമാക്കുന്നത് എങ്ങിനെ?

മനുഷ്യ ശരീരം സംസ്‌കരിക്കുന്ന ഏറ്റവും പ്രകൃതിദത്തമായ രീതിയാണ് കമ്പോസ്റ്റിങ്. മൃതശരീരം ഒരു സ്റ്റീല്‍ കണ്ടെയ്‌നറില്‍ സ്ഥാപിച്ച് അതിലേയ്ക്ക് വൈക്കോല്‍, മരക്കഷ്ണങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍ തുടങ്ങിയ ജൈവ വസ്തുക്കള്‍ നിക്ഷേപിക്കുന്നു. സൂക്ഷ്മാണുക്കള്‍ മൃതശരീരവും ഒപ്പം നിക്ഷേപിച്ച ജൈവവസ്തുക്കളും വിഘടിപ്പിക്കും. 30 ദിവസത്തിനുള്ളില്‍ കമ്പോസ്റ്റിങ് പൂര്‍ത്തിയാകും. ഫലഭൂയിഷ്ഠമായ മണ്ണാണ് പിന്നീട് ലഭിക്കുക. ആറ് ആഴ്ചയ്ക്ക് ശേഷം മറ്റേതൊരു കമ്പോസ്റ്റും ഉപയോഗിക്കുന്നതിന് സമാനമായ രീതിയില്‍ ജൈവവളമായി ഇതും ഉപയോഗപ്പെടുത്താനാകും.

ഒരു മൃതശരീരത്തില്‍ നിന്ന് ഏകദേശം മൂന്ന് അടിയോളം അളവില്‍ ജൈവവളം നിര്‍മ്മിക്കാനാകും. സിയാറ്റില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന റികമ്പോസസ് സംസ്കരണ കേന്ദ്രത്തിലാണ് മൃതശരീരം വളമാക്കുന്നതിനായുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സ്വാഭാവിക കമ്പോസ്റ്റിങ്ങിലൂടെ മരണത്തോടെ മനുഷ്യനെ ഭൂമിയിലേയ്ക്ക് തന്നെ മടങ്ങാന്‍ അനുവദിക്കുകയാണെന്ന സങ്കല്‍പ്പം കൂടിയുണ്ടെന്ന് റികമ്പോസസ് സിഇഒ കത്രീന സ്‌പേഡ് പറയുന്നു.

യുഎസില്‍ മനുഷ്യ കമ്പോസ്റ്റിങ് വ്യാപകമാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശവ സംസ്‌കാരത്തേക്കാള്‍ മികച്ച രീതിയാണ് മനുഷ്യ കമ്പോസ്റ്റിങ് എന്നാണ് വിലയിരുത്തപ്പെടുന്നത്. മൃതശരീരം കത്തിക്കുമ്പോള്‍ 534.6 പൗണ്ട് കാര്‍ബണ്‍ഡൈ ഓക്‌സൈഡാണ് ഓരോ ശരീരത്തില്‍ നിന്നും പുറം തള്ളപ്പെടുന്നത്. 36,00,00 മെട്രിക്ക് ടണ്‍ ഗ്രീന്‍ഹൗസ് ഗ്യാസ് ഓരോ മൃതശരീരത്തിലൂടെയും പ്രകൃതിയിലേയ്ക്ക് എത്തുന്നുവെന്നാണ് നാഷണല്‍ ജിയോഗ്രഫിക്ക് പുറത്തുവിടുന്ന വിവരം. കത്തിക്കാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളായ ഫോര്‍മാലൈഹെഡ് മെഥനോള്‍, എഥനോള്‍ തുടങ്ങിയ രാസ വസ്തുക്കള്‍ 5.3 മില്ല്യണ്‍ ഗ്യാലണ്‍ അളവിലാണ് ഒരോ വര്‍ഷവും പുറന്തള്ളുന്നത്. മാത്രമല്ല പ്രതിവര്‍ഷം 30 ദശലക്ഷം മരത്തടികളും ഏകദേശം 2 ദശലക്ഷം ടണ്‍ കോണ്‍ക്രീറ്റും സ്റ്റീലും മറ്റ് സാമഗ്രികളും ശ്മശാന നിലവറകളും ആവശ്യമായി വരുന്നതെന്നാണ് കണക്കാക്കുന്നത്.

മൃതശരീരം സംസ്‌കാര പ്രക്രിയയിലൂടെ മനുഷ്യ കമ്പോസ്റ്റിങ്ങിന് വിധേയമാക്കുമ്പോള്‍ ഒരു മെട്രിക്ക് ടണ്‍ അളവില്‍ കാര്‍ബണ്‍ പ്രകൃതിയിലേയ്ക്ക് പ്രവേശിക്കാതെ തടയാന്‍ സാധിക്കുന്നു എന്നാണ് ഗോള്‍ഡന്‍ സ്റ്റേറ്റിന്റെ മനുഷ്യ കമ്പോസ്റ്റിങ് ബില്‍ തയ്യാറാക്കിയ കാലിഫോര്‍ണിയ നിയമ നിര്‍മാതാവ് ക്രിസ്റ്റീന ഗാര്‍സിയ തിങ്കളാഴ്ച ട്വീറ്റ് ചെയ്തത്. എന്നാല്‍ മനുഷ്യ ശരീരത്തെ ഉത്പന്നമായി കാണുന്നുവെന്ന വിമര്‍ശനവും ഈ രീതിക്കെതിരെ ഉയരുന്നുണ്ട്.

logo
The Fourth
www.thefourthnews.in