ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യൻ പങ്ക് കണ്ടെത്താന്‍ അമേരിക്കയും സഹായിച്ചെന്ന് കാനഡ

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യൻ പങ്ക് കണ്ടെത്താന്‍ അമേരിക്കയും സഹായിച്ചെന്ന് കാനഡ

കാനഡയുടെ കൈവശമുള്ള തെളിവുകൾ യഥാസമയം പങ്കിടുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു
Updated on
1 min read

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യയുടെ പങ്കിനെപ്പറ്റി അന്വേഷിക്കാന്‍ അമേരിക്കയും സഹായിച്ചെന്ന് കനേഡിയൻ സർക്കാർ വൃത്തങ്ങൾ. കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തലുകളിൽ ഉൾപ്പടെ യുഎസിന്റെ സഹായം ലഭിച്ചിട്ടുണ്ട്‌. കാനഡയുടെ കൈവശമുള്ള തെളിവുകൾ യഥാസമയം പങ്കിടുമെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യൻ പങ്ക് കണ്ടെത്താന്‍ അമേരിക്കയും സഹായിച്ചെന്ന് കാനഡ
'ഖലിസ്ഥാൻ നേതാവിന്റെ വധത്തിൽ ഇന്ത്യക്ക് പങ്ക്', എംബസി ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ; അസംബന്ധമെന്ന് വിദേശകാര്യ മന്ത്രാലയം

ജൂണിൽ ഹർദീപ് സിംഗ് നിജ്ജാറിനെ വധിച്ച സംഭവത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കിനെക്കുറിച്ചുള്ള ആരോപണങ്ങളിൽ സജീവമായി അന്വേഷണം നടക്കുന്നുണ്ടെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അന്താരാഷ്ട്ര നിയമത്തിൽ ഈ കേസ് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. വിഷയം ഗൗരവമായി കാണണമെന്നും കാനഡയെ ഇക്കാര്യം പൂർണ്ണമായി അന്വേഷിക്കാൻ സഹായിക്കണമെന്നും ട്രൂഡോ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു.

കാനഡയുടെ അന്വേഷണത്തെ പിന്തുണക്കുന്നതായി യുഎസ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. "സംഭവങ്ങളെക്കുറിച്ച് ഞങ്ങളുടെ കനേഡിയൻ സഹപ്രവർത്തകരുമായി അടുത്ത് പ്രവർത്തിച്ചിരുന്നു. ആരോപണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് വളരെ ആശങ്കയുണ്ട്. പൂർണ്ണവും തുറന്നതുമായ അന്വേഷണം ഉണ്ടാകേണ്ടത് പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. ആ അന്വേഷണവുമായി സഹകരിക്കാൻ ഞങ്ങൾ ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു," ഒരു മുതിർന്ന സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം: ഇന്ത്യൻ പങ്ക് കണ്ടെത്താന്‍ അമേരിക്കയും സഹായിച്ചെന്ന് കാനഡ
ആരാണ് ഹർദീപ് സിങ് നിജ്ജർ? ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തെ ബാധിച്ച കൊലപാതകം

കനേഡിയൻ പ്രതിപക്ഷ നേതാവ് പിയറി പൊയ്‌ലിവർ ഉൾപ്പെടെയുള്ളവർ ഇന്ത്യക്കെതിരെയുള്ള കാനഡയുടെ ആരോപണങ്ങളിൽ തെളിവ് നൽകണമെന്ന് ജസ്റ്റിൻ ട്രൂഡോയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആരോപണം അസംബന്ധമാണ് എന്നതിൽ ഉറച്ച് നിൽക്കുകയാണ് ഇന്ത്യ. നേരത്തെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിനെ ഭാഗമായി കാനഡ ഇന്ത്യയുടെ ഇന്റലിജൻസ് മേധാവിയെ പുറത്താക്കിയിരുന്നു. പിന്നാലെ കനേഡിയൻ നയതന്ത്രജ്ഞനെ ഇന്ത്യയും പുറത്താക്കി. നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നാണ് വിദഗ്ദർ കരുതുന്നത്.

കാനഡയിലെ സിഖ് വിഘടനവാദ പ്രവർത്തനങ്ങളിൽ നേരത്തെ തന്നെ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതുമൂലം വർഷങ്ങളായി കാനഡ-ഇന്ത്യ നയതന്ത്ര ബന്ധത്തിൽ വിള്ളലുകൾ വീണിട്ടുണ്ട്. സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നായിരുന്നു അജ്ഞാതരായ രണ്ട് പേരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ജലന്ധര്‍ സ്വദേശിയാണ് ഹര്‍ദീപ് സിങ് നിജ്ജാർ. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരുന്നത് നിജ്ജാറായിരുന്നു.

logo
The Fourth
www.thefourthnews.in