എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്തു; മണിക്കൂറുകള്‍ക്കകം 'ഓസ്‌ട്രേലിയ ടുഡേ' നിരോധിച്ച് കാനഡ
പ്രമുഖ പ്രവാസി ഔട്ട്‌ലെറ്റ് 'ഓസ്‌ട്രേലിയ ടുഡേ'യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും നിരോധിച്ച് കാനഡ. ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തെക്കുറിച്ച് ഓസ്ട്രേലിയയില്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ വാര്‍ത്താസമ്മേളനം ഔട്ട്ലെറ്റ് സംപ്രേഷണം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് നിരോധനം. കാനഡയുടെ നീക്കം ആശ്ചര്യപ്പെടുത്തിയെന്നും അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള ഒട്ടാവയുടെ കാപട്യമാണ് ഇത് ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇന്ത്യ പ്രതികരിച്ചു.
'ഈ പ്രത്യേക ഔട്ട്ലെറ്റിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍, പേജുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാനഡയിലെ കാഴ്ചക്കാര്‍ക്ക് ലഭ്യമല്ലെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പെന്നി വോങ്ങിനൊപ്പം എസ് ജയശങ്കറിന്‌റെ പത്രസമ്മേളനം കഴിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഞങ്ങള്‍ക്ക് അത്ഭുതവും വിചിത്രവുമായി തോന്നുന്നു' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ ഡല്‍ഹിയില്‍ പറഞ്ഞു.
'അഭിപ്രായസ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണിത്. വിദേശകാര്യ മന്ത്രി മൂന്ന് കാര്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. ഒന്ന് പ്രത്യേക തെളിവുകളൊന്നുമില്ലാതെ കാനഡ ആരോപണം ഉന്നയിക്കുന്നതിനെക്കുറിച്ചാണ്. കാനഡയില്‍ നടക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരുടെ നിരീക്ഷണമാണ് അദ്ദേഹം എടുത്തുകാട്ടിയ രണ്ടാമത്തെ കാര്യം, ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കാനഡയില്‍ ഇന്ത്യാ വിരുദ്ധര്‍ക്ക് കനല്‍കിയിട്ടുള്ള രാഷ്ട്രീയ ഇടമാണ് അദ്ദേഹം മൂന്നാമതായി പരാമര്‍ശിച്ചത്. ഇതില്‍നിന്ന് എന്തുകൊണ്ടാണ് ഓസ്ട്രേലിയ ടുഡേ ചാനല്‍ കാനഡ തടഞ്ഞത് എന്ന നിഗമനങ്ങളില്‍ എത്തിച്ചേരാം' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓസ്‌ട്രേലിയയിലും ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളിലും വിശകലനങ്ങളിലുമാണ് ഓസ്‌ട്രേലിയ ടുഡേ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.