'പുകവലി ആരോഗ്യത്തിന് ഹാനികരം';  ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കാനൊരുങ്ങി കാനഡ

'പുകവലി ആരോഗ്യത്തിന് ഹാനികരം'; ഓരോ സിഗരറ്റിലും മുന്നറിയിപ്പ് നല്‍കാനൊരുങ്ങി കാനഡ

2035 ആകുമ്പോഴേക്കും രാജ്യത്തെ പുകയില ഉപഭോഗം 5% ആയി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണം
Updated on
1 min read

ലോക പുകയില വിരുദ്ധ ദിനത്തില്‍ വലിയൊരു മാറ്റത്തിലേക്ക് ചുവടുവയ്കാനൊരുങ്ങി കാനഡ. സിഗരറ്റ് ഉപഭോഗം കുറയ്ക്കാനായി ഓരോ സിഗരറ്റിലും ആരോഗ്യ മുന്നറിയിപ്പുകൾ നല്‍കാനാണ് കാനഡയുടെ തീരുമാനം. പുകയില കുട്ടികളെ ദോഷകരമായി ബാധിക്കുന്നു , സിഗരറ്റ് രക്താര്‍ബുദത്തിന് കാരണമാകുന്നു , ഓരോ പഫും വിഷമാണ് എന്നീ മുന്നറിയിപ്പുകള്‍ ഇംഗ്ലീഷിലും ഫ്രഞ്ചിലും എഴുതാനാണ് തീരുമാനം. ലോകത്താദ്യമായാണ് ഒരു രാജ്യം ഇത്തരത്തിലൊരു പരിഷ്കാരം നടപ്പാക്കാനൊരുങ്ങുന്നത്. 2035 ആകുമ്പോഴേക്കും രാജ്യത്തെ പുകയില ഉപഭോഗം 5% ആയി കുറയ്ക്കുക എന്നതാണ് നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നത്. 

ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചു വരുന്ന നിക്കോട്ടിന്‍ ആസക്തി കുറയ്ക്കുക, പുകയിലയോടുള്ള ആകര്‍ഷണം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നയം. രൂപ മാറ്റം വരുത്തി പാക്ക് ചെയ്യുന്നതിലൂടെ പുതിയ പാക്കിങ് ചട്ടങ്ങള്‍ നടപ്പിലാക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. പുതിയ രീതി സ്വീകരിക്കുന്നതിലൂടെ കാനഡയിലെ പൗരന്‍മാര്‍ക്കിടയിലെ പുകയില ഉപയോഗം കുറയ്ക്കാനാകുമെന്നാണ് വിലയിരുത്തല്‍.

സാധാരണ നിലയില്‍ ഓരോ സിഗരറ്റ് പാക്കിനും പുറത്താണ് സിഗരറ്റ് ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന് മുന്നറിയിപ്പ് നല്‍കാറുള്ളത്. എന്നാല്‍ ഓരോ സിഗരറ്റിലും ഈ മുന്നറിയിപ്പ് നല്‍കുന്നതു വഴി പുക വലിക്കുന്നവര്‍ ഇത് കാണാനും ശ്രദ്ധിക്കാനുമിടവരുമെന്ന പ്രതീക്ഷയും ആരോഗ്യ വകുപ്പ് പങ്കു വച്ചു. ലോകത്തിനു മുഴുവന്‍ മാതൃകയാകുന്ന നടപടിയാണ് കാനഡ സ്വീകരിച്ചതെന്നും ഓരോ പഫിലും ഈ മുന്നറിയിപ്പ് ജനങ്ങളിലെത്തുമെന്നുമാണ് കനേഡിയൻ കാൻസർ സൊസൈറ്റിയിലെ വിദഗ്ധർ പറയുന്നത്

ഓഗസ്റ്റ് 1 മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരിക,ഘട്ടം ഘട്ടമായിട്ടാണ് ഇത് നടപ്പിലാക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചില്ലറ വ്യാപാരികള്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കണം. 2024 ഏപ്രിൽ അവസാനത്തോടെ ഇത് നടപ്പിലാക്കി തുടങ്ങും. 4 ജൂലൈയോടു കൂടി വലിയ സിഗരറ്റുകളിലും മുന്നറിയിപ്പ് പ്രത്യക്ഷപ്പെടും. 2025 ആകുമ്പോഴേക്കും എല്ലാ ഇനം സിഗരറ്റിനു മുകളിലും മുന്നറിയിപ്പ് നല്‍കാനാണ് സർക്കാര്‍ തീരുമാനം

logo
The Fourth
www.thefourthnews.in