'ഖലിസ്ഥാൻ നേതാവിന്റെ വധത്തിൽ ഇന്ത്യക്ക് പങ്ക്', എംബസി ഉദ്യോഗസ്ഥനെ പുറത്താക്കി കാനഡ; അസംബന്ധമെന്ന് വിദേശകാര്യ മന്ത്രാലയം
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ ശക്തമാകുന്നു. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കി. ഇന്ത്യന്‍ എംബസിയിലെ ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെയാണ് പുറത്താക്കിയത്. സിഖ് നേതാവിന്റെ മരണത്തിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് നടപടി. കാനഡയുടെ നടപടിയെ ഇന്ത്യ അപലപിച്ചു.
ഒരു കനേഡിയന്‍ പൗരനെ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ സര്‍ക്കാരിന്റെ ഇടപെടല്‍ അംഗീകരിക്കാനാവില്ല
ജസ്റ്റിന്‍ ട്രൂഡോ
കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന് കനേഡിന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച ആരോപിച്ചതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു പിന്നാലയാണ് പവന്‍ കുമാറിനെതിരായ നടപടി. 'കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് ബന്ധമുണ്ടോയെന്ന് കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദേശീയ സുരക്ഷാ ഏജന്‍സികള്‍ പരിശോധിച്ചുവരികയാണ്,' ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ഒരു കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണിൽ കൊലപ്പെടുത്തിയതില്‍ ഒരു വിദേശ സര്‍ക്കാരിന്റെ പങ്കാളിത്തം നമ്മുടെ പരമാധികാരത്തിനെതിരായ അസ്വീകാര്യമായ കടന്നുകയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാരാണ്' നടത്തിയതെന്ന് തന്റെ രാജ്യത്തെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി ട്രൂഡോ കുറ്റപ്പെടുത്തി.
ഇന്ത്യയ്ക്കെതിരെയുള്ള ആരോപണത്തിന് പിന്നാലെയാണ് കാനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍ കുമാറിനെ പുറത്താക്കുന്നതായി അറിയിച്ചത്.
കാനഡയുടെ അരോപണം തള്ളിയും, നടപടിയെ അപലപിച്ചും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ട്രൂഡോയുടെ ആരോപണം അസംബന്ധമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കില്ല. കാനഡിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യാവിരുദ്ധ ശക്തികളെ സംരക്ഷിക്കുന്നതിനും വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്നും ഇന്ത്യ ആരോപിച്ചു.
സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയുടെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്ന ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നായിരുന്നു കൊല്ലുപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ നിജ്ജാറിനെതിരെ വെടിയുതിർത്തത്. ജലന്ധര്‍ സ്വദേശിയായ ഹര്‍ദീപ് സിങ് നിജ്ജാർ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാൻ ടൈഗര്‍ ഫോഴ്സിന്റെ തലവനായിരുന്നു. സംഘടനയുടെ പ്രവര്‍ത്തനം, പരിശീലനം, ധനകാര്യം തുടങ്ങിയവയെല്ലാം കൈകാര്യം ചെയ്തിരുന്നത് ഹര്‍ദീപ് സിങ് നിജ്ജാറായിരുന്നു.
ഇന്ത്യയില്‍ എൻഐഎ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ നിജ്ജാര്‍ പ്രതിയാണ്. ജലന്ധറില്‍ ഒരു ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താന്‍ നിജ്ജാറിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് (കെടിഎഫ്) ഗൂഢാലോചന നടത്തിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന കുറ്റവാളിയാണ് ഹര്‍ദീപ് സിങ് നിജ്ജാറെന്നാണ് എന്‍ഐഎ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.
2018ൽ അമരീന്ദര്‍ സിങ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കാനഡയ്ക്ക് കൈമാറിയ പിടികിട്ടാപുള്ളികളുടെ ലിസ്റ്റിൽ ഹർദീപ് സിങ് നിജ്ജാറിന്റെ പേരുമുണ്ടായിരുന്നു. പഞ്ചാബ് പോലീസ് അന്വേഷിക്കുന്ന വിവിധ കേസുകളിലും നിജ്ജാർ പ്രതിയാണ്. വര്‍ഷങ്ങൾക്ക് മുൻപ് ജലന്ധറിൽനിന്ന് കാനഡയിലേക്ക് കുടിയേറിയവരാണ് നജ്ജാറിന്റെ കുടുംബം. രാജ്യദ്രോഹകേസുകളുടെ അടിസ്ഥാനത്തിൽ നജ്ജാറിന്റെ പേരിലുള്ള ജലന്ധറിലെ ഭൂമിയും സ്വത്ത് വകകളും പോലീസ് കണ്ടുകെട്ടിയിരുന്നു.