ഇന്ത്യ വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തി; അടുത്ത ബന്ധം പുലര്‍ത്താന്‍ കാനഡ പ്രതിജ്ഞാബദ്ധരെന്ന് ട്രൂഡോ
ഇന്ത്യയുമായി അടുത്ത ബന്ധം പുലര്‍ത്താന്‍ കാനഡ ഇപ്പോഴും പ്രതിജ്ഞാബദ്ധരാണെന്ന് കനേഡിയന്‍ പ്രധാന മന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ-കാനഡ ബന്ധം ഉലയുന്ന സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രസ്താവനയെന്നത് ശ്രദ്ധേയമാണ്. ലോകമെമ്പാടും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന സ്വാധീനം ചൂണ്ടിക്കാട്ടി കാനഡയും അതിന്റെ സഖ്യകക്ഷികളും ഇന്ത്യയുമായി ബന്ധം പുലര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്നും ട്രൂഡോയെ ഉദ്ധരിച്ച് കാനഡ കേന്ദ്രീകരിച്ചുള്ള നാഷണല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്നലെ മൊണ്‍ട്രീലില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പ്രശ്‌നങ്ങള്‍ക്കിടയിലും ഇന്ത്യയുമായി ബന്ധം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ട്രൂഡോ സംസാരിച്ചത്. ''ഇന്ത്യ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയും പ്രധാനപ്പെട്ട ഭൗമരാഷ്ട്രീയ താരവുമാണ്. കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഇന്തോ-പസഫിക് തന്ത്രം അവതരിപ്പിച്ചത് പോലെ ഇന്ത്യയുമായുള്ള അടുത്ത ബന്ധം ഞങ്ങള്‍ വളരെ ഗൗരവമായി കാണുന്നു. അതേസമയം രാജ്യത്തിന്റെ നിയമവാഴ്ചക്ക് അനുസരിച്ച് ഈ വിഷയത്തില്‍ മുഴുവന്‍ വസ്തുതകളും ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഇന്ത്യ കാനഡയുമായി പ്രവര്‍ത്തിക്കണമെന്നും ഞങ്ങള്‍ ഊന്നിപ്പറയുന്നു''ട്രൂഡോ പറഞ്ഞു.
അമേരിക്കന്‍ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയില്‍ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്കിനെക്കുറിച്ച് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് ഉറപ്പ് നല്‍കിയതായും ട്രൂഡോ കൂട്ടിച്ചേര്‍ത്തു. ''കനേഡിയന്‍ മണ്ണില്‍ കനേഡിയന്‍ പൗരനെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ കൊലപ്പെടുത്തിയെന്ന വിശ്വസനീയമായ ആരോപണങ്ങളെക്കുറിച്ച് ഇന്ത്യയോട് സംസാരിക്കാന്‍ അമേരിക്ക ഞങ്ങളോടൊപ്പമുണ്ട്. എല്ലാ ജനാധിപത്യ രാജ്യങ്ങളും, നിയമവാഴ്ചയെ ബഹുമാനിക്കുന്ന എല്ലാ രാജ്യങ്ങളും ഗൗരവമായെടുക്കേണ്ടുന്ന ഒരു കാര്യമാണിത്''ട്രൂഡോ പറഞ്ഞു.
എന്നാല്‍ ജയ്ശങ്കറും ആന്റണി ബ്ലിങ്കനും ഇന്നു പുലര്‍ച്ചെ നടത്തിയ കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ഒഴിച്ചു നിര്‍ത്തി ഇന്തോ-അമേരിക്കന്‍ നയതന്ത്ര വിഷയങ്ങള്‍ മാത്രമാണ് വിഷമായതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വാഷിങ്ടണിലെ ഫോഗിബോട്ടം ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയില്‍ കാനഡ വിഷയം ചര്‍ച്ചയായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തല്‍ക്കാലം തയാറല്ലെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കണ്ട സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ വ്യക്തമാക്കി. എന്നാല്‍ ഇന്ത്യ-കാനഡ വിഷയത്തില്‍ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനും നിജ്ജാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയന്‍ സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തില്‍ സഹകരിക്കാനും ഇന്ത്യയോട് ബ്ലിങ്കന്‍ ആവശ്യപ്പെട്ടതായും മില്ലര്‍ പറഞ്ഞു.