നയപരമായ അഭിപ്രായവ്യത്യാസം; കനേഡിയൻ സംഘം ഇന്ത്യയിലേക്കില്ല, വ്യപാര ദൗത്യം മാറ്റിവച്ചു
ഒക്ടോബറിൽ നടത്താനിരുന്ന കനേഡിയൻ സംഘത്തിന്റെ ഇന്ത്യയിലേക്കുള്ള വ്യാപാര ദൗത്യം മാറ്റിവച്ചു. കനേഡിയൻ വ്യാപാര മന്ത്രി മേരി എൻജിയുടെ വക്താവാണ് യാത്ര മാറ്റിയ കാര്യം സ്ഥിരീകരിച്ചത്. നയപരമായ അഭിപ്രായ വ്യത്യാസങ്ങളാണ് തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. കാനഡ വിശദീകരണങ്ങളൊന്നും നൽകിയിട്ടില്ല.
സെപ്റ്റംബർ ആദ്യം ഇന്ത്യയുമായുള്ള വ്യാപാര ഉടമ്പടി ചർച്ചകളിൽനിന്ന് കാനഡ പിന്മാറിയിരുന്നു. അടുത്തിടെ ന്യൂ ഡൽഹിയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് കാനഡയിലെ ഇന്ത്യൻ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും നേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ മോദി സംസാരിച്ചിരുന്നു. കാനഡയിൽ തീവ്രവാദ സംഘങ്ങൾ വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിലുമുള്ള ആശങ്കയും മോദി സെപ്റ്റംബർ 10ന് നടന്ന ചർച്ചയിൽ പ്രകടിപ്പിച്ചു. ഇന്ത്യ-കാനഡ ബന്ധത്തിന്റെ പുരോഗതിക്ക് പരസ്പര ബഹുമാനത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ ബന്ധം അനിവാര്യമാണെന്നും ട്രൂഡോയുമായുള്ള ചർച്ചയിൽ മോദി ഊന്നി പറഞ്ഞിരുന്നു.
ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്ത ട്രൂഡോ, തന്റെ രാജ്യം എല്ലായ്പ്പോഴും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്നായിരുന്നു പ്രതികരിച്ചത്. ഒപ്പം അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെ തടയുകയും ചെയ്യും. ചുരുക്കം ചിലരുടെ പ്രവർത്തനങ്ങൾ മുഴുവൻ കനേഡിയൻ സമൂഹത്തിനെയും പ്രതിനിധീകരിക്കുന്നില്ല എന്നത് ഓർക്കണമെന്നും കനേഡിയൻ നേതാവ് കൂട്ടിച്ചേർത്തിരുന്നു.
ഖലിസ്ഥാൻ തീവ്രസംഘടങ്ങളുടെ പ്രധാന കേന്ദ്രമാണ് കാനഡ. അവിടെ 2023 ജൂണിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ കൊലപാതകത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിച്ചത് വലിയ വിവാദമായിരുന്നു. ഖലിസ്ഥാൻ സംഘങ്ങളായിരുന്നു ഇത് സംഘടിപ്പിച്ചത്. ഇതേതുടർന്ന് ജൂലൈയിൽ കനേഡിയൻ പ്രതിനിധിയെ ഇന്ത്യ വിളിപ്പിക്കുകയും രാജ്യത്ത് നടക്കുന്ന തീവ്ര ഖലിസ്ഥാനി സംഘങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.