നാസി വിമുക്തഭടനെ ആദരിച്ച സംഭവം; കാനേഡിയന്‍ പാര്‍ലമെന്റ് അപലപിക്കണമെന്ന് റഷ്യ
നാസി വിമുക്തഭടനെ കനേഡിയന്‍ പാര്‍ലമെന്റില്‍ ആദരിച്ച സംഭവത്തില്‍ ആഞ്ഞടിച്ച് റഷ്യ. സംഭവത്തില്‍ കനേഡിയന്‍ സ്പീക്കറുടെ രാജി മതിയാകില്ലെന്നും പാര്‍ലമെന്റ് മുഴുവനും നാസിസത്തെ അപലപിക്കേണ്ടതായുണ്ടെന്നും റഷ്യ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. നാസി വിമുക്തഭടനെ കാനഡ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും റഷ്യ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്ചയാണ് രണ്ടാം ലോകമഹായുദ്ധസമയത്ത് നാസികള്‍ക്ക് വേണ്ടി പോരാടിയ 98 കാരനായ യുക്രെയ്‌നിയന്‍ വിമുക്തഭടന്‍ യാരോസ്ലാവ് ഹുങ്കയെ കനേഡിയന്‍ നിയമനിര്‍മ്മാതാക്കള്‍ പാര്‍ലമെന്റില്‍ ആദരിച്ചത്.
'കനേഡിയന്‍ അധികാരികള്‍ ഈ കുറ്റവാളിയെ നീതിപീഠത്തിന് മുന്നില്‍ കൊണ്ടുവരണം. അല്ലെങ്കില്‍ ന്യായത്തിന് മുന്നില്‍ കൊണ്ടുവരന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൈമാറണം' എന്ന് റഷ്യന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ചൊവ്വാഴ്ച പറഞ്ഞു.
വിമുക്ത ഭടനെ ആദരിച്ച കനേഡിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റൊട്ടയുടെ രാജി മാത്രം മതിയാകില്ലെന്നും വിമുക്തഭടന് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച പാര്‍ലമെന്റും നാസിസത്തെ അപലപിക്കേണ്ടതായുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. പാര്‍ലമെന്റ് സ്പീക്കറുടെ രാജിയെ സംബന്ധിച്ചിടത്തോളം, അദ്ദേഹം തന്റെ തെറ്റിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു, പക്ഷേ ഫാസിസ്റ്റിനെ എഴുന്നേറ്റു നിന്ന് കൈയ്യടിച്ച പാര്‍ലമെന്റിന്റെ കാര്യമോ?' എന്നായിരുന്നു പെസ്‌കോവിന്റെ വാക്കുകള്‍.
കനേഡിയന്‍ പാര്‍ലമെന്റില്‍ നടന്നത് ചരിത്രപരമായ സത്യത്തോടുള്ള അശ്രദ്ധപരമായ അവഗണനയാണെന്നും കുറ്റവാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പെസ്‌കോവ് ആവശ്യപ്പെട്ടു.
യുക്രെയ്‌നിയന്‍ പ്രസിഡന്റ് വോളോദിമര്‍ സെലന്‍സ്‌കിക്കെതിരെയും കടുത്ത വിമര്‍ശനമാണ് സംഭവത്തില്‍ ക്രംലിന്‍ ഉയര്‍ത്തിയിരിക്കുന്നത്. വിമുക്തഭടന് എഴുന്നേറ്റ് നിന്ന് ആദരം അര്‍പ്പിച്ചതിന് സെലന്‍സ്‌കിയെയും പെസ്‌കോ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു.
യുക്രെയ്‌നിയന്‍ ഭരണകൂടത്തിന് നാസി പ്രത്യയശാസ്ത്രത്തോടുള്ള ആസക്തി ഒരു വാര്‍ത്തയല്ല. യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയും വിമുക്തഭടനെ (കനേഡിയന്‍ പാര്‍ലമെന്റില്‍) നിന്നുകൊണ്ട് അഭിനന്ദിച്ചു എന്ന വസ്തുത ഒരിക്കല്‍ കൂടി ഇക്കാര്യം സ്ഥിരീകരിക്കുന്നതാണ്. സെലെന്‍സ്‌കിയുടെ മുത്തച്ഛന്‍ ഉള്‍പ്പെടെ ഫാസിസത്തിനെതിരെ പോരാടിയ യുക്രെയ്‌നിയന്‍ സൈനികരോട് സഹതപിക്കാനേ കഴിയൂ എന്നും പെസ്‌കോവ് പ്രതികരിച്ചു.
2022ലെ യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശ സമയത്ത് ഡോളറുകള്‍ നല്‍കി രാജ്യത്തെ സഹായിച്ച കാനഡയ്ക്ക് നന്ദി പറയാന്‍ പാര്‍ലമെന്റില്‍ എത്തിയതായിരുന്നു സെലന്‍സ്‌കി.
കനേഡിയന്‍ പാർലമെൻ്നാസി വിമുക്തഭടനെ ആദരിച്ചത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. വിവാദങ്ങൾ കത്തിപടർന്നതോടെ കനേഡിയന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ആന്റണി റൊട്ട രാജിവക്കുകയായിരുന്നു. ആന്റണി റൊട്ട വിമുക്തഭടനെ വീരനെന്ന് വാഴ്തിയതിന് പിന്നാലെ പാര്‍ലമെന്റ് അംഗങ്ങള്‍ ഏഴുന്നേറ്റ് നിന്നായിരുന്നു ആദരം നല്‍കിയത്. ഇതിന് ജൂത സമൂഹത്തിനിടയിൽ നിന്നും വിമർശനം ഉയർന്നിരുന്നു. വിമുക്തഭടനെ ആദരിച്ച സംഭവം ഞെട്ടിപ്പിക്കുന്നതും അസ്വസ്ഥതപ്പെടുത്തുന്നതാണെന്നും ജൂത അഭിഭാഷക സംഘത്തിൻ്റെ പ്രതികരണം.