'സമാധാനം സ്നേഹത്തിലൂടെ മാത്രം, ബലപ്രയോഗത്തിലൂടെ സാധ്യമാകില്ല'; യുദ്ധ ഇരകള്‍ക്കൊപ്പമെന്ന് മാർപാപ്പയുടെ ക്രിസ്മസ് സന്ദേശം
ഇസ്രയേല്‍-ഹമാസ് സംഘർഷം രൂക്ഷമായിരിക്കെ സെന്റ് പീറ്റേഴ്സ് ബസലിക്കിയില്‍ നല്‍കിയ ക്രിസ്മസ് സന്ദേശത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പോപ് ഫ്രാന്‍സിസ്. ''ഇന്ന് നമ്മുടെ ഹൃദയം ബത്ലഹേമിലാണ്. യുദ്ധത്തിന്റെ പേരില്‍ സമാധാനത്തിന്റെ രാജകുമാരന് പ്രവേശനം നിഷേധിക്കപ്പെട്ട മണ്ണില്‍. ആയുധങ്ങള്‍ കൊണ്ടുള്ള സംഘർഷം ഇന്നും അവനെ തടയുന്നു,'' 6,500 പേർ പങ്കെടുത്ത ക്രിസ്മസ് കുർബാനയില്‍ മാർപാപ്പ പറഞ്ഞു.
ഇസ്രയേലിനേയും ഗാസയേയും പേരെടുത്ത് പറയാതെയായിരുന്നു മാർപാപ്പയുടെ സന്ദേഷം. പക്ഷേ, യുദ്ധത്തെക്കുറിച്ച് നിരവധി പരാമർശങ്ങള്‍ മാർപാപ്പ നടത്തി. ''ബലപ്രയോഗത്തിലൂടെ സമാധാനം പുനസ്ഥാപിക്കാനാകില്ല, എന്നാല്‍ സ്നേഹം കൊണ്ട് സാധിക്കും,'' മാർപാപ്പ കൂട്ടിച്ചേർത്തു. യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്ന സഹോദരീ സഹോദരന്മാർക്ക് ഒപ്പമാണ് നമ്മള്‍. പലസ്തീന്‍, ഇസ്രയേല്‍, യുക്രെയ്ന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഞങ്ങളുടെ ചിന്തകളിലുണ്ടെന്നും കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രതിവാര പ്രാർത്ഥനയില്‍ മാർപാപ്പ പറഞ്ഞിരുന്നു.
ഒക്ടോബർ ഏഴിനായിരുന്നു ഇസ്രയേലിന് നേർക്ക് ഹമാസ് ആക്രമണം തൊടുത്തത്. 1,140 പേരാണ് അന്ന് കൊല്ലപ്പെട്ടതെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജന്‍സിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നത്. 250 പേരെ ഹമാസ് തട്ടിക്കൊണ്ടുപൊയതായും 129 പേർ ഇപ്പോഴും ഗാസയിലാണെന്നും റിപ്പോർട്ട് പറയുന്നു.
ഗാസയില്‍ പിന്നീട് ഇസ്രയേല്‍ സമാനതകളില്ലാത്ത ആക്രമണമായിരുന്നു നടത്തിയത്. ഇതുവരെ 20,424 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. ഹമാസ് നേതൃത്വം നല്‍കുന്ന ആരോഗ്യ മന്ത്രാലായത്തിന്റേതാണ് കണക്കുകള്‍.
സാധാരണക്കാർക്കെതിരായ ആക്രമണത്തെ നേരെത്തെയും മാർപാപ്പ അപലപിച്ചിരുന്നു. ഗാസയില്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ യേശു പിറന്നെന്ന് കരുതപ്പെടുന്ന ബത്ലഹേമില്‍ ഞായറാഴ്ച ആഘോഷങ്ങളൊന്നുമില്ലായിരുന്നു. ഇത്തവണ നഗരം ഏറെക്കുറെ വിജനമായാണ് തുടരുന്നത്.