കാപിറ്റോൾ കലാപം; ട്രംപിനെതിരെ കുറ്റം ചുമത്താൻ അന്വേഷണ സമിതി
കാപിറ്റോൾ കലാപത്തിന്റെ പേരിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്താനൊരുങ്ങി അമേരിക്കൻ കോൺഗ്രസ് നിയോഗിച്ച അന്വേഷണ സമിതി. ഇതുസംബന്ധിച്ച് കോൺഗ്രസ് ഉപസമിതി അടുത്തയാഴ്ച അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം. ഔദ്യോഗിക കൃത്യനിർവഹണം തടയൽ, കലാപം, രാജ്യത്തെ വഞ്ചിക്കാൻ ശ്രമം എന്നീ മൂന്ന് കുറ്റങ്ങൾ ചുമത്താനാണ് നീക്കം. 2021 ജനുവരി ആറാം തീയതിയാണ് ജോ ബൈഡൻ പ്രസിഡന്റാവുന്നത് തടയാൻ ട്രംപ് അനുകൂലികൾ കാപിറ്റോൾ ബിൽഡിങിലേക്ക് ഇരച്ചുകയറി അക്രമം നടത്തിയത്. സംഭവത്തിൽ ട്രംപിന്റെ പങ്കിനെക്കുറിച്ച് നീതിന്യായ വകുപ്പ് നേരത്തെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒൻപത് പാനലിസ്റ്റുകളുടെ നേതൃത്വത്തിൽ ആയിരത്തിലധികം സാക്ഷികളിൽ നിന്ന് മൊഴിയെടുത്താണ് എട്ട് അധ്യായങ്ങളുള്ള റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തിങ്കളാഴ്ച ചേരുന്ന പൊതുയോഗത്തിൽ സമിതി അംഗീകരിച്ച റിപ്പോർട്ട് നീതിന്യായ വകുപ്പിന് സമർപ്പിക്കും. ക്രിമിനൽ കുറ്റം ചുമത്തുന്നത് സംബന്ധിച്ച് കമ്മിറ്റി അംഗങ്ങൾ യോഗത്തിൽ വോട്ട് ചെയ്യും. നൂറ് കണക്കിന് ആളുകളാണ് കാപിറ്റോൾ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. എന്നാൽ ആക്രമണത്തിൽ തനിക്ക് പങ്കില്ലെന്നാണ് ട്രംപിന്റെ വാദം.
കാപിറ്റോൾ ആക്രമണത്തിന് ശേഷം കലാപത്തിന് പ്രേരണ നൽകിയതിന് ട്രംപിനെ ഡെമോക്രാറ്റിക് ഭൂരിപക്ഷ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തെങ്കിലും സെനറ്റ് കുറ്റവിമുക്തനാക്കി. രണ്ട് തവണ ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആദ്യത്തെ അമേരിക്കന്‍ പ്രസിഡന്റും പ്രസിഡന്റ് പദവിയില്‍നിന്ന് വിട്ടശേഷം ഇംപീച്ച്‌മെന്റ് നടപടി നേരിടുന്ന ആദ്യത്തെ പ്രസിഡന്റുമാണ് ട്രംപ്.